ദുബായ്, 31 ജനുവരി 2024 (WAM) -- അൾജീരിയ സ്ട്രീറ്റിൻ്റെയും അൽ ഖവാനീജ് സ്ട്രീറ്റിൻ്റെയും (തെക്ക്) കവല മുതൽ അൽ മുഹൈസ്‌ന (1), അൽ മിസാർ (1) എന്നിവിടങ്ങളിലെ ടുണിസ് സ്ട്രീറ്റ് (വടക്ക്) വരെ നീളുന്ന 2 കിലോമീറ്റർ നീളമുള്ള അൾജീരിയ സ്ട്രീറ്റ് നവീകരണ പദ്ധതി പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അധികൃതർ അറിയിച്ചു.
ദുബായിലുടനീളമുള്ള റോഡ് നവീകരിക്കുന്നതിനും ഗതാഗതം മെച്ചപ്പെടുത്തുന്നതിനും ഉയർന്ന ജനസംഖ്യാ വളർച്ചാ നിരക്കുള്ള റെസിഡൻഷ്യൽ മേഖലകളിൽ സേവനം നൽകുന്നതിനുമുള്ള ആർടിഎയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് പദ്ധതി.
"അൽ ഖവാനീജ് സ്ട്രീറ്റിന് സമീപമുള്ള സ്ട്രീറ്റ് 11-ൻ്റെ കവല മുതൽ ടുണിസ് സ്ട്രീറ്റിലേക്കുള്ള കവല വരെ അൾജീരിയ സ്ട്രീറ്റ് വീതി കൂട്ടുന്നതും സ്ട്രീറ്റ് 27, 31 എന്നിവയും പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുന്നു. നവീകരണത്തിന് റോഡിൻ്റെ ശേഷി മണിക്കൂറിൽ 6,000 വാഹനങ്ങളിൽ നിന്ന് 9,000 വാഹനങ്ങളായി ഉയർന്നു,” ആർടിഎയുടെ റോഡ്‌സ്, ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി ഡയറക്ടർ ഹമദ് അൽ ഷെഹി പറഞ്ഞു.
“ഈ റോഡിലെ റൗണ്ട് എബൗട്ടിനെ ഇടത് തിരിവുകൾ നൽകുന്നതിനായി സിഗ്നലൈസ്ഡ് ജംഗ്ഷനാക്കി മാറ്റുകയും അതുവഴി മുഹൈസിനയിലെയും അൽ മിസാറിലെയും റെസിഡൻഷ്യൽ കമ്മ്യൂണിറ്റികൾക്ക് സേവനം നൽകുകയും ചെയ്യുന്നത് പദ്ധതിയിൽ ഉൾപ്പെടുന്നു. അൾജീരിയ സ്ട്രീറ്റിൻ്റെ ഇടതുവശത്ത് സ്ട്രീറ്റ് 11 മുതൽ സ്ട്രീറ്റ് 27 വരെയും വലതുവശത്ത് സ്ട്രീറ്റ് 27 മുതൽ ടുണിസ് സ്ട്രീറ്റ് വരെയും വ്യാപിച്ചുകിടക്കുന്ന സൈക്ലിംഗ് ട്രാക്കുകളും നിയുക്ത കാൽനട മേഖലകളും ഉൾപ്പെടുത്തിയാണ് അൾജീരിയ സ്ട്രീറ്റ് നവീകരണം പൂർത്തിയാക്കിയത്. ഈ നവീകരണം റോഡിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും തിരക്കുള്ള സമയങ്ങളിൽ അൽ ഖവാനീജ് സ്ട്രീറ്റിൽ നിന്ന് ടുണിസ് സ്ട്രീറ്റിലേക്കുള്ള യാത്രാ സമയം 15 മിനിറ്റിൽ നിന്ന് 7 മിനിറ്റായി കുറയ്ക്കുന്നതിനും സഹായിക്കുന്നുണ്ട്," എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
27, 31 സ്ട്രീറ്റുകൾക്കുള്ള സർവീസ് റോഡുകളുമായി ബന്ധിപ്പിച്ച് അൾജീരിയ സ്ട്രീറ്റിൻ്റെ ഇരുവശങ്ങളിലും ഒരു സർവീസ് റോഡ് നിർമ്മിക്കൽ, അൾജീരിയ ജംഗ്ഷനോട് ചേർന്നുള്ള പ്രദേശങ്ങളിൽ ആംഗിൾ പാർക്കിംഗ് സഹിതം വില്ലകൾക്ക് സമാന്തര പാർക്കിംഗ് സ്ഥലങ്ങൾ ഇരുവശത്തും നൽകൽ എന്നിവയും നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
WAM/അമൃത രാധാകൃഷ്ണൻ