ഗൾഫ്-യുഎസ് ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎഇ രാഷ്ട്രപതിക്ക് സൗദി രാജാവിൽ നിന്ന് ക്ഷണം ലഭിച്ചു

അബുദാബി, 2025 മെയ് 12 (WAM) -- റിയാദിൽ നടക്കാനിരിക്കുന്ന ജിസിസി-യുഎസ് ഉച്ചകോടിയിൽ പങ്കെടുക്കാൻ സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിൽ നിന്ന് യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് രേഖാമൂലമുള്ള സന്ദേശം ലഭിച്ചു. യുഎഇയിലെ സൗദി അറേബ്യയുടെ അംബാസഡർ സുൽത്താൻ ബിൻ അബ്ദുല്ല അൽ അങ്കാരിയുമായുള്ള കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ഒമർ ഒബൈദ് അൽഷാംസിയാണ് സന്ദേശം സ്വീകരിച്ചത്.

കൂടിക്കാഴ്ചയിൽ, യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള ശക്തമായ സാഹോദര്യ ബന്ധത്തെക്കുറിച്ച് ഇരുപക്ഷവും ചർച്ച ചെയ്യുകയും അവ കൂടുതൽ വികസിപ്പിക്കാനുള്ള വഴികൾ തേടുകയും ചെയ്തു. ഇരു രാജ്യങ്ങൾക്കും അവരുടെ ജനങ്ങൾക്കും പരസ്പര താൽപ്പര്യങ്ങൾ, പുരോഗതി, സമൃദ്ധി എന്നിവ കൈവരിക്കുന്നതിന് വിവിധ മേഖലകളിലെ സംയുക്ത സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും അവർ ചർച്ച ചെയ്തു.