ഹോങ്കോംഗ്, 30 ജനുവരി 2024 (WAM) --മിഡിൽ ഈസ്റ്റിലെ ഹോങ്കോങ്ങിൻ്റെ പ്രധാന വ്യാപാര പങ്കാളി യുഎഇയാണ് എന്ന് ഹോങ്കോങ്ങിലെ യുഎഇ കോൺസൽ ജനറൽ ശൈഖ് സൗദ് അലി അൽമുല്ല പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വ്യാപാര, സാംസ്കാരിക മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന ബന്ധത്തിന് അടിവരയിട്ട് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമീപ വർഷങ്ങളിൽ യുഎഇ, ഹോങ്കോംഗ് ബന്ധങ്ങളിൽ ഗണ്യമായ വികസനമുണ്ടായതായും, കഴിഞ്ഞ വർഷത്തിൻ്റെ ആദ്യ പകുതിയിൽ വ്യാപാര അളവ് 7.98 ബില്യൺ ഡോളറിലെത്തിയിരുന്നു, 2022നെ അപേക്ഷിച്ച് 8.3% വർദ്ധനവാണുണ്ടായതെന്നും എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് (WAM) നൽകിയ പ്രസ്താവനയിൽ അൽമുഅല്ല പറഞ്ഞു.
നിരവധി വർഷങ്ങളായി മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിൽ മുൻനിര സ്ഥാനം നിലനിർത്തിക്കൊണ്ട്, ഹോങ്കോങ്ങിൻ്റെ പ്രാഥമിക വ്യാപാര പങ്കാളിയെന്ന നിലയിൽ യുഎഇയുടെ പങ്ക് വളരെ പ്രധാനമാണെന്ന്, അലി അൽമുല്ല ചൂണ്ടിക്കാട്ടി.
ഇരട്ടനികുതി ഒഴിവാക്കുന്നതിനുള്ള കരാറുകൾ, ഇൻവെസ്റ്റ്‌മെൻ്റ് പ്രൊമോഷൻ ആൻ്റ് പ്രൊട്ടക്ഷൻ എഗ്രിമെൻ്റ്, വ്യോമയാന സേവനങ്ങൾ, സാമ്പത്തിക വിപണികൾ, സാങ്കേതികവിദ്യ എന്നിങ്ങനെ ഇരു രാജ്യങ്ങളിലേയും പങ്കാളിത്തം ഉറപ്പിക്കുന്ന വിവിധ കരാറുകൾ ഇതിൽ ഉൾപ്പെടുന്നു.
2021 ഒക്ടോബറിൽ ദുബായിൽ ഹോങ്കോംഗ് ഇക്കണോമിക് ആൻ്റ് ട്രേഡ് ഓഫീസ് തുറന്നതിനെ കോൺസൽ ജനറൽ അഭിനന്ദിച്ചു. ഇത് യുഎഇക്കും, ഹോങ്കോംഗിനും ഇടയിൽ സഹകരണത്തിനുള്ള പുതിയ വഴികൾ തുറന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
WAM/അമൃത രാധാകൃഷ്ണൻ