അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 14,000 ഏകദിന റൺസ് തികയ്ക്കുന്ന ബാറ്റ്സ്മാൻ എന്ന റെക്കോർഡ് വിരാട് കോഹ്‌ലിക്ക് സ്വന്തം

ദുബായ്, 2025 ഫെബ്രുവരി 23 (WAM) -- ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 14,000 റൺസ് നേടുന്ന ബാറ്റ്‌സ്മാനായി വിരാട് കോഹ്‌ലി മാറി. സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് 287 ഇന്നിംഗ്‌സുകളിൽ നിന്ന് 14000 റൺസ് നേടി കോഹ്‌ലി തകർത്തത്. ഇന്നലെ ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഐസിസി ട്രോഫി മത്സരത്തിനിടെയാണ് ഈ റെക്കോർഡ് പിറന്നത്. സച്ചിനും ശ്രീലങ്കയുടെ കുമാർ സംഗക്കാരയ്ക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്നാമത്തെ ബാറ്റ്‌സ്മാനാണ് കോഹ്‌ലി.

ലോകത്തിലെ എക്കാലത്തെയും മികച്ച ഏകദിന കളിക്കാരിൽ ഒരാളായ കോഹ്‌ലി, സച്ചിന്റെ പല റെക്കോർഡുകളും മുന്നേ തകർത്തിട്ടുണ്ട്. 2008 ൽ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച കോഹ്‌ലി 2010 ൽ ഇന്ത്യയുടെ പ്ലെയിംഗ് ഇലവനിൽ സ്ഥിരമായി ഇടം നേടി. 2006 ൽ സച്ചിൻ 14,000 റൺസ് പൂർത്തിയാക്കി. 19 വർഷത്തിനുശേഷമാണ് കോഹ്‌ലി എലൈറ്റ് പട്ടികയിൽ സച്ചിനെ മറികടന്നത്.