അബുദാബി, 2024 ജനുവരി 29, (WAM) – ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ കോംഗോ രാഷ്ട്രപതി ഫെലിക്‌സ് ഷിസെകെദിയുമായി യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ ടെലിഫോൺ സംഭാഷണം നടത്തി.
പ്രസ്തുത സംഭാഷണത്തിൽ ഇരു രാജ്യത്തെയും പൗരന്മാരുടെ സുസ്ഥിര വികസന അഭിലാഷങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്യുകയും കൂടുതൽ സഹകരണത്തിനുള്ള അവസരങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിലൂടെ വീണ്ടും കോംഗോ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്തിന് ഷിസെക്കെദിയെ ശൈഖ് മുഹമ്മദ് അഭിനന്ദിക്കുകയും തൻ്റെ രാജ്യത്തെ നയിക്കുന്നതിലും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിലും തുടർന്നും വിജയിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
അഭിനന്ദനങ്ങൾക്കും ആശംസകൾക്കും കോംഗോ രാഷ്‌ട്രപതി ശൈഖ് മുഹമ്മദിന് നന്ദി പറഞ്ഞു. ഇരു രാജ്യങ്ങൾക്കും പരസ്പര പ്രയോജനം ലഭിക്കുന്ന തരത്തിൽ യുഎഇയുമായുള്ള ഡിആർസിയുടെ ബന്ധം ശക്തിപ്പെടുത്താനും വികസിപ്പിക്കാനുമുള്ള തൻ്റെ പ്രതിബദ്ധത, സംഭാഷണത്തിനിടെ അദ്ദേഹം പ്രകടിപ്പിച്ചു.
പരസ്പര താൽപ്പര്യമുള്ള നിരവധി പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു.
WAM/ അമൃത രാധാകൃഷ്ണൻ