രക്ഷാകർതൃ സൗഹൃദ സംഘടനകളെ യുഎഇ രാഷ്ട്രപതി ആദരിച്ചു

അബുദാബി, 1 ഫെബ്രുവരി 2024 (WAM) -- കുടുംബത്തിന് പിന്തുണ നൽകുന്നതിന് മുൻഗണന നൽകുകയും,
ജോലി സമയങ്ങളിൽ രക്ഷകർത്താവ് എന്ന നിലയിൽ അവരുടെ പങ്ക് നിറവേറ്റാൻ പ്രാപ്തരാക്കുകയും ചെയ്യുന്നത് സർക്കാരിൻ്റെ പരിപാടികളുടെയും തന്ത്രങ്ങളുടെയും കേന്ദ്ര ശ്രദ്ധയാണെന്ന് യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രസ്താവിച്ചു. വിദ്യാഭ്യാസത്തിൻ്റെ പ്രധാന സ്രോതസ്സാണ് കുടുംബങ്ങളെന്നും ശക്തവും സുസ്ഥിരവുമായ ഒരു സമൂഹത്തിൻ്റെ ആണിക്കല്ലാണ് അവയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അബുദാബി ഏർലി ചൈൽഡ്ഹുഡ് അതോറിറ്റിയുടെ(ഇസിഎ) പാരൻ്റ്-ഫ്രണ്ട്‌ലി ലേബൽ (പിഎഫ്എൽ) കരസ്ഥമാക്കിയ സ്ഥാപനങ്ങളെ ആദരിക്കുന്ന ചടങ്ങിനിടെയാണ് അദ്ദേഹം ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്.

ജോലി ചെയ്യുന്ന മാതാപിതാക്കളെ പിന്തുണയ്ക്കുന്ന നയങ്ങളും ചട്ടക്കൂടുകളും സ്വീകരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കാനും, കുട്ടികൾക്ക് ഏറ്റവും മികച്ച പരിചരണം നൽകാൻ അവരെ പ്രാപ്തരാക്കാനും ലക്ഷ്യമിട്ട് യുഎഇയുടെ അർദ്ധ സർക്കാർ, സ്വകാര്യ, മൂന്നാം മേഖലകളിലെ സ്ഥാപനങ്ങളെയാണ് പിഎഫ്എൽ പ്രോഗ്രാം ലക്ഷ്യമിടുന്നത്. അബുദാബിയിലെ ഖസർ അൽ ഷാതിയിൽ നടന്ന അനുമോദന ചടങ്ങിൽ ഓഫീസ് ഓഫ് ഡെവലപ്‌മെൻ്റ് ആൻ്റ് രക്തസാക്ഷി കുടുംബകാര്യങ്ങളുടെ ചെയർമാനും ഇസിഎ ചെയർമാനുമായ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു.

രക്ഷാകർതൃ പിന്തുണയുള്ള തൊഴിൽ സംസ്കാരം സ്വീകരിക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്ക് പ്രോഗ്രാമിൽ പങ്കെടുക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും ശൈഖ് മുഹമ്മദ് അഭിനന്ദനം അറിയിച്ചു. ജോലിയും കുടുംബജീവിതവും സന്തുലിതമാക്കാൻ മാതാപിതാക്കളെ പ്രാപ്തരാക്കാനും, കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താനും ഫലപ്രദമായ രക്ഷാകർതൃത്വം പ്രോത്സാഹിപ്പിക്കാനും പദ്ധതി സഹായിക്കുമെന്നും ഇത് കുട്ടിയിലും കുടുംബത്തിലും സമൂഹത്തിലും നല്ല സ്വാധീനം ചെലുത്തുമെന്നും യുഎഇ രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.

ജോലി ചെയ്യുന്ന രക്ഷിതാക്കൾക്ക് കുട്ടികളെ വളർത്താൻ മതിയായ സമയം അനുവദിക്കുന്നത് ഭാവി തലമുറയെ വാർത്തെടുക്കാനും രാജ്യത്തിൻ്റെ വികസനത്തിനും വളർച്ചയ്ക്കും മുന്നേറ്റത്തിനും സഹായിക്കുമെന്നും, അദ്ദേഹം അഭിപ്രായപ്പെട്ടു.

സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ സ്വാധീനവും ജോലിസ്ഥലത്തെ കാര്യക്ഷമതയിൽ അതുണ്ടാക്കുന്ന നല്ല സ്വാധീനവും കണക്കിലെടുത്ത് മാതാപിതാക്കളെ പിന്തുണയ്ക്കുന്ന ഒരു തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് എല്ലാ സംസ്ഥാന സ്ഥാപനങ്ങളും ബോധവാന്മാരാകേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും യുഎഇ രാഷ്ട്രപതി ഊന്നിപ്പറഞ്ഞു.

അബുദാബി എക്‌സിക്യൂട്ടീവ് അഫയേഴ്‌സ് അതോറിറ്റി ചെയർമാനും എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവുമായ ഖൽദൂൻ ഖലീഫ അൽ മുബാറക്, കമ്മ്യൂണിറ്റി ഡവലപ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് ചെയർമാൻ ഡോ. മുഗീർ ഖമീസ് അൽ ഖൈലി, ഇസിഎ ഡയറക്ടർ ജനറൽ സന മുഹമ്മദ് സുഹൈൽ, പിഎഫ്എൽ ലേബൽ അർഹരായ സ്ഥാപനങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും അംഗീകാര ചടങ്ങിൽ പങ്കെടുത്തു.

യുഎഇയിലുടനീളമുള്ള ജോലിസ്ഥലങ്ങളിൽ നല്ല സ്വാധീനം ചെലുത്തിയ പിഎഫ്എൽ പ്രോഗ്രാമിനുള്ള പിന്തുണക്ക് യുഎഇ നേതൃത്വത്തെ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അഭിനന്ദിച്ചു. ഇന്ന് കൂടുതൽ സംഘടനകൾ ഫ്ലെക്സിബിലിറ്റി വാഗ്ദാനം ചെയ്യുന്നതിനും, കുടുംബങ്ങളുടെ ആവശ്യങ്ങൾ കേൾക്കുന്നതിനും മനസ്സിലാക്കുന്നതിനും, ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും മൊത്തത്തിലുള്ള ക്ഷേമത്തെ പിന്തുണയ്ക്കുന്നതിനും കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാകർതൃ-സൗഹൃദ ജോലിസ്ഥലങ്ങൾ ജോലി ചെയ്യുന്ന മാതാപിതാക്കൾക്ക് ജോലിസ്ഥലത്തും വീട്ടിലും അഭിവൃദ്ധി പ്രാപിക്കാനും, ജീവനക്കാരെ നിലനിർത്തൽ, തൊഴിലുടമയുടെ ആകർഷണം വർധിപ്പിക്കൽ, ലാഭക്ഷമത വർദ്ധിപ്പിക്കൽ എന്നിവ പോലുള്ള നല്ല ബിസിനസ്സ് ഫലങ്ങൾ കൈവരിക്കാൻ കഴിയുമെന്നും ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.

വിവിധ വ്യവസായങ്ങളിലുള്ള ജോലിയുടെ ഭാവിയെ ഗുണപരമായി സ്വാധീനിക്കുമെന്ന തൻ്റെ വിശ്വാസം ബാല്യകാല വികസനത്തിന് സംഭാവന നൽകുന്ന നിരവധി സംരംഭങ്ങളിൽ ഒന്നായി പിഎഫ്എൽ പ്രോഗ്രാമിനെ പരാമർശിച്ചുകൊണ്ട്, ശൈഖ് തിയാബ് ആവർത്തിച്ചു

രക്ഷാകർതൃ-സൗഹൃദ ലേബൽ നേടിയ 12 സംഘടനകളിൽ ഡബ്ല്യുഡബ്ല്യുഎഫുമായി സഹകരിച്ച് എമിറേറ്റ്സ് നേച്ചർ, ടാപ്പി ടോസ് നഴ്സറി എന്നീ രണ്ട് സംഘടനകൾ രക്ഷാകർതൃ-സൗഹൃദ നയങ്ങളിലും സമ്പ്രദായങ്ങളിലും ആഗോള നിലവാരം പുലർത്തുന്നതിനോ അതിലധികമോ ആയതിന് പിഎഫ്എൽ+ വർഗ്ഗീകരണം നേടി. ഡിഇഎ മിഡിൽ ഈസ്റ്റ്, ബെയിൻ കോ, മുബദാല ഇൻവെസ്റ്റ്‌മെൻ്റ് കമ്പനി, നൊവാർട്ടിസ്, നെസ്‌ലെ, ലിങ്ക്ഡ്ഇൻ, ഹൂബാറ ഡിഫൻസ് സെക്യൂരിറ്റി, വിസ മിഡിൽ ഈസ്റ്റ്, ചൽഹൂബ് ഗ്രൂപ്പ്, നബ്ത ഹെൽത്ത്, വിൻ്റർഷാൽ എന്നിവയാണ് പ്രാദേശിക മുൻനിര രക്ഷാകർതൃ സൗഹൃദ നയങ്ങളും സമ്പ്രദായങ്ങളും മറികടന്നതിന് പിഎഫ്എൽ നേടിയ 10 സംഘടനകൾ.

രാജ്യത്തുടനീളമുള്ള 75 അപേക്ഷകർ പാരൻ്റ്-ഫ്രണ്ട്‌ലി ലേബലിനായി അപേക്ഷിച്ചു. ഓരോന്നും വിവിധ എമിറേറ്റുകളിൽ നിന്നുള്ള മുതിർന്ന നേതാക്കൾ അടങ്ങുന്ന ഒരു സ്വതന്ത്ര ജഡ്ജിംഗ് പാനൽ വിലയിരുത്തിയാണ് അർഹരായവരെ കണ്ടെത്തിയത്. മൊത്തത്തിൽ, ഈ ചക്രം 48,000-ലധികം കുട്ടികളുടെ ജീവിതത്തെ ഗുണപരമായി സ്വാധീനിക്കുകയും 66,000-ത്തോളം മാതാപിതാക്കളും 1,500 കുട്ടികളും ഉൾപ്പെടെ, പങ്കെടുക്കുന്ന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 127,000-ലധികം ജീവനക്കാരിൽ എത്തിച്ചേരുകയും ചെയ്തു.

അടുത്ത സൈക്കിളിനായുള്ള (സൈക്കിൾ 3) അപേക്ഷകൾ ഈ വർഷം ഫെബ്രുവരി 27-ന് ആരംഭിച്ച് സെപ്തംബർ അവസാനം വരെ നീളുമെന്നും അധികൃതർ അറിയിച്ചു. യുഎഇയിലെ സ്വകാര്യ മേഖലയിലോ അർദ്ധ സർക്കാർ മേഖലയിലോ മൂന്നാം മേഖലയിലോ ഉള്ള സ്‌ഥാപനങ്ങൾക്ക് ഓൺലൈനായി യോഗ്യതാ മാനദണ്ഡങ്ങൾ അവലോകനം ചെയ്ത് www.eca.gov.ae എന്ന വെബ്സൈറ്റിൽ അപേക്ഷകൾ സമർപ്പിക്കാമെന്നും അധികൃതർ അറിയിച്ചു.

രക്ഷാകർതൃ-സൗഹൃദ ലേബൽ പ്രോഗ്രാമിലൂടെ, അബുദാബി ഏർലി ചൈൽഡ്ഹുഡ് അതോറിറ്റി, ജോലി ചെയ്യുന്ന മാതാപിതാക്കളെ അവരുടെ പ്രൊഫഷണൽ ജീവിതത്തിലും വ്യക്തിജീവിതത്തിലും അഭിവൃദ്ധിപ്പെടുത്തുന്നതിനും അവരുടെ കൊച്ചുകുട്ടികൾക്ക് ജീവിതത്തിൽ മികച്ച തുടക്കം നൽകുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനും സഹായിക്കുന്നു.


WAM/അമൃത രാധാകൃഷ്ണൻ