അബുദാബി, 31 ജനുവരി 2024 (WAM) - ഉപരാഷ്ട്രപതയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനും എമിറാത്തി ടാലൻ്റ് കോംപറ്റിറ്റീവ് കൗൺസിലിൻ്റെ ഡയറക്ടർ ബോർഡ് ചെയർമാനുമായ
ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ്റെ നേതൃത്വത്തിൽ യുഎഇയുടെ സ്വദേശിവത്കരണ നയങ്ങൾ നടപ്പിലാക്കുന്നത്തിൽ കാര്യമായ പുരോഗതി കൈവരിച്ചത്തായി അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ അഭിപ്രായപ്പെട്ടു.
യുഎഇ പൗരന്മാർക്ക് അനുയോജ്യമായ പരിശീലനം നൽകി കൂടുതൽ നൈപുണ്യത്തോടെ വിവിധ മേഖലയിലെ തൊഴിലുകൾ ചെയ്യുന്നതിന് സജ്ജരാക്കുകയും രാജ്യത്തിൻ്റെ വളർച്ചയ്ക്ക് അവരുടെ സംഭാവനകൾ ഉറപ്പിച്ചുകൊണ്ട് സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്ത സർക്കാർ സംരംഭങ്ങളുടെ വിജയത്തെയും ശൈഖ് ഹംദാൻ അഭിനന്ദിച്ചു.
അൽ നഖീൽ പാലസിൽ യുഎഇ മാനവ വിഭവശേഷി മന്ത്രി ഡോ. അബ്ദുൾ റഹ്മാൻ ബിൻ അബ്ദുൾമാനൻ അൽ അവാർ, ഹയർ കോളേജ് ഓഫ് ടെക്‌നോളജി (എച്ച്‌സിടി) ട്രസ്റ്റി ബോർഡ് ചെയർമാൻ, എമിറേറ്റൈസേഷനായുള്ള മാനവ വിഭവശേഷി മന്ത്രാലയത്തിൻ്റെ അണ്ടർ സെക്രട്ടറി ഐഷ ബെൽഹാർഫി ഹയർ കോളേജ് ഓഫ് ടെക്‌നോളജി പ്രസിഡൻ്റും സിഇഒയുമായ ഡോ. ഫൈസൽ അൽ അയ്യൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച്ചക്കിടെയാണ് ശൈഖ് ഹംദാൻ ഇതു സംബന്ധിച്ച പ്രസ്താവനകൾ നടത്തിയത്.
യുഎഇ സർക്കാരിന്റെ സ്വദേശിവത്കരണ നയങ്ങൾ സംബന്ധിച്ച നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചും പരിപാടികളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ശൈഖ് ഹംദാന് മന്ത്രി വിശദീകരിച്ചു.
തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കനുസൃതമായി സ്വദേശികളുടെ തൊഴിൽ വൈദഗ്ധ്യം ഉയർത്തുന്നതിനായി നൽകുന്ന പരിശീലനങ്ങളെയും, സ്വകാര്യമേഖലയിൽ പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സർക്കാരിൻ്റെ കാഴ്ചപ്പാടും ലക്ഷ്യങ്ങളും നടപ്പിലാക്കുന്നതിൽ മന്ത്രാലയത്തിൻ്റെ ശ്രമങ്ങളെയും ശൈഖ് ഹംദാൻ പ്രശംസിച്ചു.
“കഴിഞ്ഞ വർഷാവസാനത്തോടെ സ്വദേശിവത്കരണ നയങ്ങൾ നടപ്പിലാക്കുന്നത്തിന്റെ ഭാഗമായി 92,000 പൗരന്മാരെ സ്വകാര്യമേഖലയിൽ ഉൾപ്പെടുത്തി എന്ന മന്ത്രാലയത്തിന്റെ നേട്ടം അഭിനന്ദനം അർഹിക്കുന്നതാണ്. ഈ വിജയം എല്ലാ മേഖലകളിലുമുള്ള തുടർ വികസനത്തിനും സമൃദ്ധിക്കും അടിത്തറയിടുന്നു," ശൈഖ് ഹംദാൻ പറഞ്ഞു.
ഉയർന്ന തലത്തിലുള്ള ദേശീയ കഴിവുകൾ വളർത്തിയെടുക്കാനുള്ള നേതൃത്വത്തിൻ്റെ കാഴ്ചപ്പാടിന് അനുസൃതമായി, യുഎഇയുടെ അപ്ലൈഡ് എജ്യുക്കേഷൻ ലാൻഡ്‌സ്‌കേപ്പ് രൂപപ്പെടുത്തുന്നതിനുള്ള ഹയർ കോളേജ് ഓഫ് ടെക്‌നോളജിയുടെ തന്ത്രപരമായ മാറ്റത്തെ യോഗത്തിൽ അദ്ദേഹം അഭിനന്ദിച്ചു.
WAM/ അമൃത രാധാകൃഷ്ണൻ