വിയറ്റ്നാം അംബാസഡർക്ക് യുഎഇ രാഷ്‌ട്രപതി ഫസ്റ്റ് ക്ലാസ് മെഡൽ ഓഫ് ഇൻഡിപെൻഡൻസ് സമ്മാനിച്ചു

അബുദാബി, 1 ഫെബ്രുവരി 2024 (WAM) -- യുഎഇയിലെ വിയറ്റ്നാമിൻ്റെ അംബാസഡർ എന്ന നിലയിലെ തന്റെ പ്രവർത്തനങ്ങൾ അവസാനിക്കുന്ന അവസരത്തിൽ എൻഗുയെൻ മാൻ തുവാന്, രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വാതന്ത്ര്യത്തിൻ്റെ ഒന്നാം ക്ലാസ് മെഡൽ നൽകി ആദരിച്ചു. യുഎഇയിലെ അംബാസഡർ എന്ന നിലയിലെ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചാണ് മെഡൽ
സമ്മാനിച്ചത്.

വിദേശകാര്യ മന്ത്രാലയത്തിൻ്റെ ആസ്ഥാനത്ത് നടന്ന സ്വീകരണ ചടങ്ങിൽ രാഷ്ട്രപതിക്ക് വേണ്ടി സഹമന്ത്രി അഹമ്മദ് ബിൻ അലി അൽ സയേഗാണ് വിയറ്റ്നാം അംബാസഡർക്ക് മെഡൽ സമ്മാനിച്ചത്‌.

വിയറ്റ്നാമുമായി എല്ലാ മേഖലകളിലും ബന്ധം ശക്തിപ്പെടുത്താനുള്ള യുഎഇയുടെ താൽപ്പര്യം യോഗത്തിൽ അൽ സയേഗ് സ്ഥിരീകരിച്ചു. കൂടാതെ രാജ്യത്ത് തൻ്റെ ഭരണകാലത്ത് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിൽ അംബാസഡറുടെ പങ്കിന് നന്ദി രേഖപ്പെടുത്തുകയും, അദ്ദേഹത്തിൻ്റെ ഭാവി ചുമതലകളിൽ കൂടുതൽ വിജയവും വികസനവും ആശംസിക്കുകയും ചെയ്തു.

അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിൻ്റെ സ്ഥാനവും പ്രശസ്തിയും ഉയർത്താനുള്ള നേതൃത്വത്തിൻ്റെ തീക്ഷ്ണതയും അഭിലാഷങ്ങളും പ്രതിഫലിപ്പിക്കുന്ന യുഎഇയുടെ നേട്ടങ്ങളെ അഭിനന്ദിച്ചുകൊണ്ട് മാൻ തുവാൻ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോട് തൻ്റെ അഭിനന്ദനം അറിയിച്ചു. ചടങ്ങിൽ, തുവാന്റെ പ്രവർത്തന
കാലയളവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ കൈവരിച്ച പുരോഗതിയും അദ്ദേഹം എടുത്തുപറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള തൻ്റെ ദൗത്യത്തിൻ്റെ വിജയത്തിന് സംഭാവന നൽകിയതിന് യുഎഇയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും മാൻ തുവാൻ നന്ദി അറിയിച്ചു.


WAM/അമൃത രാധാകൃഷ്ണൻ