വിയെന്ന, 2024 ഫെബ്രുവരി 03, (WAM) -- കാലാവസ്ഥാ വ്യതിയാനവും ഊർജ പരിവർത്തനവും നേരിടാൻ സാമൂഹിക, സാമ്പത്തിക പ്രതിരോധത്തെ പിന്തുണയ്ക്കുന്നതിനും സുസ്ഥിരമായ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുമായി ഓസ്ട്രിയയിലെ വിയന്ന ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുമുഖ വികസന ധനകാര്യ സ്ഥാപനമായ ഒപെക് ഫണ്ട് ഫോർ ഇൻ്റർനാഷണൽ ഡെവലപ്‌മെൻ്റ്, 2023-ൽ ആഗോളതലത്തിൽ 55 പദ്ധതികളിലായി 1.7 ബില്യൺ യുഎസ് ഡോളർ വിന്യസിച്ചു. 48 വർഷം മുമ്പ് സ്ഥാപിതമായ ഈ സ്ഥാപനത്തിന്‍റെ 2023-ലെ പ്രവർത്തന ഫലങ്ങൾ റെക്കോർഡ് നേട്ടത്തെ സൂചിപ്പിക്കുന്നു.
“2023-ൽ, വെല്ലുവിളി നിറഞ്ഞ ആഗോള അന്തരീക്ഷത്തിൽ വികസന പിന്തുണ നൽകുന്നതിലൂടെ ഒപെക് ഫണ്ട് അതിൻ്റെ സ്വാധീനം വർദ്ധിപ്പിച്ചു. ഞങ്ങളുടെ പങ്കാളി രാജ്യങ്ങളുടെ ശക്തമായ ഡിമാൻഡിനോടുള്ള പ്രതികരണമായും മൂലധന വിപണികളിൽ നിന്ന് അധിക ഫണ്ട് സമാഹരിക്കുന്നതിലെ ഞങ്ങളുടെ വിജയത്തിന്‍റെ ഫലമായും ഞങ്ങൾ ഞങ്ങളുടെ വായ്പാ പരിപാടി ബോർഡിലുടനീളം വിന്യസിച്ചു. ബഹുമുഖ വികസന ബാങ്കുകളുമായും അറബ് കോർഡിനേഷൻ ഗ്രൂപ്പ് പോലുള്ള വികസന ധനകാര്യ സ്ഥാപനങ്ങളുമായും ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ വികസന പിന്തുണ സമാഹരിക്കാൻ ഞങ്ങളുടെ പങ്കാളിത്തം പ്രയോജനപ്പെടുത്താനും ഞങ്ങൾക്ക് കഴിഞ്ഞു. കാലാവസ്ഥാ പ്രവർത്തനത്തിന് എല്ലാ പുതിയ ധനസഹായത്തിൻ്റെയും 40 ശതമാനം നൽകാനുള്ള ഞങ്ങളുടെ 2030 ലക്ഷ്യത്തിൻ്റെ പാതയിലാണ് ഞങ്ങൾ," ഒപെക് ഫണ്ട് ഡയറക്ടർ ജനറൽ ഡോ. അബ്ദുൽഹമീദ് അൽഖലീഫ പറഞ്ഞു.
2023-ൽ, ഒപെക് ഫണ്ട് പൊതു-സ്വകാര്യ മേഖലയിലെ വായ്പ, വ്യാപാര ധനകാര്യം, ഗ്രാൻ്റ് പ്രവർത്തനങ്ങൾ എന്നിവയിലൂടെ ആഫ്രിക്ക (നിക്ഷേപത്തിൻ്റെ 42 ശതമാനം), മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, യൂറോപ്പ്, മധ്യേഷ്യ (20 ശതമാനം), ലാറ്റിൻ അമേരിക്ക, കരീബിയൻ (20 ശതമാനം), ഏഷ്യ പസഫിക് രാജ്യങ്ങളിലും (18 ശതമാനം) ശക്തമായ ഫലങ്ങൾ നൽകി.
കഴിഞ്ഞ വർഷത്തെ വായ്പാ പരിപാടിയിലെ ഏറ്റവും വലിയ വിഹിതം പോളിസി അടിസ്ഥാനമാക്കിയുള്ള വായ്പ (31 ശതമാനം) ഇനത്തിലാണ്. ഒപെക് ഫണ്ടിൻ്റെ പിന്തുണയുടെ പ്രധാന പങ്ക് (14 ശതമാനം) ഗതാഗത, സംഭരണ മേഖലയ്ക്ക് ലഭിച്ചു. ഒപെക് ഫണ്ട് ക്ലൈമറ്റ് ആക്ഷൻ പ്ലാനുമായി യോജിപ്പിച്ച്, പുനരുപയോഗ ഊർജ പദ്ധതികളിലെ പിന്തുണ ഊർജ മേഖലയിലെ മൊത്തം വായ്പയുടെ 60 ശതമാനം ഉൾക്കൊള്ളുന്നു.
WAM/അമൃത രാധാകൃഷ്ണൻ