അബുദാബി, 2025 മാർച്ച് 20 (WAM) --സമ്മാനം നൽകാനെന്ന വ്യാജേന ഉപയോക്താക്കളെ കബളിപ്പിച്ച് വ്യക്തിഗത, ബാങ്കിംഗ് വിവരങ്ങൾ പങ്കിടാൻ പ്രേരിപ്പിക്കുന്ന വ്യാജ റമദാൻ മത്സരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനെതിരെ അബുദാബി പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
നിയമാനുസൃത സംഘടനകളെ അനുകരിക്കുന്ന വ്യാജ ചാരിറ്റി ലിങ്കുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനെതിരെയും പോലീസ് മുന്നറിയിപ്പ് നൽകി.
തട്ടിപ്പുകാർ ഇരകളെ സമ്മാനങ്ങൾ നേടിയെന്ന് വിശ്വസിപ്പിച്ച് പ്രതിഫലം പ്രോസസ്സ് ചെയ്യുന്നതിന് പണമടയ്ക്കലോ വ്യക്തിഗത വിവരങ്ങളോ ആവശ്യപ്പെടുന്നുണ്ടെന്ന് അബുദാബി പോലീസിന്റെ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് സുഹൈൽ അൽ റാഷിദി വിശദീകരിച്ചു.
അത്തരം മത്സരങ്ങളുടെ ആധികാരികത പരിശോധിക്കാനും രഹസ്യ ഡാറ്റ പങ്കിടുന്നത് ഒഴിവാക്കാനും സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാനും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഓൺലൈൻ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കേണ്ടതിന്റെയും സൈബർ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
അംഗീകൃത സംഘടനകളിലൂടെയും നിയമപരമായ മാർഗങ്ങളിലൂടെയും മാത്രം സംഭാവന നൽകാൻ ജനങ്ങളോട് മേജർ ജനറൽ അൽ റാഷ്ദി അഭ്യർത്ഥിച്ചു. സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 800 2626 എന്ന നമ്പറിൽ അബുദാബി പോലീസ് ഹോട്ട്‌ലൈൻ വഴിയോ 2828 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കുകയോ www.aman.gov.ae വഴിയോ റിപ്പോർട്ട് ചെയ്യാവുന്നതാണ്.