ദുബായ്, 31 ജനുവരി 2024 (WAM) -- യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച ദുബായ് സോഷ്യൽ അജണ്ട 33 ന് അനുസൃതമായി ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, 'ദുബായ് സ്‌കൂൾസ്' പദ്ധതിയുടെ വിപുലീകരണത്തിന് ബജറ്റിൽ 530 ദശലക്ഷം ദിർഹം വകയിരുത്തുന്നതിന് അംഗീകാരം നൽകി.
അൽ ഖവാനീജിൽ ഒരു പുതിയ സ്കൂൾ സ്ഥാപിക്കാനും, ദുബായ് സ്‌കൂൾ അൽ ബർഷ ബ്രാഞ്ച് വിപുലീകരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഇതോടെ 6,400-ലധികം സീറ്റുകൾ, 295 ക്ലാസ് മുറികൾ, 123 ലബോറട്ടറികൾ, പ്രത്യേക ക്ലാസ് മുറികൾ എന്നിവ കൂട്ടിച്ചേർക്കാനും, 2033 ഓടെ 'ദുബായ് സ്‌കൂളുകൾ' വാഗ്ദാനം ചെയ്യുന്ന മൊത്തം സീറ്റുകളുടെ എണ്ണം 15,000 ആയി ഉയർത്താനും കഴിമെന്നാണ് പ്രതീക്ഷിക്കുന്നത്.
“ ശൈഖ് മുഹമ്മദ് ബിൻ റാഷിദിൻ്റെ കാഴ്ചപ്പാടുമായി യോജിച്ച്, കഴിവുള്ള ഭാവി നേതാക്കളെ പരിപോഷിപ്പിക്കാനും ശാക്തീകരിക്കാനും പ്രാപ്തമായ ഒരു നൂതന വിദ്യാഭ്യാസ സംവിധാനം ദുബായിൽ സ്ഥാപിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ദുബായിൽ ലോകത്തെ മുൻനിര വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത 'കുടുംബം: രാഷ്ട്രത്തിൻ്റെ അടിത്തറ' എന്ന പ്രമേയത്തിന് കീഴിലുള്ള ദുബായ് സോഷ്യൽ അജണ്ട ഡി33ന് അനുസൃതമാണ്. വിദ്യാഭ്യാസ മികവിൻ്റെ ഒരു സംസ്കാരം വളർത്തിയെടുക്കുന്നതിലൂടെ, പുതുതലമുറയെ രാജ്യത്തിന്റെ ഭാവിക്കായി സജ്ജരാക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പരിതസ്ഥിതിയിൽ അഭിവൃദ്ധി പ്രാപിക്കാൻ ആവശ്യമായ കഴിവുകളും അറിവും ഈ പദ്ധതി വിപുലീകരിക്കുന്നതിനുള്ള പുതിയ സംരംഭം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും വിദ്യാഭ്യാസ മികവിൻ്റെ ആഗോള മാനദണ്ഡങ്ങൾ പാലിക്കാനും പദ്ധതി സംഭാവന ചെയ്യും, " ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് പറഞ്ഞു.
ദുബായിലെ വിദ്യാഭ്യാസ നിലവാരം ഉയർത്താനും ലോകത്തെ മികച്ച 10 നഗരങ്ങളിൽ ഇടം നേടാനും ശ്രമിക്കുന്ന ദുബായ് സോഷ്യൽ അജണ്ട ഡി33ൻ്റെ ലക്ഷ്യങ്ങളുമായി ‘ദുബായ് സ്‌കൂൾസ്’ പദ്ധതിയുടെ വിപുലീകരണം യോജിക്കുന്നു. ലഭ്യമായ സ്‌കൂളുകളുടെയും സീറ്റുകളുടെയും എണ്ണം വർധിപ്പിക്കുക, പുതിയ സാങ്കേതികവിദ്യകളിലും സൗകര്യങ്ങളിലും നിക്ഷേപം നടത്തുക, ക്ലാസ് മുറിയിൽ നൂതനത്വവും സർഗ്ഗാത്മകതയും പ്രോത്സാഹിപ്പിക്കുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് എമിറേറ്റിൽ ലോകോത്തര വിദ്യാഭ്യാസ സംവിധാനം കെട്ടിപ്പടുക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ആദ്യ ഘട്ടത്തിൽ, 'ദുബായ് സ്‌കൂൾ' പദ്ധതി 1,205 വിദ്യാർത്ഥികളെ സ്വാഗതം ചെയ്തു, തുടർന്ന് രണ്ടാം വർഷമായപ്പോഴേക്കും ഇത് 1,965 വിദ്യാർത്ഥികളായി വർദ്ധിച്ചു. കഴിഞ്ഞ അധ്യയന വർഷമായപ്പോഴേക്കും പദ്ധതിയിൽ എൻറോൾ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണം 2,580 ആയി. ഇതിൽ 38 വ്യത്യസ്‌ത രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന വിദ്യാർത്ഥി സമൂഹമുണ്ട് എന്ന വസ്തുതയും ശ്രദ്ധേയമാണ്.
446,720 ചതുരശ്ര അടി വിസ്തീർണമുള്ള അൽ ഖവാനീജിലെ പുതിയ സ്‌കൂളുകൾ കിൻ്റർഗാർട്ടൻ മുതൽ ഗ്രേഡ് 12 വരെയുള്ള 4,028 വിദ്യാർത്ഥികൾക്ക് പഠിക്കാൻ കഴിയുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യകളാൽ സജ്ജീകരിച്ച പ്രത്യേക ക്ലാസ് മുറികൾ, സെമി ഒളിമ്പിക് പൂൾ, ഇൻഡോർ സ്‌പോർട്‌സ് ഹാളുകൾ, ആദ്യകാല സ്‌പോർട്‌സ് ഹാൾ, ലൈബ്രറി, അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന ഫുട്‌ബോൾ പിച്ച്, അഞ്ച് ഔട്ട്‌ഡോർ കോർട്ടുകൾ എന്നിവയുൾപ്പെടെ മൂന്ന് ഇൻഡോർ പൂളുകൾ ഉൾക്കൊള്ളുന്ന സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഈ നൂതന സൗകര്യങ്ങൾ അന്താരാഷ്ട്ര തലത്തിൽ പഠന അന്തരീക്ഷം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അൽ ബർഷ ശാഖയുടെ വിപുലീകരണം പൂർത്തിയാകുമ്പോൾ മൊത്തം വിദ്യാർത്ഥികളുടെ ശേഷി 3,520ആയി വർധിക്കും. സെമി-ഒളിമ്പിക് പൂൾ ഉൾപ്പെടെ രണ്ട് ഇൻഡോർ പൂളുകളും രാജ്യാന്തര നിലവാരത്തിൽ രൂപകല്പന ചെയ്ത ഫുട്ബോൾ പിച്ചും പദ്ധതിയിൽ ഉൾപ്പെടുത്തും. കൂടാതെ, വിപുലീകരണത്തിൽ രണ്ട് സ്‌പോർട്‌സ് ഹാളുകൾ, ഏഴ് ബഹുമുഖ ഔട്ട്‌ഡോർ കോർട്ടുകൾ, 6,800 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു ലൈബ്രറി, 52 ലബോറട്ടറികൾ, പ്രത്യേക ക്ലാസ് മുറികൾ എന്നിവ ഉൾപ്പെടുന്നു.
പദ്ധതികൾ 50 ശതമാനം പൂർത്തീകരിച്ചതായും, അടുത്ത അധ്യയന വർഷത്തേക്ക് പ്രവർത്തന സജ്ജമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നോളജ് ഫണ്ട് എസ്റ്റാബ്ലിഷ്‌മെൻ്റും ദുബായ് മുനിസിപ്പാലിറ്റിയും അറിയിച്ചു,
"വിദ്യാർത്ഥികൾക്ക് സമഗ്രമായ വിദ്യാഭ്യാസവും ഭാവിയിൽ വിജയിക്കാൻ ആവശ്യമായ വൈദഗ്ധ്യങ്ങളും കഴിവുകളും പ്രദാനം ചെയ്യുന്ന ഒരു സംയോജിത, സുസ്ഥിര വിദ്യാഭ്യാസ സംവിധാനം സ്ഥാപിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. നഗരത്തിൻ്റെ ദ്രുതഗതിയിലുള്ള വളർച്ച നിലനിർത്തുന്നതിന്, സുസ്ഥിര നഗരാസൂത്രണത്തിലെ ഉയർന്ന നിലവാരത്തിനൊപ്പം, നഗരത്തിൻ്റെ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സംരംഭങ്ങളിൽ ദുബായ് മുനിസിപ്പാലിറ്റി സജീവമായി ഏർപ്പെട്ടിരിക്കുകയാണ്. അതിനാൽ, എമിറേറ്റിലെ നിവാസികളുടെ ജീവിതത്തെ സമ്പന്നമാക്കുന്നതിനും, മികച്ച സമൂഹത്തെ പരിപോഷിപ്പിക്കുന്നതിനുമുള്ള ദുബായുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാനുള്ള മുനിസിപ്പാലിറ്റിയുടെ വിശാലമായ ദൗത്യത്തിൻ്റെ ഭാഗമാണ് ഈ ശ്രമം. ഭാവി തലമുറയ്ക്കായി തന്ത്രപരമായ നിക്ഷേപങ്ങൾ നടത്താനുള്ള ഞങ്ങളുടെ നേതൃത്വത്തിൻ്റെ പ്രതിബദ്ധതയുടെ തെളിവാണ് ‘ദുബായ് സ്‌കൂൾസ്’ പദ്ധതി," എന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്‌രി പറഞ്ഞു.
“ദുബായിലെ എല്ലാ വിഭാഗ ജനങ്ങൾക്കും ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നത് ഉൾപ്പെടെയുള്ള സമഗ്രമായ ലക്ഷ്യങ്ങളാണ് ഈ പദ്ധതികൾ ലക്ഷ്യമിടുന്നത്. നിലവിലുള്ള ദുബായ് സ്കൂളിനെ വിന്യസിച്ച് എമിറേറ്റിലെ വിദ്യാഭ്യാസ അന്തരീക്ഷത്തിൽ ദീർഘകാല സ്വാധീനം ചെലുത്തുന്ന തരത്തിലാണ് പദ്ധതികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്,"പുതിയ പദ്ധതികളുടെ ലക്ഷ്യങ്ങൾ വിശദീകരിച്ച് കൊണ്ട് നോളജ് ഫണ്ട് എസ്റ്റാബ്ലിഷ്‌മെൻ്റ് ചെയർമാൻ അഹ്മദ് അബ്ദുൾ കരീം ജുൽഫർ, അഭിപ്രായപ്പെട്ടു.
WAM/ അമൃത രാധാകൃഷ്ണൻ