അബൂദബിയിൽ ബ്രിഡ്ജ് സമ്മിറ്റ് 2025: ആഗോള മാധ്യമ ഭാവിയെ രൂപപ്പെടുത്താൻ ഉച്ചകോടി

ദുബായ്,11 മാർച്ച് 2025 (WAM) -- 2025 ഡിസംബർ 8 മുതൽ 10 വരെ അബൂദബിയിൽ ആരംഭിക്കുന്ന ബ്രിഡ്ജ് സമ്മിറ്റ് പ്രഖ്യാപിച്ച് ദേശീയ മാധ്യമ ഓഫീസ്. വാഷിംഗ്ടൺ ഡി.സിയിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ഈ ആഗോള മാധ്യമമേളയുടെ പ്രഖ്യാപനം നടന്നത്.

മാധ്യമങ്ങളുടെ ഭാവി പര്യവേക്ഷണം ചെയ്യുക, ഈ മേഖലയിലെ പരിവർത്തനത്തിന് നേതൃത്വം നൽകുക, മാധ്യമ പ്രൊഫഷണലുകളെ ശാക്തീകരിക്കുകയും ഉത്തരവാദിത്തമുള്ള ഡിജിറ്റൽ യുഗത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു ചലനാത്മകവും ഉൾക്കൊള്ളുന്നതുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിച്ച് ആഗോള സമ്പദ്‌വ്യവസ്ഥയിൽ മാധ്യമങ്ങളുടെ സംഭാവന വർദ്ധിപ്പിക്കാൻ സമ്മേളനം ലക്ഷ്യമിടുന്നു.

പ്രഖ്യാപന ചടങ്ങിൽ നാഷണൽ മീഡിയ ഓഫീസ് ചെയർമാനും യുഎഇ മീഡിയ കൗൺസിൽ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെയും അദ്ധ്യക്ഷനുമായ അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ ബുട്ടി അൽ ഹാമിദ്, യുഎഇ അമേരിക്കൻ അംബാസിഡർ യൂസഫ് അൽ ഒതൈബ, നാഷണൽ മീഡിയ ഓഫീസ് ഡയറക്ടർ ജനറൽ ഡോ. ജമാൽ മുഹമ്മദ് ഒബൈദ് അൽ കാഅബി, റിച്ചാർഡ് അറ്റിയാസ് ആൻഡ് അസോസിയേറ്റ്സ് സ്ഥാപകനും സിഇഒയുമായ റിച്ചാർഡ് അറ്റിയാസ് എന്നിവർ പങ്കെടുത്തു.

ആഗോള മാധ്യമ വ്യവസായത്തിന്റെ പുരോഗതിക്ക് സംഭാവന നൽകിക്കൊണ്ട് തന്ത്രപരമായ പങ്കാളിത്തങ്ങൾ സ്ഥാപിക്കുക, മാധ്യമ സഹകരണം വളർത്തുക, വൈദഗ്ധ്യത്തിന്റെയും അനുഭവങ്ങളുടെയും കൈമാറ്റം പ്രോത്സാഹിപ്പിക്കുക എന്നിവയ്ക്കുള്ള യുഎഇയുടെ ദർശനത്തെ ഈ സംരംഭം പ്രതിഫലിപ്പിക്കുന്നു.

മാധ്യമ മേഖലയിലെ സമഗ്രമായ പുരോഗതിക്ക് അടിത്തറയിട്ടുകൊണ്ട് ബ്രിഡ്ജ് ഫൗണ്ടേഷൻ എന്ന ഒരു ലാഭരഹിത സ്ഥാപനം ആരംഭിച്ചുവെന്ന് ചെയർപേഴ്സൺ അബ്ദുല്ല അൽ ഹാമിദ് പ്രഖ്യാപിച്ചു. യുവ മാധ്യമപ്രവർത്തകരെയും സാങ്കേതികവിദ്യകളെയും പ്രോത്സാഹിപ്പിക്കാനും, ഉത്തരവാദിത്തമുള്ള മാധ്യമപ്രവർത്തനത്തിന് പിന്തുണ നൽകുന്നതിനും ഇത് വഴിയൊരുക്കും.

പ്രത്യേക പരിശീലന പരിപാടികൾ, ഗവേഷണ സഹായങ്ങൾ, സ്റ്റാർട്ടപ്പുകൾക്ക് ഫണ്ടിംഗും അന്താരാഷ്ട്ര സഹകരണത്തിനും അവസരങ്ങൾ ഒരുക്കലും ഉൾപ്പെടുത്തുന്നതാണ് ഈ സംരംഭം.

"ആധുനിക മാധ്യമ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനായി നേതാക്കൾ, തീരുമാനമെടുക്കുന്നവർ, മാധ്യമ പ്രൊഫഷണലുകൾ എന്നിവരുടെ ആഗോള ഒത്തുചേരലാണ് ബ്രിഡ്ജ് ഉച്ചകോടി. ഉത്തരവാദിത്തമുള്ള പത്രപ്രവർത്തനം ഉയർത്തിപ്പിടിക്കുകയും മാധ്യമങ്ങളിലും സാങ്കേതികവിദ്യയിലും പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. വെല്ലുവിളികളെ നേരിടുക, പ്രായോഗിക പരിഹാരങ്ങൾ അവതരിപ്പിക്കുക, സാമ്പത്തിക അവസരങ്ങൾ വളർത്തുക എന്നിവയാണ് ഉച്ചകോടിയുടെ ലക്ഷ്യം. സഹകരണം, സാങ്കേതികവിദ്യ, സുസ്ഥിരത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തനത്തിനും പരിവർത്തനത്തിനുമുള്ള ഒരു പാതയായാണ് നാഷണൽ മീഡിയ ഓഫീസ് ബ്രിഡ്ജ് ഉച്ചകോടിയെ വീക്ഷിക്കുന്നത്," നാഷണൽ മീഡിയ ഓഫീസ് ഡയറക്ടർ ജനറൽ ഡോ. ജമാൽ അൽ കാബി അഭിപ്രായപ്പെട്ടു.