അബുദാബി, 30 ജനുവരി 2024 (WAM) -- പ്രതിവർഷം 0.5 ദശലക്ഷം മെട്രിക് ടൺ (എംഎംടിപിഎ) ദ്രവീകൃത പ്രകൃതി വാതകം (എൽഎൻജി) ഇന്ത്യയിലെ പ്രമുഖ പ്രകൃതി വാതക കമ്പനിയായ ഗെയിൽ ഇന്ത്യ ലിമിറ്റഡിന് വിതരണം ചെയ്യുന്നതിനുള്ള 10 വർഷത്തെ കരാർ ഒപ്പുവച്ചതായി അഡ്‌നോക് ഗ്യാസ് അധികൃതർ അറിയിച്ചു.
ഈ കരാർ ഏഷ്യൻ എൽഎൻജി വിപണിയിൽ അഡ്‌നോക് ഗ്യാസിൻ്റെ വർദ്ധിച്ചുവരുന്ന ആഗോള സാന്നിധ്യം അടിവരയിടുകയും യുഎഇയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ജപ്പാൻ പെട്രോളിയം എക്‌സ്‌പ്ലോറേഷൻ കമ്പനി ലിമിറ്റഡ് (ജാപെക്‌സ്), ടോട്ടൽ എനർജീസ് ഗ്യാസ് ആൻഡ് പവർ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസിഎൽ), പെട്രോ ചൈന ഇൻ്റർനാഷണൽ (പിസിഐ) എന്നിവയുമായുള്ള കരാറുകൾ ഉൾപ്പെടെ നിരവധി സുപ്രധാന അന്താരാഷ്ട്ര എൽഎൻജി വിൽപ്പന കരാറുകളിൽ നിലവിൽ അഡ്നോക് ഏർപ്പെട്ടിട്ടുണ്ട്.
ഉപഭോക്തൃ ഡിമാൻഡുമായി യോജിച്ച്, ബിസിനസ്സിന് സുസ്ഥിരമായ വളർച്ച കൈവരിക്കുന്ന നിക്ഷേപങ്ങളിലാണ് അഡ്നോക് ഗ്യാസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ വർഷം 9.4 ബില്യൺ ഡോളറിനും (AED34.5 ബില്ല്യൺ) 12 ബില്യൺ ഡോളറിനും (AED44 ബില്യൺ) ഇടയിൽ വിലമതിക്കുന്ന നിരവധി എൽഎൻജി കരാറുകളിൽ ഒപ്പുവെച്ച് വിൽപന ആവേഗം കമ്പനി നിലനിർത്തിയിരുന്നു. അതേസമയം പ്രകൃതി വാതകത്തിൻ്റെ പ്രാദേശികവും അന്തർദേശീയവുമായ ആവശ്യം നിറവേറ്റുന്നതിനായി ആഭ്യന്തരമായി നിക്ഷേപം തുടരുകയും ചെയ്തു.
ലോകമെമ്പാടുമുള്ള ഞങ്ങളുടെ പങ്കാളികൾക്കും ഉപഭോക്താക്കൾക്കും വിശ്വസനീയവും സുസ്ഥിരവുമായ ഊർജ പരിഹാരങ്ങൾ നൽകുന്നത് തുടരാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയിൽ സുപ്രധാനമായ ഒരു ചുവടുവെപ്പാണ് ഗെയിൽ ഇന്ത്യയുമായുള്ള ഈ ദീർഘകാല എൽഎൻജി വിതരണ കരാർ അടയാളപ്പെടുത്തുന്നതെന്ന് അഡ്‌നോക് ഗ്യാസിൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. അഹമ്മദ് മുഹമ്മദ് അലബ്രി പറഞ്ഞു. അഡ്‌നോക് ഗ്യാസിൻ്റെ ഒരു പ്രധാന വിപണിയായി ഇന്ത്യ തുടരുന്നു, ഈ ഏറ്റവും പുതിയ വിതരണ കരാർ ഉത്തരവാദിത്ത ഊർജ്ജ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന ദീർഘകാല പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ സമർപ്പണത്തെ അടിവരയിടുന്നതായും, അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റ് ഫോസിൽ ഇന്ധനങ്ങളെ അപേക്ഷിച്ച് കാർബൺ ഉദ്‌വമനം കുറക്കുന്ന പ്രകൃതി വാതകം ഒരു പരിവർത്തന ഇന്ധനമെന്ന നിലയിൽ നിർണായക പങ്ക് വഹിക്കുന്നു. വ്യാവസായിക മൂല്യ ശൃംഖലയിലെ ഒരു പ്രധാന അസംസ്കൃത വസ്തുവായും ഇത് പ്രവർത്തിക്കുന്നു.
നിലവിൽ അഡ്‌നോക് അബുദാബിയിലെ അൽ റുവൈസ് ഇൻഡസ്ട്രിയൽ സിറ്റിയിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന റുവൈസ് എൽഎൻജി പദ്ധതി പൂർത്തിയാകുമ്പോൾ, മൊത്തം 9.6 എംഎംടിപിഎ ശേഷിയുള്ള രണ്ട് 4.8 എംഎംടിപിഎ എൽഎൻജി ദ്രവീകരണ ട്രെയിനുകൾ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നത്.
WAM/അമൃത രാധാകൃഷ്ണൻ