പരിസ്ഥിതി സുസ്ഥിരത കൈവരിക്കുന്നതിനുള്ള ആഗോള ശ്രമങ്ങൾക്ക് രാജ്യം ഊന്നൽ നൽകും: സുഹൈൽ അൽ മസ്‌റൂയി

അബുദാബി, 25 ജനുവരി 2024 (WAM) -- പരിസ്ഥിതി സുസ്ഥിരത കൈവരിക്കുന്നതിനുള്ള ആഗോള ശ്രമങ്ങൾക്ക് രാജ്യം ഊന്നൽ നൽകുന്നതായി, ഇൻഫ്രാസ്ട്രക്ചർ മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്റൂയി പറഞ്ഞു. നൂതന തന്ത്രങ്ങളിലൂടെയും ഗണ്യമായ നിക്ഷേപങ്ങളിലൂടെയും, സുസ്ഥിര ഊർജത്തിന്റെ ആഗോള കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം ഉറപ്പിച്ചുകൊണ്ട്, ശുദ്ധ ഊർജത്തിൽ നിക്ഷേപം നടത്തുന്ന രാജ്യത്തിന്റെ മികച്ച പദ്ധതികളെ അദ്ദേഹം എടുത്തുപറഞ്ഞു.

എല്ലാ വർഷവും ജനുവരി 26-ന് ആചരിക്കുന്ന അന്താരാഷ്ട്ര ശുദ്ധ ഊർജ ദിനത്തോട് അനുബന്ധിച്ചാണ് മന്ത്രി അൽ മസ്റൂയി ഈ പ്രസ്താവന നടത്തിയത്. 2009-ൽ ഇന്റർനാഷണൽ റിന്യൂവബിൾ എനർജി ഏജൻസി (ഐറീന) സ്ഥാപിച്ചതിന്റെ സ്മരണാർത്ഥമായി ഈ ദിവസം അന്താരാഷ്ട്ര ശുദ്ധ ഊർജ ദിനമായി ആചരിക്കണമെന്ന് യുഎഇയും പനാമയും സംയുക്തമായി സമർപ്പിച്ച നിർദ്ദേശം പിന്നീട് ഐക്യരാഷ്ട്രസഭ അംഗീകരിക്കുകയായിരുന്നു.

"ഈ ദിവസം, സുസ്ഥിരമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു. ഊർജ മേഖലയിലെ ഒരു ആഗോള നേതാവെന്ന നിലയിൽ, യുഎഇ അതിന്റെ ശുദ്ധ ഊർജ്ജ പദ്ധതികൾ വിപുലീകരിക്കുന്നത് തുടരും," എന്ന് അദ്ദേഹം പറഞ്ഞു.

"കോപ്28 ന്റെ ഉജ്ജ്വലമായ വിജയം, ശുദ്ധ ഊർജ്ജത്താൽ ഊർജസ്വലമായ ഒരു ഭാവി രൂപപ്പെടുത്തുന്നതിൽ യുഎഇയുടെ പങ്കിനെ പ്രതിഫലിപ്പിക്കുന്നു. ഞങ്ങളുടെ അഭിലഷണീയമായ കാലാവസ്ഥാ പ്രതിബദ്ധതകൾ നിറവേറ്റുന്നതിനായി ഞങ്ങൾ പ്രവർത്തിക്കുന്നത് തുടരും," അദ്ദേഹം കൂട്ടിച്ചേർത്തു.

2050-ഓടെ നെറ്റ്-സീറോയിലെത്തുകയെന്ന ആത്യന്തിക ലക്ഷ്യത്തോടെ സന്തുലിതവും സുസ്ഥിരവും താങ്ങാനാവുന്നതുമായ ഊർജ വിതരണം ഉറപ്പാക്കുന്ന യുഎഇ സ്ട്രാറ്റജി 2050 ന്റെ നവീകരിച്ച ലക്ഷ്യങ്ങളാണ് ഈ പ്രതിബദ്ധതകളുടെ കേന്ദ്രത്തിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎഇ സ്ട്രാറ്റജി 2050 ന്റെ ആദ്യ ഘട്ടത്തിൽ, ജലം, ഊർജ്ജ മേഖലകളിൽ നിന്നുള്ള ഉദ്‌വമനം കുറയ്ക്കുന്നതിനും ഊർജ മിശ്രിതത്തിൽ കൽക്കരിയുടെ സംഭാവന ഇല്ലാതെയാക്കുന്നതിനും ഈ തന്ത്രം ലക്ഷ്യമിടുന്നു. 2019-നെ അപേക്ഷിച്ച് 2030-ഓടെ വ്യക്തിപരവും സ്ഥാപനപരവുമായ ഊർജ്ജ ഉപഭോഗ കാര്യക്ഷമത 42-45% വർദ്ധിപ്പിക്കാൻ ഈ തന്ത്രം ശ്രമിക്കുന്നു. കൂടാതെ, 2030-ഓടെ പുനരുപയോഗ ഊർജത്തിന്റെ വിഹിതം മൂന്നിരട്ടിയാക്കാൻ, സ്ഥാപിതമായ ശുദ്ധമായ ഊർജ്ജ ശേഷി 14.2 ജിഗാവാട്ടിൽ നിന്ന് 2030-ൽ 19.8 ജിഗാവാട്ട് ആയി വർദ്ധിപ്പിക്കുക. 2030-ഓടെ മൊത്തം ഊർജ്ജ മിശ്രിതത്തിൽ സ്ഥാപിച്ചിട്ടുള്ള ശുദ്ധമായ ഊർജ്ജ ശേഷിയുടെ പങ്ക് 30% ആയി ഉയർത്തുകയും, കാലാവസ്ഥ വ്യതിയാന ലഘൂകരണ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പാതയിലാണെന്ന് ഉറപ്പാക്കാൻ 2030-ഓടെ ശുദ്ധ ഊർജ്ജ ഉൽപ്പാദനത്തിന്റെ സംഭാവന 32% ആക്കുക എന്നതാണ് തന്ത്രത്തിന്റെ ലക്ഷ്യം.

പാരീസ് ഉടമ്പടിയിൽ ഒപ്പുവെക്കുകയും 2050 സ്ട്രാറ്റജിക് ഇനിഷ്യേറ്റീവിൽ നെറ്റ് സീറോ പ്രഖ്യാപിക്കുകയും ചെയ്ത ആദ്യത്തെ ഗൾഫ് രാജ്യമാണ് യുഎഇ. ഊർജ്ജ മേഖലയിൽ ക്രമാനുഗതവും പ്രായോഗികവുമായ പരിവർത്തനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് യുഎഇയുടെ നേതൃത്വം നേരത്തെ മനസ്സിലാക്കുകയും 20 വർഷങ്ങൾക്ക് മുമ്പ് ദേശീയ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനുള്ള ഒരു പാത രൂപപ്പെടുത്തുകയും ചെയ്തതായും, യുഎഇയുടെ വികസന പദ്ധതികളുടെ കാതൽ കാലാവസ്ഥ പ്രവർത്തനമാണെന്ന് മന്ത്രി എടുത്തുപറഞ്ഞു.

"ഊർജ്ജ സംക്രമണ മേഖലയിൽ യുഎഇക്ക് ശ്രദ്ധേയമായ ട്രാക്ക് റെക്കോർഡുണ്ട്. ഇതുവരെ, സ്വദേശത്തും വിദേശത്തുമുള്ള ശുദ്ധ ഊർജ്ജ പദ്ധതികളിൽ രാജ്യം 57 ബില്യൺ യുഎസ് ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. കൂടാതെ, ശുദ്ധ ഊർജം ത്വരിതപ്പെടുത്തുന്നതിനുള്ള യുഎഇ-യുഎസ് പങ്കാളിത്തത്തിലൂടെ 2035-ഓടെ 100 ബില്യൺ യുഎസ് ഡോളർ സമാഹരിക്കാനും 100 പുതിയ ഗിഗാവാട്ട് ശുദ്ധമായ ഊർജം വിന്യസിക്കാനും ഞങ്ങൾ ശ്രമിക്കുന്നു. ശുദ്ധമായ ഊർജ്ജ സ്രോതസ്സുകളിലേക്കുള്ള അഭിലാഷവും എന്നാൽ പ്രായോഗികവുമായ പരിവർത്തനത്തിന് യുഎഇ ഒരു മാതൃകയാകാൻ ആഗ്രഹിക്കുന്നു. നാളത്തെ ശുദ്ധ ഊർജ്ജ സംവിധാനങ്ങളിൽ വൻതോതിൽ നിക്ഷേപം നടത്തുമ്പോഴും, ഇന്നത്തെ ആഗോള ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നത് ഞങ്ങൾ തുടരുന്നു, " അൽ മസ്‌റൂയി പ്രസ്താവിച്ചു.


WAM/അമൃത രാധാകൃഷ്ണൻ