ദുബായ് കോടതിയിലെ പുതിയ ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ മുഹമ്മദ് ബിൻ റാഷിദ് അധ്യക്ഷനായി

ദുബായ്, 31 ജനുവരി 2024 (WAM) -- ദുബായ് കോടതികളിൽ പുതുതായി നിയമിതരായ 22 ജഡ്ജിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്  മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷത വഹിച്ചു.

അൽ ഷന്ദഗ മജ്‌ലിസിൽ നടന്ന ചടങ്ങിൽ, ജുഡീഷ്യറിയിലെ പുതുതായി നിയമിതരായ അംഗങ്ങൾക്ക്  തങ്ങളുടെ പുതിയ ചുമതലകളിലും, ദുബായിലെ നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിലും വിജയിക്കാനാകട്ടെയെന്ന് ശൈഖ് മുഹമ്മദ് ആശംസിച്ചു. നീതിന്യായ തത്വം എല്ലായ്പ്പോഴും ഉയർത്തിപ്പിടിക്കാനും അവരുടെ ജോലിയിൽ ഏറ്റവും ഉയർന്ന കാര്യക്ഷമത നിലനിർത്താനും ഉയർന്ന പ്രൊഫഷണൽ നിലവാരം പുലർത്താനും, സമൂഹത്തെ സംരക്ഷിക്കുന്നതിൽ അവരുടെ സുപ്രധാന പങ്കിനും നിയമവാഴ്ച നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യത്തിനും ഊന്നൽ നൽകാനും ജഡ്ജിമാരോട് ശൈഖ് മുഹമ്മദ് അഭ്യർത്ഥിച്ചു.

ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ്  ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യുഎഇയുടെ ഉപപ്രധാനമന്ത്രിയും  ധനകാര്യ മന്ത്രിയും   ദുബായ് ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയുമായ  ശൈഖ്  മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സത്യപ്രതിജ്ഞാ ചടങ്ങിൽ ദുബായ് അറ്റോർണി ജനറൽ ചാൻസലർ എസ്സാം ഇസ്സ അൽ ഹുമൈദാനും, കസേഷൻ കോടതി മേധാവി സെയ്ഫ് ഗാനേം അൽ സുവൈദി, ദുബായ് കോടതികളുടെ ഡയറക്ടർ ജനറൽ ജഡ്ജി അബ്ദുൾ ഖാദർ മൂസ മുഹമ്മദ് എന്നിവർ പങ്കെടുത്തു.

നീതിയെ ഉയർത്തിപ്പിടിക്കാനും നിയമം അനുസരിക്കാനും  സത്യസന്ധതയോടെ തങ്ങളുടെ കർത്തവ്യങ്ങൾ നിർവഹിക്കുമെന്നും പുതുതായി നിയമിതരായ ജഡ്ജിമാർ പ്രതിജ്ഞയെടുത്തു.


WAM/അമൃത രാധാകൃഷ്ണൻ