സുസ്ഥിരതാ വർഷാചരണത്തിന്‍റെ തുടർച്ചയ്ക്ക് 2024 സാക്ഷ്യം വഹിക്കും

അബുദാബി, 2024 ഫെബ്രുവരി 03, (WAM) -- കഴിഞ്ഞ വർഷം യുഎഇ നടത്തിയ സുസ്ഥിരതാ വർഷാചരണത്തിൻ്റെ വിജയത്തെ തുടർന്ന് രാജ്യത്തെ എല്ലാ ജനങ്ങൾക്കും സുസ്ഥിരവും സമൃദ്ധവുമായ ഭാവി പരിപോഷിപ്പിക്കുന്നതിനുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട് 2024 ഇതിൻ്റെ തുടർച്ചയായിരിക്കുമെന്ന് രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു. യുഎഇ ദേശീയ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എക്സ് പ്ലാറ്റ്‌ഫോമിൽ നടത്തിയ പ്രഖ്യാപനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

2023-ൽ ഉടനീളം, യുഎഇയുടെ സുസ്ഥിര മൂല്യങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിലും കൂട്ടായ പുരോഗതിക്ക് പ്രചോദനം നൽകുന്ന മാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും സുസ്ഥിരതാ വർഷാചരണം വിജയിച്ചു. ഈ വർഷം, സുസ്ഥിരതയെ പ്രമേയമാക്കുന്ന നിരവധി കമ്മ്യൂണിറ്റി-പ്രേരിതമായ സംരംഭങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും സുസ്ഥിരമായ സമ്പ്രദായങ്ങൾ സ്വീകരിക്കുന്നതിനുള്ള കൂട്ടായ ശ്രമത്തിൽ ചേരാൻ യുഎഇ എല്ലാവരെയും ക്ഷണിക്കുന്നതായി അദ്ദേഹം എക്സിൽ കുറിച്ചു.

2023-ലെ നേട്ടങ്ങളാൽ നയിക്കപ്പെടുന്ന സുസ്ഥിരതാ വർഷ സംഘം, വരും വർഷത്തേക്കുള്ള സംരംഭങ്ങൾ രൂപപ്പെടുത്തുന്നതിൽ ഏർപ്പെടാൻ വ്യക്തികളെയും കമ്മ്യൂണിറ്റികളെയും ക്ഷണിക്കുന്നു. ഫലപ്രദമായ പ്രവർത്തനങ്ങൾ, നൂതന സംരംഭങ്ങൾ, കമ്മ്യൂണിറ്റി പ്രേരിതമായ പ്രോജക്റ്റുകൾ എന്നിവയ്‌ക്കായുള്ള എല്ലാ ആശയങ്ങളും Contact@UAEYearOf.ae എന്ന വിലാസത്തിൽ ഇമെയിൽ വഴി പങ്കുവെയ്ക്കാവുന്നതാണ്.

യുഎഇ ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ശൈഖ മറിയം ബിൻത് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും. വരാനിരിക്കുന്ന പ്രവർത്തനങ്ങളും സംരംഭങ്ങളും വിശദമാക്കുന്ന കൂടുതൽ പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


WAM/അമൃത രാധാകൃഷ്ണൻ