ഗ്ലോബൽ എന്റർപ്രണർഷിപ്പ് മോണിറ്റർ റിപ്പോർട്ടിൽ യുഎഇ നാലാം വർഷവും ആഗോളതലത്തിൽ ഒന്നാം സ്ഥാനത്ത്

അബുദാബി, ഏപ്രിൽ 2025 (WAM) --ഗ്ലോബൽ എന്റർപ്രണർഷിപ്പ് മോണിറ്റർ 2024/2025 റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യുഎഇ തുടർച്ചയായി നാലാം വർഷവും ആഗോളതലത്തിൽ സംരംഭകത്വത്തിന് ഏറ്റവും അനുയോജ്യമായ രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടു. 56 സമ്പദ്‌വ്യവസ്ഥകൾ ഉൾപ്പെട്ട ഈ ആഗോള വിലയിരുത്തലിൽ, സംരംഭകത്വവും ചെറുകിട-ഇടത്തരം സംരംഭങ്ങളും വളരാൻ ഏറ്റവും മികച്ച സാഹചര്യം പ്രധാനം ചെയ്യുന്ന രാജ്യം യുഎഇയാണെന്ന് റിപ്പോർട്ട് സ്ഥിരീകരിക്കുന്നു.

സംരംഭക പരിസ്ഥിതിയെ പിന്തുണയ്ക്കുന്ന സ്ഥാപന ചട്ടക്കൂടുകളുടെ വിദഗ്ദ്ധ വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയുള്ള 13 പ്രധാന സൂചകങ്ങളിൽ 11 എണ്ണത്തിലും ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ യുഎഇ ഒന്നാം സ്ഥാനം നേടി.സംരംഭക ധനസഹായം, ധനസഹായത്തിലേക്കുള്ള എളുപ്പത്തിലുള്ള പ്രവേശനം, സംരംഭകത്വത്തെ പിന്തുണയ്ക്കുന്ന സർക്കാർ നയങ്ങൾ, സർക്കാർ സംരംഭകത്വ പരിപാടികൾ, സ്കൂൾ, പോസ്റ്റ്-സ്കൂൾ തലങ്ങളിലെ സംരംഭകത്വ വിദ്യാഭ്യാസം, ഗവേഷണ വികസന കൈമാറ്റം, വാണിജ്യ, പ്രൊഫഷണൽ അടിസ്ഥാന സൗകര്യങ്ങൾ, നിയന്ത്രണ ബാധ്യതകളുടെ കാര്യത്തിൽ വിപണി പ്രവേശനത്തിന്റെ എളുപ്പം , സംരംഭകത്വവുമായി ബന്ധപ്പെട്ട സാമൂഹിക, സാംസ്കാരിക മാനദണ്ഡങ്ങൾ എന്നിവയായിരുന്നു മികവിന്റെ പ്രധാന മേഖലകൾ.

സംയോജിത സംരംഭകത്വവും എസ്എംഇ ആവാസവ്യവസ്ഥയും കെട്ടിപ്പടുക്കുന്നതിനുള്ള യുഎഇയുടെ ഭാവി കാഴ്ചപ്പാടിന്റെ ഫലങ്ങളാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതെന്ന് സംരംഭകത്വ സഹമന്ത്രി ആലിയ ബിൻത് അബ്ദുല്ല അൽ മസ്രൂയി പറഞ്ഞു.

സംരംഭകത്വത്തിനുള്ള ഏറ്റവും മികച്ച അന്തരീക്ഷമായും ആഗോളതലത്തിൽ സ്റ്റാർട്ടപ്പുകളുടെ മുൻനിര ലക്ഷ്യസ്ഥാനമായും യുഎഇയുടെ തുടർച്ചയായ അംഗീകാരം രാജ്യത്തിന്റെ പ്രാദേശിക, അന്തർദേശീയ പുരോഗതിയെ പ്രതിനിധീകരിക്കുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.

"ഞങ്ങൾ യുഎഇ 2031" എന്ന ദർശനത്തിന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, ആഗോളതലത്തിൽ മികച്ച രീതികളുമായി പൊരുത്തപ്പെടുന്ന ആകർഷകവും സ്വാധീനം ചെലുത്തുന്നതുമായ ഒരു സംരംഭകത്വ അന്തരീക്ഷം നൽകുന്നതിനും, വികസിത, ഡിജിറ്റൽ സാമ്പത്തിക മേഖലകളിൽ സ്റ്റാർട്ടപ്പുകൾക്ക് വളർച്ച കൈവരിക്കുന്നതിനും, അടുത്ത ദശകത്തോടെ പുതിയ സമ്പദ്‌വ്യവസ്ഥയ്ക്കുള്ള ഒരു ആഗോള കേന്ദ്രമായി രാജ്യത്തെ സ്ഥാനപ്പെടുത്തുന്നതിന് പിന്തുണയ്ക്കുന്ന ധനസഹായ സംരംഭങ്ങളും പരിഹാരങ്ങളും വാഗ്ദാനം ചെയ്യുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധത റിപ്പോർട്ട് എടുത്തുകാണിക്കുന്നു.

ജനസംഖ്യയിൽ ഉയർന്ന അവബോധവും അഭിലാഷവുമാണ് യുഎഇയുടെ സംരംഭക സംസ്കാരം, ഏകദേശം 67% മുതിർന്നവരും ഒരു സംരംഭകനെ അറിയുകയോ ഒരു ബിസിനസ്സ് ആരംഭിക്കുന്നതിന് ആവശ്യമായ കഴിവുകൾ ഉണ്ടെന്ന് വിശ്വസിക്കുകയോ ചെയ്യുന്നു. കൂടാതെ, പുതിയ സംരംഭകരിൽ 78% പേരും ലാഭത്തേക്കാൾ സാമൂഹികവും പാരിസ്ഥിതികവുമായ ആഘാതത്തിന് മുൻഗണന നൽകുന്നു, കൂടാതെ പ്രാരംഭ ഘട്ട സംരംഭകരിൽ 75% പേരും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അവരുടെ ടീമുകളെ വികസിപ്പിക്കാനും കുറഞ്ഞത് ആറ് പേരെ നിയമിക്കാനും പദ്ധതിയിടുന്നതായി റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു.