ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കാൻ നോകോഡിയുമായി കൈകോർത്ത് ഷാർജ ഇസ്‌ലാമിക് ബാങ്ക്

ഷാർജ, 2024 ജനുവരി 28, (WAM) – തടസ്സ രഹിതമായ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നത്തിന് എമറാടെക് ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള പ്രമുഖ സാമ്പത്തിക സാങ്കേതിക കമ്പനിയും പേയ്‌മെൻ്റ് ഗേറ്റ്‌വേയുമായ നോകോഡിയുമായി ഷാർജ ഇസ്ലാമിക് ബാങ്ക് (എസ്ഐബി) തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു.

എസ്ഐബിയുടെ കോർപ്പറേറ്റ്, വ്യക്തിഗത ബിസിനസ് ഉപഭോക്താക്കൾക്ക് ലഭ്യമായ ഡിജിറ്റൽ, ഇലക്ട്രോണിക് പേയ്‌മെൻ്റ് ഓഫറുകൾ ഗണ്യമായി മെച്ചപ്പെടുത്താൻ ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു.

എസ്ഐബി ആസ്ഥാനത്ത് ഇരു സ്ഥാപനങ്ങളിലെയും മുതിർന്ന പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ എസ്ഐബി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഹകം അബു സരൂർ, നോകോഡി ജനറൽ മാനേജർ സാഹി കല്ലബ് എന്നിവർ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു.

ഈ പങ്കാളിത്തത്തിലൂടെ, വിവിധ സേവനങ്ങളിലും ഉൽപ്പന്നങ്ങളിലും ഉടനീളം തടസ്സമില്ലാത്ത ഫീസ് പേയ്‌മെൻ്റുകൾക്കായി എസ്ഐബിയുടെ ബിസിനസ്സ് ക്ലയൻ്റുകൾക്ക് വിശാലമായ ഡിജിറ്റൽ പേയ്‌മെൻ്റ് പരിഹാരങ്ങളിലേക്ക് പ്രവേശനം ലഭിക്കും.

“നൂതന ഡിജിറ്റൽ സൊല്യൂഷനുകളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനും അവരുടെ ദൈനംദിന വാണിജ്യ പ്രവർത്തനങ്ങൾ ലളിതമാക്കുന്നതിനും ഞങ്ങളുടെ ഉപഭോക്താക്കളുടെ തുടർച്ചയായ പിന്തുണയ്‌ക്ക് ഇത് സംഭാവന നൽകുന്നു. ഈ മേഖലയിൽ ഉയർന്ന വൈദഗ്ധ്യവും കാര്യക്ഷമതയും ഉള്ള കമ്പനികളുമായും പ്ലാറ്റ്‌ഫോമുകളുമായും സഹകരിച്ച്, കാര്യക്ഷമതയോടും അനായാസതയോടും കൂടി അവരുടെ പേയ്‌മെൻ്റുകൾ നിയന്ത്രിക്കാനും ട്രാക്ക് ചെയ്യാനും അനുവദിക്കുന്ന വേഗമേറിയതും സൗകര്യപ്രദവുമായ പേയ്‌മെൻ്റ് ഓപ്ഷനുകൾ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകാനും ഞങ്ങൾ ലക്ഷ്യമിടുന്നു, " എന്ന് അബു സരൂർ പറഞ്ഞു.

“ബാങ്കുകളുമായുള്ള തന്ത്രപരമായ സഹകരണത്തിലൂടെ തടസ്സങ്ങളില്ലാത്ത ഡിജിറ്റൽ പേയ്‌മെൻ്റ് അനുഭവങ്ങൾ സൃഷ്ടിക്കാൻ നോകോഡി പ്രതിജ്ഞാബദ്ധരാണ്. ഷാർജ ഇസ്ലാമിക് ബാങ്കുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ബിസിനസുകൾക്കുള്ള സാമ്പത്തിക സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പിനെ പ്രതിനിധീകരിക്കുന്നു," എന്ന് സാഹി കല്ലബ് പറഞ്ഞു.

WAM/ അമൃത രാധാകൃഷ്ണൻ