അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനം ആഘോഷിച്ച് മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സിൻ്റെ ഓഫീസുകൾ

അബുദാബി, 5 ഫെബ്രുവരി 2024 (WAM) -- പാകിസ്ഥാൻ, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ മുസ്ലിം കൗൺസിൽ ഓഫ് എൽഡേഴ്‌സിൻ്റെ ഓഫീസുകൾ ഞായറാഴ്ച അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനമായി ആചരിച്ചു. 2019 ഫെബ്രുവരി 4ന് അൽ-അസ്ഹറിലെ ഗ്രാൻഡ് ഇമാമും മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സിൻ്റെ ചെയർമാനുമായ ഡോ. അഹമ്മദ് അൽ തയീബും കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയും തമ്മിലുള്ള മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള രേഖയിൽ ഒപ്പുവെച്ചത്തിന്റെ സ്മരണാർത്ഥമാണ് എല്ലാ വർഷവും ഈ ദിവസം അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനമായി ആചരിക്കുന്നത്.

ഇന്തോനേഷ്യൻ മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സ്, ഇന്തോനേഷ്യൻ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ സാഹോദര്യത്തിൻ്റെയും സമാധാനപരമായ സഹവർത്തിത്വത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ പള്ളിയായ ഇസ്തിഖ്‌ലാൽ പള്ളിയിൽ വെള്ളിയാഴ്ച ഇന്തോനേഷ്യൻ രാഷ്‌ട്രപതി ജോക്കോ വിഡോഡോയുടെ സാന്നിധ്യത്തിൽ പ്രഭാഷണവും നടന്നു.

കൂടാതെ വിവിധ പ്രവിശ്യകളിലുടനീളമുള്ള നിരവധി ഇന്തോനേഷ്യക്കാരെ പങ്കെടുപ്പിച്ച് മാനവ സാഹോദര്യം എന്ന വിഷയത്തിൽ പ്രസംഗ രചനാ മത്സരവും സംഘടിപ്പിച്ചു.

ഹ്യൂമൻ ഫ്രറ്റേണിറ്റി ഡോക്യുമെൻ്റിൻ്റെ മൂല്യങ്ങളും തത്വങ്ങളും പ്രചരിപ്പിക്കുന്നതിന് ഇന്തോനേഷ്യൻ ഓഫീസ് മതകാര്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചു. ഈ സുപ്രധാനവും കേന്ദ്രീകൃതവുമായ വിഷയത്തിനായി വെള്ളിയാഴ്ച പ്രഭാഷണങ്ങൾ സമർപ്പിക്കാൻ ഇന്തോനേഷ്യയിലുടനീളമുള്ള ഏകദേശം 800,000 പള്ളികളിലെ പ്രസംഗകർക്ക് മന്ത്രാലയം നിർദ്ദേശങ്ങൾ നൽകി.

കൂടാതെ, ഇന്തോനേഷ്യൻ വികലാംഗ സമിതിയുമായി സഹകരിച്ച്, കൗൺസിലിൻ്റെ ബ്രാഞ്ച് സാഹോദര്യത്തിൻ്റെയും സമത്വത്തിൻ്റെയും സമഗ്രമായ ആശയത്തെ അഭിസംബോധന ചെയ്യുന്ന പ്രത്യേക പരിപാടികളും സംഘടിപ്പിക്കുകയും ചെയ്തു. നിശ്ചയദാർഢ്യമുള്ള 150 ഓളം ആളുകൾ ചർച്ചകളിലും ശിൽപശാലകളിലും പങ്കെടുത്തു.

മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സിൻ്റെ പാകിസ്ഥാൻ ഓഫീസ് 'ഹ്യൂമൻ ഫ്രറ്റേണിറ്റി: ലോകത്തിലെ പ്രത്യാശയുടെയും സമാധാനത്തിൻ്റെയും സന്ദേശങ്ങൾ' എന്ന വിഷയത്തിൽ ഒരു സെമിനാർ സംഘടിപ്പിച്ചു. സംഭാഷണത്തിലൂടെയും പരസ്പര ധാരണയിലൂടെയും സമാധാനപരമായ സഹവർത്തിത്വം, മറ്റുള്ളവരുടെ സ്വീകാര്യത, വൈവിധ്യം എന്നിവ കൈവരിക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ, മനുഷ്യ സാഹോദര്യത്തിൻ്റെ മൂല്യങ്ങളും തത്വങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു സെമിനാർ.

മതപരവും വംശീയവുമായ വൈവിധ്യത്തിന് പേരുകേട്ട രാജ്യത്ത് സമാധാനപരമായ സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി പരിപാടികളും പ്രവർത്തനങ്ങളും മലേഷ്യയിലെ കൗൺസിലിൻ്റെ ഓഫീസ്, സംഘടിപ്പിച്ചു. വ്യത്യസ്‌ത മതങ്ങൾക്കും വംശങ്ങൾക്കും ആതിഥേയത്വം വഹിക്കുന്ന ഒരു ഇസ്‌ലാമിക രാജ്യമെന്ന നിലയിൽ സൗഹാർദത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും മുൻനിര മാതൃകയായി മലേഷ്യ പ്രവർത്തിക്കുന്നു.


WAM/ അമൃത രാധാകൃഷ്ണൻ