ഗാസയിലെ യുഎൻ സീനിയർ ഹ്യൂമാനിറ്റേറിയൻ ആന്‍റ് റീ കൺസ്ട്രക്ഷൻ ശ്രമങ്ങളെ പിന്തുണയ്ക്കാൻ 5 മില്യൺ യുഎസ് ഡോളർ അനുവദിച്ച് യുഎഇ

അബുദാബി, 2024 ഫെബ്രുവരി 03, (WAM) -- യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദേശങ്ങൾ നടപ്പിലാക്കിക്കൊണ്ട്, ഗാസയിലെ യുഎൻ സീനിയർ ഹ്യൂമാനിറ്റേറിയൻ ആൻഡ് റീ കൺസ്ട്രക്ഷൻ കോർഡിനേറ്റർ സിഗ്രിദ് കാഗിൻ്റെ ശ്രമങ്ങളെ പിന്തുണയ്ക്കാൻ യുഎഇ 5 മില്യൺ യുഎഇ ഡോളർ അനുവദിച്ചതായി വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു.

ഗാസ മുനമ്പിൽ ഐക്യരാഷ്ട്രസഭ നടത്തുന്ന മാനുഷിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനും ഗാസയിലെ ജനങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കാനും സിഗ്രിദ് കാഗിൻ്റെ ശ്രമങ്ങളെ പിന്തുണയ്ക്കാനുമുള്ള യുഎഇയുടെ താൽപ്പര്യം ഈ അവസരത്തിൽ ശൈഖ് അബ്ദുല്ല ബിൻ സായിദ് ഊന്നിപ്പറഞ്ഞു.

ഇന്നലെ, ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ യുഎഇ സന്ദർശിക്കുന്ന കാഗുമായി കൂടിക്കാഴ്ച നടത്തി. യുദ്ധത്തിൻ്റെ ഫലമായി ഗാസയിൽ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധിയും അതിൻ്റെ പ്രത്യാഘാതങ്ങളെ അതിവേഗവും ഏകോപിതവുമായ വേഗതയിൽ നേരിടാനുള്ള വഴികളും സിവിലിയൻ ദുരിതങ്ങൾ ലഘൂകരിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങളും ഇരുവരും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു.

വെടിനിർത്തലിൻ്റെ ആവശ്യകതയും ഗാസ മുനമ്പിലെ സഹോദരങ്ങളായ പലസ്തീൻ ജനതയ്ക്ക് മാനുഷിക, ദുരിതാശ്വാസ സഹായം എത്തിച്ച് കൂടുതൽ ജീവനുകൾ നഷ്ടപ്പെടുന്നത് തടയുന്നതിന് സംഘർഷം ലഘൂകരിക്കേണ്ട ആവശ്യകതയും ഇരുവരും വ്യക്തമാക്കി.


WAM/ അമൃത രാധാകൃഷ്ണൻ