യുഎഇയും ടുണീഷ്യയും സിഇപിഎ ചർച്ചകൾ ആരംഭിച്ചു

അബുദാബി, 19 മാർച്ച് 2025 (WAM) -- യുഎഇയും ടുണീഷ്യയും തമ്മിലുള്ള വ്യാപാര-നിക്ഷേപ ബന്ധം ശക്തിപ്പെടുത്തുന്നതിനായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള (സിഇപിഎ) ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചതായി യുഎഇ വിദേശവ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയും ടുണീഷ്യയുടെ വ്യാപാര, കയറ്റുമതി വികസന മന്ത്രി സമീർ ഒബൈദും അറിയിച്ചു.

താരിഫ് തടസ്സങ്ങൾ കുറയ്ക്കുകയും വിപണി പ്രവേശനം മെച്ചപ്പെടുത്തുകയും നിക്ഷേപ മാർഗങ്ങൾ സ്ഥാപിക്കുകയും ചെയ്യുകവഴി ഇരുരാജ്യങ്ങൾ തമ്മിലുള്ള വ്യാപാര-നിക്ഷേപ പ്രവാഹങ്ങൾ വർധിപ്പിക്കുകയാണ് കരാറിന്റെ ലക്ഷ്യം. നിലവിൽ, ജിസിസി മേഖലയിലെ ടുണീഷ്യയുടെ മുൻനിര വ്യാപാര പങ്കാളിയായി യുഎഇ തുടരുന്നു. 2024-ൽ ഇരു രാജ്യങ്ങളുടെയും എണ്ണേതര വ്യാപാരം ഏകദേശം 350 മില്യൺ ഡോളറായി, 2023 നെ അപേക്ഷിച്ച് 7.7 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

പൊതു, സ്വകാര്യ മേഖലകളിലെ സഹകരണവും നിക്ഷേപ സാധ്യതകളും വർധിപ്പിക്കാൻ സിഇപിഎ ശക്തമായ ചട്ടക്കൂടായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഉഭയകക്ഷി പ്രഖ്യാപനത്തിൽ അറിയിച്ചു. സാമ്പത്തിക സംയോജനം ലക്ഷ്യമിട്ടുള്ള ചർച്ചകൾ ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങൾ നിറവേറ്റുന്നതിനും വിവിധ മേഖലകളിൽ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമായി പുതിയ വാതിലുകൾ തുറക്കുമെന്ന് ടുണീഷ്യൻ മന്ത്രി സമീർ ഒബൈദ് പറഞ്ഞു.

സന്തുലിതവും നീതിയുക്തവുമായ കരാർ ലക്ഷ്യമിട്ട് പ്രത്യേക അധ്യായങ്ങളും വ്യവസ്ഥകളും കരാർ ചർച്ച ചെയ്യും. കൃഷി, ഉൽപ്പാദനം, പുനരുപയോഗ ഊർജം തുടങ്ങി പ്രധാന മേഖലകളിൽ ശക്തമായ കയറ്റുമതി ശേഷിയുള്ള ടുണീഷ്യയിൽ ഗണ്യമായ നിക്ഷേപ സാധ്യതകൾ നിക്ഷേപ അവസരങ്ങൾ തുറക്കാനുള്ള കഴിവ് സിഇപിഎയ്ക്കുണ്ട്. ടുണീഷ്യയുമായുള്ള ചർച്ചകൾ യുഎഇയുടെ സമ്പദ് വ്യവസ്ഥയുടെ വലിപ്പം ഇരട്ടിയാക്കാനും ആഗോള വ്യാപാരത്തിൽ പങ്ക് വർധിപ്പിക്കാനുമുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നും മന്ത്രി ഡോ. അൽ സെയൂദി വ്യക്തമാക്കി.