ദുബായ്, 2025 ഫെബ്രുവരി 13 (WAM) --ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) 2024-ൽ ലോകത്തിലെ ഏറ്റവും കുറഞ്ഞ കസ്റ്റമർ മിനിറ്റ്സ് ലോസ്‌റ്റ് (സിഎംഎൽ) രേഖപ്പെടുത്തി. ദേവയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ 0.94 മിനിറ്റ് എന്ന നേട്ടം പ്രഖ്യാപിച്ചു. 2023-ലെ 1.06 മിനിറ്റ് എന്ന മുൻ റെക്കോർഡ് മറികടന്നാണ് ഇത്. യൂറോപ്യൻ യൂണിയനിലെ പ്രമുഖ യൂറ്റിലിറ്റി കമ്പനികളുടെ ശരാശരി 15 മിനിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ കുറവാണ്.
ഈ നേട്ടം ദുബായുടെ ഭാവിയെ ഉന്നതതലത്തിലെത്തിക്കാൻ പ്രേരിപ്പിക്കുന്ന ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദീർഘദർശിയായ കാഴ്ചപ്പാടിന്റെ ഭാഗമാണെന്ന് അൽ തായർ പറഞ്ഞു. "സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ വഴി ദുബൈയിലെ വൈദ്യുതി, വെള്ള സേവനങ്ങളെ കൂടുതൽ വിശ്വാസ്യതയുള്ളതാക്കാനാണ് ഞങ്ങളുടെ ശ്രമം. ഇത് ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനും ദുബായ് എക്കണോമിക് അജണ്ട (ഡി33) യും പിന്തുണയ്ക്കുന്ന നേട്ടങ്ങളിലൊന്നാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
2012-ൽ 6.88 മിനിറ്റായിരുന്ന സിഎംഎൽ 2024-ൽ 0.94 മിനിറ്റായി കുറച്ചത് ദേവയുടെ വ്യവസായിക നവീകരണ സാധ്യതകൾ പ്രകടിപ്പിക്കുന്നു. 2035 വരെ 7 ബില്യൺ ദിർഹം മുതൽമുടക്കുള്ള സ്മാർട്ട് ഗ്രിഡ് പദ്ധതിയാണ് ഇതിന് പിന്നിലെ പ്രധാന ഘടകം. വൈദ്യുതി സംപ്രേഷണം, വിതരണ കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതിനും നഷ്ടം കുറയ്ക്കുന്നതിനും ഇതിൽ പുതിയ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്മാർട്ട് ഗ്രിഡിന്റെ ഭാഗമായി ആരംഭിച്ച ഓട്ടോമാറ്റിക് സ്മാർട്ട് ഗ്രിഡ് റിസ്റ്റോറേഷൻ സിസ്റ്റം, മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക മേഖലയിൽ ആദ്യമായിട്ടാണ് നടപ്പിലാക്കുന്നത്. 24 മണിക്കൂറും മനുഷ്യ ഇടപെടലില്ലാതെ പ്രവർത്തിക്കുന്ന ഈ സ്മാർട്ട് സംവിധാനത്തിൽ വൈദ്യുതി തകരാറുകൾ കണ്ടെത്തി സ്വയം പരിഹരിച്ച് ബന്ധം പുനഃസ്ഥാപിക്കുന്ന സാങ്കേതിക വിദ്യയാണുള്ളത്. ഇതിലൂടെ ഗ്രിഡ് ഓട്ടോമേഷൻ കൂടുതൽ കാര്യക്ഷമമാകുകയും വൈദ്യുതി തടസ്സങ്ങൾ കുറയുകയും ചെയ്യുന്നു.
ദേവയുടെ വൈദ്യുതി നവീകരണ രംഗത്തെ മഹത്തായ നേട്ടങ്ങൾ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടു. ‘ഇന്നൊവേറ്റീവ് പവർ ടെക്നോളജി ഓഫ് ദി ഇയർ, ‘സ്മാർട്ട് ഗ്രിഡ് പ്രോജക്ട് ഓഫ് ദി ഇയർ തുടങ്ങി 2024-ൽ സിംഗപ്പൂരിൽ നടന്ന ഏഷ്യൻ പവർ അവാർഡ്സിൽ ദേവ രണ്ട് പ്രശസ്ത അവാർഡുകൾ കരസ്ഥമാക്കി.