അബുദാബി, 31 ജനുവരി 2024 (WAM) --അബുദാബിയിലെ ഖസർ അൽ ബഹറിൽ ഫെഡറൽ ജിയോഗ്രാഫിക് ഇൻഫർമേഷൻ സെൻ്റർ(എഫ്ജിഐ സി) ഉദ്യോഗസ്ഥരുമായി യുഎഇ രാഷ്ട്രപതി കൂടിക്കാഴ്ച്ച നടത്തി. സെൻ്ററിൻ്റെ പ്രധാന സംരംഭങ്ങളെയും ഭാവി പദ്ധതികളെയും കുറിച്ച് ഉദ്യോഗസ്ഥർ യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് വിശദീകരിക്കുകയും, അറബിയിലും ഇംഗ്ലീഷിലുമുള്ള യുഎഇയുടെ ‘ജനറൽ മാപ്പിൻ്റെ’ ഒരു പകർപ്പ് അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു.
എഫ്ജിഐസി സ്ഥാപിതമായതുമുതൽ ഏറ്റെടുത്തിട്ടുള്ള നിരവധി സുപ്രധാന സംരംഭങ്ങളുടെ രൂപരേഖകളും, യൂണിയൻ അറ്റ്ലസും, വിവിധ മേഖലകളുടെ ഭൂമിശാസ്ത്രപരമായ സ്ഥിതിവിവരക്കണക്കുകളും വിവരങ്ങളുടെ ഒരു ഡാറ്റാബേസും, ഉൾപ്പെടെയുള്ള വിഷയങ്ങൾ യോഗം അവലോകനം ചെയ്തു. വിദ്യാഭ്യാസം, ആരോഗ്യം, സമ്പദ്‌വ്യവസ്ഥ, പരിസ്ഥിതി തുടങ്ങി രാജ്യത്തുടനീളമുള്ള വിവിധ മേഖലകൾക്ക് പ്രയോജനപ്പെടുത്താൻ ഉദ്ദേശിച്ചുള്ള യൂണിയൻ അറ്റ്‌ലസ് യുഎഇയുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുകയും, ചരിത്രവും സാംസ്കാരിക പൈതൃകവും പര്യവേക്ഷണം ചെയ്യുന്നതുമാണ്.
രാജ്യത്തിന്റെ എല്ലാ ഭൂമിശാസ്ത്രപരമായ സവിശേഷതകളും നിർവചനങ്ങളും കോഡുകളും നൽകുന്ന ദേശീയ സ്പേഷ്യൽ ചട്ടക്കൂടിനുള്ളിൽ ഉൾപ്പെട്ട നാഷണൽ ജിയോസ്‌പേഷ്യൽ ഫീച്ചേഴ്‌സ് കാറ്റലോഗിന്റെ സാധ്യതകളും യോഗം അവലോകനം ചെയ്തു.
അടിസ്ഥാന ഭൂമിശാസ്ത്ര വിവര സംവിധാനവും രാജ്യത്തുടനീളമുള്ള പ്രദേശങ്ങളെ ഉൾക്കൊള്ളുന്ന വിശദമായ സ്പേഷ്യൽ ഡാറ്റയും നൽകുന്നതിലൂടെ യുഎഇയുടെ വികസന പദ്ധതികൾ മെച്ചപ്പെടുത്തുന്നതിൽ കേന്ദ്രം വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് യോഗത്തിൽ ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. തന്ത്രപരമായ പങ്കാളികളുമായി സഹകരിച്ച് അത്തരം വിവരങ്ങൾക്കായുള്ള മാനദണ്ഡങ്ങളും സവിശേഷതകളും നിർണ്ണയിക്കുന്നതിൽ കേന്ദ്രത്തിൻ്റെ സംഭാവനയും അദ്ദേഹം എടുത്തുകാണിച്ചു.
യുഎഇയുടെ സാമ്പത്തിക, ഭൂമിശാസ്ത്ര, സാമൂഹിക വശങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ ഗവേഷണങ്ങളെ പിന്തുണയ്ക്കുന്നതിനും രാജ്യത്തുടനീളമുള്ള എല്ലാ ഭൂമിശാസ്ത്രപരമായ വിവരങ്ങൾക്കും ഔദ്യോഗിക റഫറൻസ് നൽകുന്നതിനും കേന്ദ്രത്തെയും, ജീവനക്കാരെയും രാഷ്ട്രപതി അഭിനന്ദിച്ചു.
രാജ്യത്തുടനീളമുള്ള വിവിധ മേഖലകളിലെ കേന്ദ്രത്തിൻ്റെ പദ്ധതികൾക്കും ദേശീയ സംരംഭങ്ങൾക്കും പിന്തുണ നൽകുന്നതിൽ യുഎഇ നേതൃത്വത്തിൻ്റെ പങ്കിനെ സെൻ്റർ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയർമാൻ ഡോ ഖലീഫ അൽ റുമൈത്തിയും സെൻ്ററിൻ്റെ ജനറൽ മാനേജർ ഹമദ് അൽ കാബിയും ഉൾപ്പെട്ട പ്രതിനിധി സംഘം, അഭിനന്ദിച്ചു.
WAM/അമൃത രാധാകൃഷ്ണൻ