അബുദാബി, 1 ഫെബ്രുവരി 2024 (WAM) -- സാമ്പത്തിക മാന്ദ്യം ഉൾപ്പടെ ലോകം നേരിടുന്ന സാമ്പത്തിക സാഹചര്യങ്ങൾക്കും, വെല്ലുവിളികൾക്കിടയിലും യുഎഇ സമ്പദ്‌വ്യവസ്ഥ ഈ വർഷം 5.7% വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ധനകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി യൂനിസ് ഹാജി അൽ ഖൂരി പറഞ്ഞു.
"സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും സുസ്ഥിര വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഞങ്ങളുടെ ശ്രമങ്ങൾ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടു. കഴിഞ്ഞ വർഷത്തെ രാജ്യത്തിന്റെ എണ്ണ ഇതര ജിഡിപി വളർച്ച 5.9% എത്തിയിരുന്നു. ഈ വർഷം രാജ്യം 4.7% വളർച്ച കൈവരിക്കുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്," എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷത്തിൻ്റെ ആദ്യ പകുതിയിൽ യുഎഇയുടെ എണ്ണ ഇതര വിദേശ വ്യാപാരം റെക്കോർഡ് 1.239 ട്രില്യൺ ദിർഹമായി ഉയർന്നു, 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 14.4% വർദ്ധനവ് രേഖപ്പെടുത്തി. കൂടാതെ, 2022ൽ രാജ്യത്തേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം 83.5 ബില്യൺ ദിർഹം ഒഴുകിയെത്തിയതായി അൽ ഖൂരി എടുത്തുപറഞ്ഞു.
യുഎഇയിലെ പർച്ചേസിംഗ് മാനേജർമാരുടെ സൂചിക (പിഎംഐ) 2023 ഒക്ടോബറിൽ 57.7 ആയി ഉയർന്നു, 2019 ജൂണിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. കോവിഡ്-19 ന് ശേഷമുള്ള ഈ കുതിച്ചുചാട്ടം വീണ്ടെടുക്കലിൻ്റെ വേഗതയെയും സാമ്പത്തിക വളർച്ചയുടെ പൂർണ്ണമായ പുനരാരംഭത്തെയും സൂചിപ്പിക്കുന്നു.
യുഎഇയുടെ സാമ്പത്തിക മേഖലയിലെ നൂതന തന്ത്രങ്ങൾ നേതൃത്വത്തിൻ്റെ സാമ്പത്തിക വികസനത്തെയും പരമോന്നത ദേശീയ താൽപ്പര്യമാക്കിയ തത്ത്വങ്ങളുടെയും കാഴ്ചപ്പാടിന് അനുസൃതമായി പ്രവർത്തിക്കാനുള്ള പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
WAM/അമൃത രാധാകൃഷ്ണൻ