അബുദാബി, 31 ജനുവരി 2024 (WAM) -- യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, മിഡിൽ ഈസ്റ്റിലെ നിലവിലെ സംഭവവികാസങ്ങളെക്കുറിച്ചും സമീപ കിഴക്കൻ പ്രദേശങ്ങളിലെ പലസ്തീൻ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്ര സംഘടനയുടെ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിയുടെ മാനുഷിക ചുമതലകൾ നിർവഹിക്കുന്നതിൽ പിന്തുണയ്ക്കുന്നതിനുള്ള വഴികളെക്കുറിച്ചും കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാരിനിയുമായി ചർച്ച ചെയ്തു. യുഎൻആർഡബ്ല്യുഎ കമ്മീഷണറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇത് സംബന്ധിച്ച ചർച്ചകൾ നടന്നത്.
ഗാസ മുനമ്പിലെ പലസ്തീൻ ജനതയ്ക്ക് മാനുഷിക സഹായങ്ങളും വൈദ്യസഹായവും വിതരണം ചെയ്യേണ്ടതിൻ്റെ ആവശ്യകതയും പലസ്തീനിലെ സ്ഥിതി കൂടുതൽ വഷളാക്കുന്നത് ഒഴിവാക്കേണ്ടതിൻ്റെ ആവശ്യകതയും ഇരുപക്ഷവും ചർച്ച ചെയ്തു.
യുഎൻആർഡബ്ല്യുഎയ്‌ക്കുള്ള യുഎഇയുടെ പിന്തുണയും മാനുഷിക സഹായം എത്തിക്കുന്നതിലും പലസ്തീൻ അഭയാർഥികളെ പിന്തുണയ്ക്കുന്നതിലും അത് വഹിക്കുന്ന പങ്കിൻ്റെ പ്രാധാന്യവും യുഎഇ ഉന്നത നയതന്ത്രജ്ഞൻ സ്ഥിരീകരിച്ചു. യുഎൻആർഡബ്ല്യുഎയുടെയും മറ്റ് യുഎൻ ഏജൻസികളുടെയും സഹായം ആവശ്യമായി വരുന്ന രണ്ട് ദശലക്ഷം ആളുകൾക്ക് പ്രത്യേകിച്ച് ഗാസ മുനമ്പിൽ, സഹോദരങ്ങളായ പലസ്തീൻ ജനത അഭിമുഖീകരിക്കുന്ന നിലവിലെ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ യുഎൻആർഡബ്ല്യുഎയുടെ പങ്ക് പ്രധാനമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
യുഎൻആർഡബ്ല്യുഎയുടെ ചില ജീവനക്കാർക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി പെട്ടെന്ന് നടപടി എടുത്തതിനേയും അദ്ദേഹം അഭിനന്ദിച്ചു. യുഎൻആർഡബ്ല്യുഎയുടെ മാനുഷിക ശ്രമങ്ങളിലും പലസ്തീൻ അഭയാർഥികൾക്ക് അത് നൽകുന്ന സുപ്രധാനവും അടിയന്തരവുമായ സേവനങ്ങളിൽ ഈ വിഷയം പ്രതികൂലമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
യുഎൻആർഡബ്ല്യുഎയ്‌ക്കുള്ള ധനസഹായം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്ന ദാതാക്കളുടെ രാജ്യങ്ങളോട് ഈ തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കാനും ഏജൻസിയെ അതിൻ്റെ മാനുഷിക ചുമതലകൾ നിർവഹിക്കാൻ പ്രാപ്‌തമാക്കുന്നതിന് പിന്തുണ നൽകുന്നത് തുടരാനും ശൈഖ് അബ്ദുല്ല ആവശ്യപ്പെട്ടു.
WAM/ അമൃത രാധാകൃഷ്ണൻ