അബുദാബി, 2025 ജൂൺ 24 (WAM) --യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയുമായി ഫോൺ സംഭാഷണം നടത്തി.അൽ ഉദൈദ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തെത്തുടർന്ന് യുഎഇ രാഷ്‌ട്രപതി ഖത്തറിനോട് ഐക്യദാർഢ്യവും പിന്തുണയും പ്രകടിപ്പിച്ചു.
ആക്രമണത്തെ യുഎഇ അപലപിക്കുകയും ഖത്തറിന്റെ പരമാധികാരം, സുരക്ഷ, പൗരന്മാരുടെ സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിന് സ്വീകരിച്ച എല്ലാ നടപടികൾക്കും പിന്തുണ നൽകുകയും ചെയ്തു.
ഇറാനും ഇസ്രായേലും തമ്മിൽ അടുത്തിടെ പ്രഖ്യാപിച്ച വെടിനിർത്തൽ കരാറിനെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. മിഡിൽ ഈസ്റ്റിലുടനീളം സ്ഥിരത, സുരക്ഷ, സമാധാനം എന്നിവ വർദ്ധിപ്പിക്കുന്നതിനുള്ള ഒരു അടിത്തറയായി കരാർ പ്രവർത്തിക്കുമെന്ന് ശൈഖ് മുഹമ്മദ് പ്രത്യാശ പ്രകടിപ്പിച്ചു.
കരാർ സുഗമമാക്കുന്നതിൽ ഖത്തർ അമീറിന്റെ ശ്രമങ്ങളെ ശൈഖ് അൽ നഹ്യാൻ പ്രശംസിക്കുകയും തുടർച്ചയായ ഏകോപനത്തിന്റെയും സംയുക്ത പ്രവർത്തനത്തിന്റെയും ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.യുഎഇയുടെ പിന്തുണക്കും ഐക്യദാർഢ്യത്തിനും ശൈഖ് തമീം ബിൻ ഹമദ് അൽ താനി നന്ദി രേഖപ്പെടുത്തി.