ഈദ് അവധിക്കാലത്ത് തൊഴിലാളികൾക്കായി വിനോദ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി മാനവ വിഭവശേഷി മന്ത്രാലയം

അബുദാബി, 2025 മാർച്ച് 26 (WAM)-- യുഎഇയിലെ 10 വ്യത്യസ്ത സ്ഥലങ്ങളിൽ "നമ്മുടെ തൊഴിലാളികൾ, നമ്മുടെ ബിസിനസിന്റെ സ്പന്ദനം" എന്ന മുദ്രാവാക്യത്തിന് കീഴിൽ ഈദ് അൽ ഫിത്തർ അവധിക്കാലത്ത് തൊഴിലാളികൾക്കായി സാമൂഹികവും വിനോദപരവുമായ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുക്കയാണ് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം.

ആഭ്യന്തര മന്ത്രാലയം, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട്സ് സെക്യൂരിറ്റി, അബുദാബി പോലീസിന്റെ ജനറൽ കമാൻഡുകൾ, ദുബായ് പോലീസ്, ഷാർജ പോലീസ്, രാജ്യത്തുടനീളമുള്ള മുനിസിപ്പാലിറ്റികൾ എന്നിവയുൾപ്പെടെ മന്ത്രാലയത്തിന്റെ പങ്കാളികളുമായി സഹകരിച്ചാണ് പരിപാടികൾ നടക്കുന്നത്.

അബുദാബി പോർട്ട്സ് ഗ്രൂപ്പ്; ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്, അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി, ദുബായ് സിവിൽ ഡിഫൻസ്, ദുബായ് എമിറേറ്റിലെ പെർമനന്റ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്‌സ്, ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ), ഷാർജയിലെ ലേബർ സ്റ്റാൻഡേർഡ്‌സ് ഡെവലപ്‌മെന്റ് അതോറിറ്റി, നാഷണൽ ആംബുലൻസ്, ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസ്, റാസൽ ഖൈമ ഇക്കണോമിക് സോൺ എന്നിവയിലും ഇവന്റുകൾ നടക്കുമെന്ന് അധികൃതർ അറിയിച്ചു.

രാജ്യത്തിന്റെ സുസ്ഥിര വികസനത്തിൽ തൊഴിലാളികൾക്കുള്ള സുപ്രധാന പങ്ക് എടുത്തുകാണിക്കുന്നതിനിടയിൽ, അവരുടെ സന്തോഷം, ജീവിത നിലവാരം, ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിനുള്ള ദർശനത്തിന് അനുസൃതമായി, എല്ലാ ദേശീയ ആഘോഷങ്ങളിലും, പരിപാടികളിലും, അവധി ദിവസങ്ങളിലും തൊഴിലാളികളെ ഉൾപ്പെടുത്തുന്നതിനുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമാണ് ആഘോഷ പരിപാടികൾ.

വിനോദ പ്രവർത്തനങ്ങൾ, മത്സരങ്ങൾ, ഓരോ പരിപാടി സ്ഥലത്തും തൊഴിലാളികൾക്ക് നൽകുന്ന സമ്മാനങ്ങൾ എന്നിവ പരിപാടിയിൽ ഉൾപ്പെടുന്നു.