അബുദാബി, 2025 ഫെബ്രുവരി 15 (WAM) --യുഎഇ, എത്യോപ്യ, ആഫ്രിക്കൻ യൂണിയൻ, ഇന്റർഗവൺമെന്റൽ അതോറിറ്റി ഓൺ ഡെവലപ്‌മെന്റ് (ഐജിഎഡി) എന്നിവ 2025 ഫെബ്രുവരി 14 ന് എത്യോപ്യയിലെ അഡിസ് അബാബയിൽ 'സുഡാനിലെ ജനങ്ങൾക്കായി ഉന്നതതല മാനുഷിക സമ്മേളനം' സംഘടിപ്പിച്ചു.
സുഡാന്റെ വിനാശകരമായ മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രാദേശികവും ആഗോളവുമായ പിന്തുണ സമാഹരിക്കുക, റമദാൻ മാസത്തിൽ മാനുഷിക വെടിനിർത്തലിനായി ശക്തമായ ഏകീകൃത ആഹ്വാനം നൽകുക എന്നിവയാണ് സമ്മേളനം ലക്ഷ്യമിടുന്നത്. ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുള്ള പ്രതിബദ്ധതകൾ പുതുക്കാൻ സമ്മേളനം വിവിധ രാജ്യങ്ങളെയും അന്താരാഷ്ട്ര സംഘടനകളെയും വിളിച്ചുകൂട്ടി.
അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്നതിലും, വികസനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള സഹോദര സുഡാൻ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന രീതിയിൽ അടിയന്തര ദുരിതാശ്വാസ സഹായം നൽകുന്നതിലൂടെ ഗുരുതരമായ മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതിലും യുഎഇയുടെ ഉറച്ച നിലപാട് യുഎഇ സഹമന്ത്രി ശൈഖ് ഷഖ്ബൂത്ത് ബിൻ നഹ്യാൻ ആവർത്തിച്ചു. ലോകമെമ്പാടുമുള്ള ആവശ്യക്കാർക്ക് മാനുഷിക സഹായം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു.
സുഡാനുമായുള്ള എത്യോപ്യയുടെ ഐക്യദാർഢ്യവും സമാധാനത്തിനും സ്ഥിരതയ്ക്കും നൽകുന്ന പിന്തുണയും എത്യോപ്യൻ പ്രധാനമന്ത്രി ഡോ. അബി അഹമ്മദ് അലി, വ്യക്തമാക്കി.സംഘർഷത്തിന്റെ ആഴത്തിൽ വേരൂന്നിയ കാരണങ്ങൾ പരിഹരിക്കുന്നതിന് സ്ഥിരമായ ഒരു വെടിനിർത്തലിന്റെയും എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു രാഷ്ട്രീയ സംഭാഷണത്തിന്റെയും ആവശ്യകത ആഫ്രിക്കൻ യൂണിയൻ കമ്മീഷൻ ചെയർപേഴ്‌സൺ മൂസ ഫാക്കി മഹാമത്ത്, ഊന്നിപ്പറഞ്ഞു.