ദുബായ്, 1 ഫെബ്രുവരി 2024 (WAM) -- യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്നലെ തുർക്കി ഗ്രാൻഡ് നാഷണൽ അസംബ്ലിയുടെ സ്പീക്കർ നുമാൻ കുർത്തുൽമുഷിയുമായി ദുബായിലെ അൽ-ഷിന്ദഗ മജ്‌ലിസീൽ കൂടിക്കാഴ്ച്ച നടത്തി.
ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ദുബായ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായുടെ ആദ്യ ഡെപ്യൂട്ടി ഭരണാധികാരിയും യുഎഇയുടെ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ സ്വീകരണത്തിൽ പങ്കെടുത്തു.
കൂടിക്കാഴ്ച്ചയിൽ, യുഎഇയുടെ തുടർച്ചയായ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയുള്ള തുർക്കി രാഷ്ട്രപതി റെസെപ് തയ്യിപ് എർദോഗൻ്റെ ആശംസകൾ കുർത്തുൽമുഷി ശൈഖ് മുഹമ്മദ് ബിൻ റാഷിദിനെ അറിയിച്ചു.
യോഗത്തിൽ ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡൻ്റും ദുബായ് എയർപോർട്ട് ചെയർമാനും എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പിൻ്റെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം, ദുബായ് മീഡിയ ഇൻകോർപ്പറേറ്റഡ് ചെയർമാൻ ശൈഖ് ഹാഷർ ബിൻ മക്തൂം എന്നിവർ പങ്കെടുത്തു.
യോഗത്തിൽ ഇരു നേതാക്കളും യുഎഇയും തുർക്കിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും, പരസ്പര താൽപ്പര്യമുള്ള വിവിധ വിഷയങ്ങളും ചർച്ച ചെയ്തു. എല്ലാ മേഖലകളിലും ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ യോഗം പര്യവേക്ഷണം ചെയ്തു.
ഇരു രാജ്യങ്ങളിലെയും പൗരന്മാർക്കിടയിൽ സമാധാനം മുന്നോട്ട് കൊണ്ടുപോകുന്നതിലും സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും മേഖലയിലും ലോകമെമ്പാടുമുള്ള സാർവത്രിക മാനുഷിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും പാർലമെൻ്റുകളുടെ പങ്ക് അവർ എടുത്തുകാട്ടി.
തുർക്കി ഗ്രാൻഡ് നാഷണൽ അസംബ്ലിയുടെ സ്പീക്കറുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ശൈഖ് മുഹമ്മദ് നിരവധി പ്രാദേശിക പ്രമുഖർ, മുതിർന്ന ഉദ്യോഗസ്ഥർ, സർക്കാർ സ്ഥാപന മേധാവികൾ, വ്യവസായികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ദുബായുടെ സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ അതിഥികളുമായി ചർച്ചയിൽ ഏർപ്പെടുകയും, പൊതു- സ്വകാര്യ പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങൾ ർ പര്യവേക്ഷണം ചെയ്യുകയും ചെയ്തു.
ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലെഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറിയുടെ നേതൃത്വത്തിൽ ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ടീമുമായും ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി.
സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഉയർന്ന അന്തർദേശീയ നിലവാരം കൈവരിക്കുന്നതിനുമായി യുഎഇ സർക്കാർ ആരംഭിച്ച സേവനങ്ങൾക്കായുള്ള 2023-ലെ ഗ്ലോബൽ സ്റ്റാർ റേറ്റിംഗ് സിസ്റ്റത്തിൽ ജിഡിആർഎഫ്എയ്ക്ക് ഉയർന്ന സ്റ്റാർ റേറ്റിംഗ് ലഭിച്ചു. സേവനങ്ങൾക്കായുള്ള 2023 യുഎഇ ഗവൺമെൻ്റ് ഗ്ലോബൽ സ്റ്റാർ റേറ്റിംഗ് സിസ്റ്റത്തിൻ്റെ ഭാഗമായി നടത്തിയ മൂല്യനിർണ്ണയം അനുസരിച്ച്, ഹത്ത ബോർഡർ ക്രോസിംഗിന് പരമാവധി ഏഴിൽ ആറ് സ്റ്റാർ റേറ്റിംഗ് ലഭിച്ചു, അതേസമയം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജിഡിആർഎഫ്എയുടെ ഉപഭോക്തൃ സേവന കേന്ദ്രത്തിന് അഞ്ച്-സ്റ്റാർ റേറ്റിംഗാണ് ലഭിച്ചത്.
ജിഡിആർഎഫ്എ ദുബായ് ടീമിൻ്റെ ശ്രമങ്ങൾക്ക് ശൈഖ് മുഹമ്മദ് തൻ്റെ അഭിനന്ദനങ്ങൾ അറിയിക്കുകയും ഉയർന്ന നിലവാരത്തിലുള്ള കാര്യക്ഷമത, വേഗത, കൃത്യത, വ്യതിരിക്തമായ ഉപഭോക്തൃ അനുഭവം എന്നിവയാൽ അടയാളപ്പെടുത്തിയ അസാധാരണമായ സേവനങ്ങൾ തുടർന്നും നൽകുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
WAM/അമൃത രാധാകൃഷ്ണൻ