ദുബായ്, 2024 ജനുവരി 28, (WAM) -- ജീവനക്കാർക്ക് മൈക്രോസോഫ്റ്റ് 365 കോപൈലറ്റ്, മൈക്രോസോഫ്റ്റ് സെക്യൂരിറ്റി കോപൈലറ്റ് തുടങ്ങിയ സ്മാർട്ട് അസിസ്റ്റൻ്റ് സേവനം നൽകുന്നതിലൂടെ, മൈക്രോസോഫ്റ്റിൽ നിന്ന് ഈ നൂതന സാങ്കേതികവിദ്യ സ്വീകരിക്കുന്ന യുഎഇയിലെ ആദ്യത്തെ സർക്കാർ സ്ഥാപനമായി ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി മാറി.
കാര്യക്ഷമതയും ഉൽപ്പാദനക്ഷമതയും ഗുണമേന്മയും വർധിപ്പിക്കുന്നതിന് നവീകരണവും നൂതന സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്താനുള്ള ദേവയുടെ ശ്രമങ്ങളുടെ ഭാഗമാണിത്. അതോടൊപ്പം മൈക്രോസോഫ്റ്റിൻ്റെ കോപൈലറ്റ് സേവനം ലഭ്യമാക്കുന്ന ലോകത്തിലെ ആദ്യത്തെ യൂട്ടിലിറ്റി സ്ഥാപനങ്ങളിൽ ഒന്നാണ് ദേവ.
കോപൈലറ്റിൻ്റെ സവിശേഷതകൾ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ജീവനക്കാരുടെ അനുഭവത്തെ സമ്പുഷ്ടമാക്കൽ, അവരുടെ ജോലികളുടെ പ്രകടനം സുഗമമാക്കൽ, വർക്ക്ഫ്ലോ ഓട്ടോമേറ്റ് ചെയ്യൽ, പ്രയത്നവും സമയവും ലാഭിക്കുന്നതിനു പുറമേ വർക്ക് ടീമുകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തൽ എന്നിവയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
കോപൈലറ്റിൻ്റെ സവിശേഷതകൾ ഓരോ ജീവനക്കാരനും അനുയോജ്യമായ രീതിയിൽ പരിഷ്‌ക്കരിക്കുന്നതിനും സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കിക്കൊണ്ട് അവരുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനും കഴിയും. കാലത്തിന് അനുസൃതമായ ആവശ്യങ്ങൾക്ക് അനുസരിച്ച് വേഗത നിലനിർത്താനും വെല്ലുവിളികൾ മുൻകൂട്ടി കാണാനും അവ അവസരങ്ങളാക്കി മാറ്റാനും ഇത് സഹായിക്കുന്നു.
എഐ സേവന പരിരക്ഷാ സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതിനാൽ ദേവ പിന്തുടരുന്ന ഏറ്റവും ഉയർന്ന സ്വകാര്യതയുടെയും സുരക്ഷയുടെയും മാനദണ്ഡങ്ങളുമായി ഈ സവിശേഷതകൾ വിന്യസിക്കുന്നു.
“ഞങ്ങളുടെ ജീവനക്കാരെ ശാക്തീകരിക്കുന്നതിനും സുസ്ഥിരമായ ഭാവി മുൻകൂട്ടി കാണുന്നതിനും രൂപപ്പെടുത്തുന്നതിനും അവരെ പ്രാപ്തരാക്കുന്നതിന് ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ബുദ്ധിപരമായ നിർദ്ദേശങ്ങൾ ഞങ്ങൾ പാലിക്കുന്നു. യുഎഇ സ്ട്രാറ്റജി ഫോർ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് 2031 ന് അനുസൃതമായി, ജോലിയുടെ വിവിധ വശങ്ങളിൽ എഐ അതിൻ്റെ ഉപകരണങ്ങളും ഉപയോഗിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. ഇത് ഡിജിറ്റൽ പരിവർത്തനം വർദ്ധിപ്പിക്കും, പ്രകടനം ഉയർത്തും, ഞങ്ങളുടെ ഭാവി സന്നദ്ധത ശക്തിപ്പെടുത്തും, ലോകത്തിലെ ഏറ്റവും നൂതനവും വിശിഷ്ടവുമായ യൂട്ടിലിറ്റികളിൽ ഒന്നായി ദേവയുടെ ആഗോള മത്സരശേഷിയും നേതൃത്വവും വർദ്ധിപ്പിക്കും, " ദേവ സിഇഒ സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു.
ഡിജിറ്റൽ പരിവർത്തനം മെച്ചപ്പെടുത്തുന്നതിനും ഞങ്ങളുടെ ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റ് (ജിപിയു) കഴിവുകൾ ഉയർത്തുന്നതിനും മൈക്രോസോഫ്റ്റുമായുള്ള ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഈ സഹകരണം കമ്പ്യൂട്ടേഷണൽ കാര്യക്ഷമതയും ഡാറ്റ പ്രോസസ്സിംഗും വർദ്ധിപ്പിക്കുന്നു. ഇത് നൂതനമായ വികസനവും മികച്ച തീരുമാനമെടുക്കലും ഉറപ്പാക്കുന്നു. ദേവ സ്വീകരിച്ച മൈക്രോസോഫ്റ്റിൻ്റെ എഐ പരിഹാരങ്ങൾ ഉയർന്ന ഡാറ്റ സുരക്ഷാ മാനദണ്ഡങ്ങളോടുള്ള പ്രതിബദ്ധത ഉറപ്പാക്കുന്നു.
"ദേവയിൽ, ഞങ്ങളുടെ എല്ലാ ആഗോള നേട്ടങ്ങളുടെയും വിജയങ്ങളുടെയും നട്ടെല്ലായി ഞങ്ങൾ കരുതുന്ന എല്ലാ പങ്കാളികളുടെയും, പ്രത്യേകിച്ച് ജീവനക്കാരുടെയും സന്തോഷവും ആത്മവിശ്വാസവും ഏകീകരിക്കാൻ ഏറ്റവും പുതിയ നൂതന സാങ്കേതിക വിദ്യകൾ തുടർന്നും സ്വീകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു," അദ്ദേഹം അഭിപ്രായപ്പെട്ടു.
"2050-ഓടെ നെറ്റ്-സീറോ കൈവരിക്കാൻ പ്രതിജ്ഞാബദ്ധമായ ആഗോളതലത്തിൽ മുൻനിരയിലുള്ള സുസ്ഥിര നൂതന കോർപ്പറേഷനായി മാറാനുള്ള ഞങ്ങളുടെ കാഴ്ചപ്പാട് കൈവരിക്കുന്നതിന് ഞങ്ങൾ നവീകരണവും നാലാം വ്യാവസായിക വിപ്ലവത്തിൻ്റെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നു. ഞങ്ങളുടെ ലോകോത്തര ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുകയും വികസിതവും മൂല്യവർദ്ധിതവുമായ ഡിജിറ്റൽ സേവനങ്ങൾ നൽകുകയും ചെയ്യുന്നതിനാൽ, വളർന്നുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകൾക്കൊപ്പം മുന്നേറാൻ ദേവ പ്രതിജ്ഞാബദ്ധമാണ്." അൽ തായർ കൂട്ടിച്ചേർത്തു.
കോഡ് എഴുതുന്നതിലും ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിലും കോപൈലറ്റ് ഡെവലപ്പർമാരെയും പ്രോഗ്രാമർമാരെയും പിന്തുണയ്ക്കുന്നു. ഇത് കോഡ് എഴുതുന്നതിൻ്റെ സന്ദർഭം മനസ്സിലാക്കുന്നു, പ്രോഗ്രാമിംഗ് പ്രക്രിയയിൽ നിർദ്ദേശങ്ങൾ നൽകുന്നു, വികസനം മെച്ചപ്പെടുത്തുന്നതിന് കോഡ് ഫോർമാറ്റിംഗും പിശക് തിരുത്തലും സംബന്ധിച്ച നുറുങ്ങുകൾ വാഗ്ദാനം ചെയ്യുന്നു.
മറുവശത്ത്, പ്രസക്തമായ ടീമുകളുടെ കാര്യക്ഷമതയും ഉൽപ്പാദനക്ഷമതയും ഉയർത്തുന്നതിനായി സൈബർ സുരക്ഷാ ആക്രമണങ്ങളെ വിശകലനം ചെയ്യുന്നതിനും പ്രതികരിക്കുന്നതിനുമുള്ള പ്രക്രിയകൾ സെക്യൂരിറ്റി കോപൈലറ്റ് മെച്ചപ്പെടുത്തുന്നു.
WAM/ അമൃത രാധാകൃഷ്ണൻ