നികുതി വെട്ടിപ്പിനിരക്ക് കനക്കുന്നു; എഫ്‌ടി‌എ പരിശോധനാ സന്ദർശനങ്ങൾ വർദ്ധിപ്പിച്ചു

അബുദാബി, 2025 ഫെബ്രുവരി 19 (WAM) -- – ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കാനും നികുതി നിയമങ്ങൾ പാലിക്കുന്നതിൽ കൂടുതൽ കാര്യക്ഷമത ഉറപ്പാക്കാനുമായി ഫെഡറൽ നികുതി അതോറിറ്റി (എഫ്ടിഎ) 2024-ൽ നിരീക്ഷണ നടപടികൾ കർശനമാക്കി. 7 എമിറേറ്റുകളിലായി 93,000 ഫീൽഡ് പരിശോധനാ സന്ദർശനങ്ങൾ നടത്തി. 2023-ലെ 40,000 പരിശോധനകളെ അപേക്ഷിച്ച് 135.22% വർദ്ധനയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.

എഫ്ടിഎ പുറത്തിറക്കിയ പുതിയ വിവരപ്രകാരം, 2024-ലെ പരിശോധനാ ക്യാമ്പെയിനുകൾ 1.1 കോടി ഡിജിറ്റൽ നികുതി മുദ്രയില്ലാത്ത അനുമതിയില്ലാത്ത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കാൻ ഇടയാക്കി. കൂടാതെ, 39 ലക്ഷം എക്സൈസ് ഉൽപ്പന്നങ്ങളും പിടികൂടിയിട്ടുണ്ട്. ഇതിൽ സോഫ്റ്റ് ഡ്രിങ്കുകൾ, എനർജി ഡ്രിങ്കുകൾ, മധുരം ചേർത്ത പാനീയങ്ങൾ ഉൾപ്പെടുന്നു.

2024-ൽ പരിശോധനാ സന്ദർശനങ്ങളിൽ പിടിച്ചെടുത്ത നികുതി കുടിശ്ശികയുടെയും പിഴയുടെയും ആകെ മൂല്യം 348 കോടി ദിർഹം കവിഞ്ഞു. അനധികൃതമായ നികുതി ചട്ടലംഘനങ്ങൾ കർശനമായി നേരിടാൻ നിയന്ത്രണ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

"നികുതി ചട്ടങ്ങൾ പാലിക്കുന്നതിൽ ശക്തമായ നടപടികളാണ് എഫ്ടിഎ കൈക്കൊള്ളുന്നത്. ഉപഭോക്താക്കൾക്ക് ദോഷകരമായ വ്യാജ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതിനാൽ തന്നെ, നികുതി ബോധവൽക്കരണവും നിയമ ലംഘനങ്ങളെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളും ശക്തിപ്പെടുത്തും," ഫെഡറൽ നികുതി അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ഖാലിദ് അലി അൽ ബുസ്താനി പറഞ്ഞു.

"പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ഉപയോഗം നികുതി നിയമങ്ങൾ പാലിക്കപ്പെടുന്നതിന് സഹായകരമാണ്. വ്യാജ ഉൽപ്പന്നങ്ങൾ കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനുമായി ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതോടൊപ്പം, സർക്കാർ-സ്വകാര്യ മേഖലാ സഹകരണവും വിപണിയിലെ നിയന്ത്രണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

ആറ് വർഷങ്ങൾക്ക് മുമ്പ് എഫ്‌ടി‌എ അവതരിപ്പിച്ച 'ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ്' നികുതി വെട്ടിപ്പ് തടയുന്നതിനുള്ള ഫലപ്രദമായ പരിഹാരമാണെന്നും കസ്റ്റംസ് തുറമുഖങ്ങളിലും വിപണികളിലും പരിശോധനയ്ക്കും നിയന്ത്രണ പ്രവർത്തനങ്ങൾക്കും സൗകര്യമൊരുക്കുന്നുവെന്നും അൽ ബുസ്താനി വിശദീകരിച്ചു. അതേസമയം, നികുതി ആവശ്യകതകൾ പാലിക്കാത്ത ഉൽപ്പന്നങ്ങളുടെ വിൽപ്പന ഇത് തടയുന്നു. ഡിജിറ്റൽ സ്റ്റാമ്പുകൾ എന്നറിയപ്പെടുന്ന ഈ സ്റ്റാമ്പുകൾ പുകയില ഉൽപ്പന്ന പാക്കേജുകളിൽ സ്ഥാപിക്കുകയും എഫ്‌ടി‌എയുടെ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നു. ഓരോ സ്റ്റാമ്പിലും ഇലക്ട്രോണിക് ആയി രജിസ്റ്റർ ചെയ്ത വിവരങ്ങൾ അടങ്ങിയിരിക്കുന്നു, ഈ ഉൽപ്പന്നങ്ങളുടെ നികുതി അടയ്ക്കൽ സ്ഥിരീകരിക്കുന്ന ഒരു പ്രത്യേക ഉപകരണം ഉപയോഗിച്ച് വായിക്കാൻ കഴിയും.

അനധികൃത നികുതി ചട്ടലംഘനങ്ങൾ തടയാനും വിപണിയെ കൂടുതൽ സുതാര്യമാക്കാനും വരും വർഷങ്ങളിലും ശക്തമായ നടപടികൾ തുടരുമെന്ന് എഫ്ടിഎ അറിയിച്ചു.