ഗ്ലോബൽ ഫാർമയിൽ ഔദ്യോഗിക സന്ദർശനം നടത്തി യുഎഇ വ്യവസായ, നൂതന സാങ്കേതികവിദ്യാ മന്ത്രിയും പ്രതിനിധി സംഘവും

ദുബായ്, 2024 ജനുവരി 28, (WAM) -- ദുബായ് ഇൻവെസ്റ്റ്‌മെൻ്റിൻ്റെ പൂർണ ഉടമസ്ഥതയിലുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഗ്ലോബൽ ഫാർമ ഓഫീസിൽ, ദേശീയ വ്യാവസായിക മേഖലയിലുടനീളം നടത്തുന്ന സന്ദർശന പരമ്പരയുടെ ഭാഗമായി വ്യവസായ, നൂതന സാങ്കേതികവിദ്യാ മന്ത്രി ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ ഔദ്യോഗിക സന്ദർശനം നടത്തി.

ഫാർമസ്യൂട്ടിക്കൽസ് ഉൾപ്പെടെയുള്ള സുപ്രധാന വ്യവസായങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, വളർച്ചയും മത്സരക്ഷമതയും വർദ്ധിപ്പിക്കുന്നതിന് ഈ മേഖലയിലെ പങ്കാളികളുമായി ഇടപഴകുന്നതിനും ദേശീയ വ്യവസായങ്ങളെ ശാക്തീകരിക്കുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായാണ് ഈ സന്ദർശന പരമ്പര സജ്ജമാക്കിയിരിക്കുന്നത്.

സന്ദർശന വേളയിൽ, ഡോ. അൽ ജാബറും അദ്ദേഹത്തെ അനുഗമിക്കുന്ന പ്രതിനിധി സംഘവും ദുബായ് ഇൻവെസ്റ്റ്‌മെൻ്റ് വൈസ് ചെയർമാനും സിഇഒയും ഗ്ലോബൽ ഫാർമ ചെയർമാനുമായ ഖാലിദ് ബിൻ കൽബാനമായി കൂടിക്കാഴ്ച നടത്തി. കമ്പനിയുടെ സൗകര്യങ്ങൾക്കായുള്ള പ്രധാന വികസന പദ്ധതികൾ, മേഖലയിലെ പ്രാദേശിക പ്രതിഭകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ, ഉയർന്ന ആഗോള നിലവാരത്തിന് അനുസൃതമായി ഉൽപന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിലൂടെ ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് നൽകുന്ന സംഭാവനകൾ എന്നിവയെക്കുറിച്ച് അദ്ദേഹം സംഘത്തിന് വിശദീകരിച്ചു.

വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയത്തിൻ്റെ കുടക്കീഴിൽ സുസ്ഥിര സാമ്പത്തിക വികസനത്തിനായുള്ള വ്യാവസായിക പങ്കാളിത്തം ഉൾപ്പെടെയുള്ള പ്രാദേശിക, ദേശീയ, അന്തർദേശീയ സ്ഥാപനങ്ങളുമായി പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള ഗ്ലോബൽ ഫാർമയുടെ ശ്രമങ്ങളെക്കുറിച്ചും പ്രതിനിധി സംഘത്തെ വിശദീകരിച്ചു.

"യുഎഇ നേതൃത്വത്തിൻ്റെ നിർദ്ദേശങ്ങൾക്കും പിന്തുണക്കും അനുസൃതമായി, വ്യാവസായിക മേഖല സമീപ വർഷങ്ങളിൽ കാര്യമായ പുരോഗതി കൈവരിച്ചു, ദേശീയ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള സംഭാവനകൾ വർദ്ധിപ്പിക്കുകയും വ്യാവസായിക നിക്ഷേപങ്ങളുടെ പ്രാദേശിക, ആഗോള കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്തു.” ഡോ. അൽ ജാബർ പറഞ്ഞു.

“മേഖലയുടെ വളർച്ചയെയും മത്സരക്ഷമതയെയും പിന്തുണയ്ക്കാനുള്ള മന്ത്രാലയത്തിൻ്റെ ശ്രമങ്ങൾക്ക് അനുസൃതമായി, ദേശീയ വ്യാവസായിക കമ്പനികളുടെ വളർച്ചയും പരിണാമവും നിരീക്ഷിക്കാൻ ഞങ്ങൾ ദേശീയ നിർമ്മാതാക്കളുമായി നിരന്തരമായി ഇടപഴകുന്നു. ആഗോള വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും വിശ്വാസ്യതയും മത്സരക്ഷമതയും കണക്കിലെടുത്ത്, ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിലെ മികവിനുള്ള മികച്ച എമിറാറ്റി മോഡലാണ് ഗ്ലോബൽ ഫാർമ." അദ്ദേഹം കൂട്ടിച്ചേർത്തു.

"വ്യാവസായിക കമ്പനികളുടെ വളർച്ചയെ പിന്തുണയ്ക്കുകയും, യുഎഇയുടെ മത്സര നേട്ടങ്ങൾ പ്രയോജനപ്പെടുത്താനും, വ്യാവസായിക നിക്ഷേപങ്ങൾ ആകർഷിക്കാനും, വിതരണ ശൃംഖലയുടെ പ്രതിരോധം വർദ്ധിപ്പിക്കാനും സ്വയംപര്യാപ്തത പ്രോത്സാഹിപ്പിക്കാനും അവരെ പ്രാപ്തരാക്കുക എന്നതാണ് ഇൻഡസ്ട്രി ആന്‍റ് അഡ്വാൻസ്ഡ് ടെക്നോളജി നാഷണൽ സ്ട്രാറ്റജി ലക്ഷ്യമിടുന്നത്. ഗ്ലോബൽ ഫാർമയുടെ വളർച്ചയുടെയും നവീകരണത്തിൻ്റെയും യാത്രയും പ്രാദേശിക വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ അതിൻ്റെ പ്രധാന പങ്കും കാണുന്നതിൽ മന്ത്രാലയം സന്തോഷിക്കുന്നു." അദ്ദേഹം വ്യക്തമാക്കി.

"യുഎഇയിൽ 25 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിതമായ രാജ്യത്തെ ആദ്യത്തെ ഫാർമസ്യൂട്ടിക്കൽ കമ്പനികളിലൊന്നായി അംഗീകരിക്കപ്പെട്ട ഗ്ലോബൽ ഫാർമ ഫെസിലിറ്റിയിലേക്ക് ഡോ. സുൽത്താൻ അൽ ജാബറിനെ സ്വാഗതം ചെയ്യുന്നത് ആദരവായാണ് ഞങ്ങൾ കാണുന്നത്." ഖാലിദ് ബിൻ കൽബാൻ പറഞ്ഞു.

യുഎഇ ഫാർമസ്യൂട്ടിക്കൽ മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിച്ച പങ്കാളിത്തം, സർക്കാരുമായുള്ള ഗ്രൂപ്പിൻ്റെ സുസ്ഥിരമായ സഹകരണത്തെ ഈ സന്ദർശനം പ്രതിഫലിപ്പിക്കുന്നു.

സുസ്ഥിര സാമ്പത്തിക വികസനത്തിനായുള്ള മന്ത്രാലയത്തിന്‍റെ വ്യാവസായിക പങ്കാളിത്തത്തിൻ്റെ സജീവ സംഭാവന എന്ന നിലയിൽ, യുഎഇയിലെ പ്രതിരോധശേഷിയുള്ള ഫാർമസ്യൂട്ടിക്കൽ മേഖലയുടെ വളർച്ച വർദ്ധിപ്പിക്കുന്നതിനും സംഭാവന ചെയ്യുന്നതിനുമുള്ള പങ്കിട്ട ലക്ഷ്യവുമായി സാധ്യതയുള്ള പങ്കാളിത്തങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിൽ ഗ്ലോബൽ ഫാർമ സജീവമായി ഏർപ്പെട്ടിരിക്കുന്നു.

യുഎഇയിലെ രണ്ടാമത്തെ വലിയ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഗ്ലോബൽ ഫാർമ ദുബായിൽ സ്ഥാപിതമായ ആദ്യത്തെ കമ്പനിയായതിനാൽ കമ്പനിയുടെ പ്രാദേശികവും ആഗോളവുമായ വിപുലീകരണ പദ്ധതികളെക്കുറിച്ചും വിശദീകരിച്ച അദ്ദേഹം, കഴിഞ്ഞ 5 വർഷത്തിനിടെ 100 ശതമാനം വളർച്ചാ നിരക്കോടെ അതിൻ്റെ വാർഷിക വിൽപ്പന 450 ദശലക്ഷം യുഎഇ ദിർഹത്തിലെത്തിയതായി ചൂണ്ടിക്കാട്ടി.

ഡോ. സുൽത്താൻ അൽ ജാബറിനെ അനുഗമിക്കുന്ന പ്രതിനിധി സംഘത്തിൽ വ്യാവസായിക വികസന മേഖലയുടെ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി അബ്ദുല്ല അൽ ഷംസി, സപ്പോർട്ട് സർവീസസ് സെക്ടർ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി റാഷിദ് ഖൽഫാൻ അൽ നുഐമി, അഡ്വാൻസ്ഡ് ടെക്നോളജി സെക്‌ടർ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി താരിഖ് അൽ ഹാഷ്മി, മന്ത്രാലയത്തിലെ സ്റ്റാൻഡേർഡ്സ് ആൻഡ് റെഗുലേഷൻസ് വിഭാഗത്തിൻ്റെ അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി ഫാറ അൽ സറൂണി എന്നിവരും ഉൾപ്പെടുന്നു.

ഗ്ലോബൽ ഫാർമ പ്രതിനിധികളായി ദുബായ് ഇൻവെസ്റ്റ്‌മെൻ്റ് ഇൻഡസ്ട്രീസ് ജനറൽ മാനേജരും ഗ്ലോബൽ ഫാർമ ബോർഡ് ഡയറക്ടറുമായ മുഹമ്മദ് സയീദ് അൽ റഖ്ബാനി, ഗ്ലോബൽ ഫാർമയിലെ ബോർഡ് അഡ്വൈസർ ഡോ. മറിയം ഗലദാരി, ഗ്ലോബൽ ഫാർമയിലെ ജനറൽ മാനേജർ ബാസെം അൽ ബറാഹ്മെ എന്നിവർ പങ്കെടുത്തു.

ദുബായ് ഇൻവെസ്റ്റ്‌മെൻ്റ് പാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ഫാർമ 1998-ലാണ് സ്ഥാപിതമായത്. 300 ദശലക്ഷം ടാബ്‌ലെറ്റുകൾ, 150 ദശലക്ഷം ക്യാപ്‌സ്യൂളുകൾ, 7 ദശലക്ഷത്തിലധികം ലിറ്റർ ഡ്രൈ ആൻഡ് ലിക്വിഡ് ഫാർമസ്യൂട്ടിക്കൽസ് എന്നിവയുടെ വാർഷിക ഉൽപാദന ശേഷിയോടെ 27,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന നിർമ്മാണ സൗകര്യവും ഗ്ലോബൽ ഫാർമയ്ക്കുണ്ട്.

മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലകളിൽ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിക്കുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളുന്ന മൂന്ന് നിർമ്മാണ സൗകര്യങ്ങൾ കമ്പനിക്ക് സ്വന്തമാണ്. ഇൻഡസ്ട്രിയൽ ടെക്നോളജി ട്രാൻസ്ഫോർമേഷൻ ഇൻഡക്സിൽ ഗ്ലോബൽ ഫാർമ ഉയർന്ന റേറ്റിംഗ് നേടി.

നോൺ-സ്റ്റിറോയ്ഡൽ ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകൾ (എൻഎസ്എഐഡികൾ) ഉൾപ്പെടെയുള്ള കാർഡിയോവാസ്കുലാർ, ആന്‍റി-അൾസർ, ആൻറി-ഡയബറ്റിക്, ആൻറി-ഇൻഫ്ലമേറ്ററി മരുന്നുകൾ എന്നിവ ഉൾപ്പെടെയുള്ള ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ കമ്പനി നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. ഇതിൻ്റെ ഉൽപ്പന്നങ്ങളിൽ റെസ്പിറേറ്ററി മരുന്നുകൾ, ആൻ്റി ഹിസ്റ്റാമൈൻസ്, ആൻ്റി-ഇൻഫെക്റ്റീവ് മരുന്നുകൾ, മൾട്ടിവിറ്റമിൻ ഡയറ്ററി സപ്ലിമെൻ്റുകൾ, എമിറാറ്റി ഹെർബൽ മെഡിസിൻ എന്നിവയും ഉൾപ്പെടുന്നു.

രോഗികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചുകൊണ്ട് ഗ്ലോബൽ ഫാർമ മെഡിക്കൽ മേഖലയിലുടനീളം അതിൻ്റെ നിക്ഷേപ വ്യാപ്തി വിപുലീകരിക്കുന്നത് തുടരുന്നു. ശക്തമായ പ്രാദേശിക സാന്നിധ്യത്തിന് പുറമേ, കമ്പനിയുടെ നിർമ്മാണ സൗകര്യങ്ങൾ മികച്ച നിർമ്മാണ രീതികൾക്കുള്ള കംപ്ലയൻസ് സർട്ടിഫിക്കേഷനുകളും കമ്പനിക്ക് സ്വന്തമാക്കിയിട്ടുണ്ട്.

ജിസിസി, സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി, മഷ്റഖ്, ആഫ്രിക്ക, കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡൻ്റ് സ്‌റ്റേറ്റ്‌സ് എന്നിവയുൾപ്പെടെ മിഡിൽ ഈസ്റ്റിലെ എല്ലാ ആരോഗ്യ അധികാരികളുടെയും അംഗീകാരം കമ്പനി നേടിയിട്ടുണ്ട്.

WAM/ അമൃത രാധാകൃഷ്ണൻ