ഒരാഴ്‌ചയ്‌ക്കുള്ളിൽ ഇആർസിയുടെ സഹായത്താൽ പ്രയോജനം നേടി 609,000-ലധികം ഗാസക്കാർ

റാഫ, 31 ജനുവരി 2024 (WAM) -- സംഘർഷ ബാധിതരായ പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനായി യുഎഇ ആരംഭിച്ച 'ഗാലൻ്റ് നൈറ്റ് 3' മാനുഷിക പ്രവർത്തനത്തിൻ്റെ ഭാഗമായി ഗാസ മുനമ്പിലെ ജനങ്ങൾക്ക് മാനുഷിക സഹായം വിതരണം ചെയ്യുന്നത് തുടരുകയാണ് എമിറേറ്റ്സ് റെഡ് ക്രസൻ്റ് (ഇആർസി).

ഈ മാസം 23നും 30നും ഇടയിൽ, 609,314 ഗുണഭോക്താക്കൾക്കാണ് ഇആർസി ആവശ്യ സാധനങ്ങളും ഭക്ഷണപ്പൊതികളും അടങ്ങിയ ദുരിതാശ്വാസ കിറ്റുകൾ, ടെൻ്റുകൾ എന്നിവ വിതരണം ചെയ്തത്.

കൂടാതെ, റഫ, ഖാൻ യൂനിസ്, സെൻട്രൽ ഗവർണറേറ്റ് എന്നിവിടങ്ങളിലെ കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനായി ഇആർസി 17 ചാരിറ്റി കിച്ചണുകളും ആരംഭിച്ചിരുന്നു.

യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദ്ദേശപ്രകാരം, ഗാസയിലെ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യത്തിൻ്റെയും സഹകരണത്തിൻ്റെയും മൂല്യങ്ങൾ ഉൾക്കൊള്ളുന്ന മാനുഷിക സഹായം നൽകുന്നതിനായി നവംബറിലാണ് യുഎഇ 'ഗാലൻ്റ് നൈറ്റ് 3' മാനുഷിക പ്രവർത്തനങ്ങൾ ആരംഭിച്ചത്.


WAM/ അമൃത രാധാകൃഷ്ണൻ