അബുദാബി, 31 ജനുവരി 2024 -- അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനത്തോടനുബന്ധിച്ച് യുഎഇ സഹിഷ്ണുത, സഹവർത്തിത്വ മന്ത്രാലയത്തിൻ്റെ പങ്കാളിത്തത്തോടെ ട്രെൻഡ് റിസർച്ച് ആൻഡ് അഡൈ്വസറി, ഇസ്‌ലാമിൻ്റെ പഠനത്തിനുള്ള യൂണിവേഴ്‌സിറ്റി പ്ലാറ്റ്‌ഫോമുമായി സഹകരിച്ച്, 'പ്ലൂറിയൽ' നാലാമത്തെ അന്താരാഷ്ട്ര സമ്മേളനത്തിന് അബുദാബി ആതിഥേയത്വം വഹിക്കും.
അബുദാബി ഡോക്യുമെൻ്റ് എന്ന് വിളിക്കപ്പെടുന്ന 'ലോകസമാധാനത്തിനും സഹവർത്തിത്വത്തിനുമുള്ള മനുഷ്യ സാഹോദര്യത്തിനായുള്ള ഡോക്യുമെൻ്റ്' ഒപ്പു വെച്ചത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
'ഇസ്‌ലാമും മനുഷ്യ സാഹോദര്യവും: സഹവർത്തിത്വത്തെക്കുറിച്ചുള്ള അബുദാബി പ്രഖ്യാപനത്തിൻ്റെ സ്വാധീനവും സാധ്യതകളും' എന്ന ശീർഷകത്തിൽ ഫെബ്രുവരി 4 ന്, ആരംഭിക്കുന്ന നാല് ദിവസത്തെ സമ്മേളനം അബുദാബിയിലെ ട്രെൻഡ്സ് റിസർച്ച് ആൻഡ് അഡ്വൈസറിയുടെ ആസ്ഥാനത്ത് നടക്കും.
സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും, അൽ-അസ്ഹറിലെ ഗ്രാൻഡ് ഇമാം ഡോ. അഹമ്മദ് എൽ-തയീബും, കത്തോലിക്കാ സഭയുടെ തലവൻ വിശുദ്ധ ഫ്രാൻസിസ് മാർപാപ്പയും മുഖ്യ സെഷനിൽ സംസാരിക്കും.
40 സർവ്വകലാശാലകളിൽ നിന്നും ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുമായി 57-ലധികം പ്രഭാഷകരും, ചെയർപേഴ്സണുകളും പങ്കെടുക്കുന്ന 12 സെഷനുകളും അഞ്ച് ഉൾക്കാഴ്ചയുള്ള പ്രഭാഷണങ്ങളും സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
വിവിധ ജാതിമതസ്ഥർ തമ്മിലുള്ള ആഗോള സഹവർത്തിത്വത്തിൽ അഞ്ച് വർഷം മുമ്പ് ഡോ. അഹമ്മദ് എൽ-തയീബും ഫ്രാൻസിസ് മാർപാപ്പയും ഒപ്പിട്ട, മനുഷ്യ സാഹോദര്യത്തിലെ ഡോക്യുമെൻ്റിൻ്റെ സ്വാധീനം വിലയിരുത്താനും, ഭാവി സാധ്യതകൾ പര്യവേക്ഷണം ചെയ്യാനും ഒരു സവിശേഷ അവസരമാണ് ഈ സമ്മേളനം.
സമ്മേളനത്തിൽ ഡോക്യുമെൻ്റിൻ്റെ സ്വാധീനം പര്യവേക്ഷണം ചെയ്യുകയും ആഗോള മനുഷ്യ സാഹോദര്യം പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ പരിവർത്തനങ്ങൾ വിശകലനം ചെയ്യുമെന്നും ട്രെൻഡ് റിസർച്ച് ആൻഡ് അഡ്വൈസറി സിഇഒ ഡോ. മുഹമ്മദ് അബ്ദുല്ല അൽ-അലി പറഞ്ഞു.
ആദ്യത്തേത് ബഹുസാംസ്കാരികവും ബഹുസ്വരവുമായ സമൂഹങ്ങളിലെ മനുഷ്യ പൗരത്വത്തെ കേന്ദ്രീകരിക്കുന്ന സാമൂഹിക-നിയമങ്ങൾ, രണ്ടാമത്തേത് നിലവിലെ സംഘർഷങ്ങളിൽ മതത്തിൻ്റെയും പ്രത്യയശാസ്ത്രത്തിൻ്റെയും പങ്ക് പരിശോധിക്കുന്ന ഭൗമരാഷ്ട്രീയ അച്ചുതണ്ട്; മതപരവും ദൈവശാസ്ത്രപരവുമായ അച്ചുതണ്ട് എന്നിങ്ങനെ ചർച്ചകൾ മൂന്ന് പ്രധാന അച്ചുതണ്ടുകൾ ഉയർത്തിക്കാട്ടും.
WAM/ അമൃത രാധാകൃഷ്ണൻ