ഡബ്ല്യുടിഒ മന്ത്രിതല സമ്മേളനത്തിൽ തർക്ക പരിഹാരത്തിനും വ്യാപാര വ്യവസായ നയത്തിനും മുൻഗണന നൽകാൻ നെതർലൻഡ്

അബുദാബി, 5 ഫെബ്രുവരി 2024 (WAM) -- ഈ മാസം അവസാനം അബുദാബിയിൽ നടക്കാനിരിക്കുന്ന വേൾഡ് ട്രേഡ് ഓർഗനൈസേഷൻ്റെ (ഡബ്ല്യൂടിഒ) 13-ാമത് മന്ത്രിതല സമ്മേളനം തർക്ക പരിഹാരത്തിനും വ്യാപാര വ്യവസായ രംഗത്തെ സുപ്രധാന തീരുമാനങ്ങൾക്കും മുൻഗണന നൽകണമെന്ന്, ഡച്ച് വിദേശ വ്യാപാര വികസന സഹകരണ മന്ത്രി ജെഫ്രി വാൻ ലീവെൻ എമിറേറ്റ്സ് ന്യൂസ് ഏജൻസിയോട് പറഞ്ഞു.

ഡബ്ല്യൂടിഒയുടെ പൂർണ്ണമായി പ്രവർത്തിക്കുന്ന തർക്ക പരിഹാര സംവിധാനം പുനഃസ്ഥാപിക്കുന്നത് നെതർലാൻഡ്‌സിൻ്റെ മുൻഗണനയാണെന്ന് ആംസ്റ്റർഡാമിൽ നിന്നുള്ള ഇമെയിൽ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

വ്യാവസായിക സബ്‌സിഡികൾക്കായി ഒരു ലെവൽ പ്ലേയിംഗ് ഫീൽഡ് ശക്തിപ്പെടുത്തുന്നതിന് സംയുക്തമായി പ്രവർത്തിക്കുന്നതിന് വ്യാപാര, വ്യാവസായിക നയത്തെക്കുറിച്ചുള്ള ഒരു വർക്ക് പ്രോഗ്രാമിൻ്റെ സമാരംഭമാണ് അടുത്ത മുൻഗണന, വാൻ ലീവൻ കൂട്ടിച്ചേർത്തു.

ബഹുമുഖ വ്യാപാരത്തിന് യുഎഇയുടെ പിന്തുണ

ഡിസംബറിൽ ദുബായിൽ നടന്ന യുഎൻ കാലാവസ്ഥ സമ്മേളനമായ കോപ്28 വിജയകരമായി സംഘടിപ്പിച്ചതിന് ശേഷം, ഈ മാസം 26 മുതൽ 29 വരെ അബുദാബിയിൽ എംസി13 ന് യുഎഇ ആതിഥേയത്വം വഹിക്കും.

മന്ത്രിതല യോഗത്തിൽ 164 രാജ്യങ്ങളുടെയും ട്രേഡിംഗ് ബ്ലോക്കുകളുടെയും പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോപ്28ൻ്റെ സംഘാടനത്തിൽ ഡച്ച് മന്ത്രി യുഎഇയോട് തൻ്റെ അഭിനന്ദനവും നന്ദിയും അറിയിച്ചു.

“ഒരിക്കൽ കൂടി,ഡബ്ല്യുടിഒ മന്ത്രിതല യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്തിൽ യുഎഇയുടെ നേതൃത്വം ശ്രദ്ധേയമാണ്. യുഎഇ ബഹുമുഖ വ്യാപാര വ്യവസ്ഥയുടെ ശക്തമായ പിന്തുണക്കാരനാണെന്ന് ഇത് തെളിയിക്കുന്നു, ”വാൻ ലീവെൻ ഊന്നിപ്പറഞ്ഞു.

നിർണായകമായ പരിഷ്കാരങ്ങൾ

ഡബ്ല്യുടിഒ അംഗത്വം വിപുലീകരിക്കുക, ശക്തമായ തർക്ക പരിഹാര സംവിധാനങ്ങൾ ആവിഷ്കരിക്കുക, ഡിജിറ്റൽ വ്യാപാര ചട്ടക്കൂടുകൾ സ്വീകരിക്കുക എന്നിവയുൾപ്പെടെ ആഗോള വ്യാപാര സംവിധാനത്തിൽ യോഗം പ്രധാന പരിഷ്കാരങ്ങൾ തേടും.

വിതരണ ശൃംഖലയിലെ തടസ്സം, പണപ്പെരുപ്പം, സംരക്ഷണവാദം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വെല്ലുവിളികൾ നേരിടാനും മന്ത്രിതല യോഗം ലക്ഷ്യമിടുന്നു. കൂടാതെ, സുസ്ഥിരമായ വിതരണ ശൃംഖലകൾക്കായി വ്യാപാര സാങ്കേതികവിദ്യകളിൽ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ യോഗം പര്യവേക്ഷണം ചെയ്യും.

"ഒരു തുറന്ന സമ്പദ്‌വ്യവസ്ഥ എന്ന നിലയിൽ, നെതർലാൻഡ്‌സ് നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള ബഹുമുഖ വ്യാപാര സംവിധാനത്തിൻ്റെ ശക്തമായ പിന്തുണക്കാരാണ്," ഡച്ച് മന്ത്രി പറഞ്ഞു.

എല്ലാവരിലും സുസ്ഥിരമായ സാമ്പത്തിക വികസനം കൊണ്ടുവരാൻ വ്യാപാരത്തിന് കഴിയുമെന്ന് വിശ്വസിക്കുന്നതിനാൽ ഡബ്ല്യുടിഒ അംഗത്വം വിപുലീകരിക്കുന്നതിന് നെതർലൻഡ്‌സ് അനുകൂലമാണ്, അദ്ദേഹം പറഞ്ഞു.

"കൂടാതെ, കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാൻ സഹായിക്കുന്നതിന് ഡബ്ല്യുടിഒ അജണ്ടയിൽ വ്യാപാര, പരിസ്ഥിതി പ്രശ്‌നങ്ങളുടെ കൂടുതൽ സംയോജനവും കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു," അദ്ദേഹം വ്യക്തമാക്കി.

ഡിജിറ്റൽ വ്യാപാരം ശക്തിപ്പെടുത്തുന്നത് ഒരു പ്രധാന പ്രശ്നമാണ്, ഇത് മന്ത്രിതല യോഗങ്ങളുടെ നല്ല ഫലങ്ങളുടെ ഭാഗമാകുമെന്ന് തൻ്റെ പ്രതീക്ഷ പ്രകടിപ്പിച്ചുകൊണ്ട് വാൻ ലീവെൻ കുറിച്ചു.

ഡച്ച്-യുഎഇ ബന്ധത്തിന് ഹരിത ഭാവി

കടൽത്തീരത്തുള്ള രണ്ട് രാഷ്ട്രങ്ങൾ എന്ന നിലയിൽ, നെതർലൻഡ്‌സിനും യുഎഇക്കും അവരുടെ തനതായ ഭൂമിശാസ്ത്രപരമായ സ്ഥാനം കൊണ്ട് ആഗോള വ്യാപാരത്തിൽ വലിയ സാധ്യതകളുണ്ടെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു.

യുഎഇ തങ്ങളുടെ മേഖലയിലെ നിരവധി ഉൽപ്പന്നങ്ങളുടെ ഒരു ലോജിസ്റ്റിക്‌സ് ഹബ്ബാണെന്ന്, അദ്ദേഹം ചൂണ്ടിക്കാട്ടി. “ഞങ്ങളുടെ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്നത് ഞങ്ങളുടെ വിതരണ ശേഷിയെ കൂടുതൽ മെച്ചപ്പെടുത്തുന്നു. അതുകൊണ്ടാണ് ഡിപി വേൾഡിന് ഒരു ടെർമിനൽ സൃഷ്ടിച്ചുകൊണ്ട് യുഎഇ റോട്ടർഡാം തുറമുഖത്ത് നിക്ഷേപിച്ചത്," അദ്ദേഹം അഭിപ്രായപ്പെട്ടു.

യുഎഇയിൽ ഉൽപ്പാദിപ്പിക്കുന്ന ഗ്രീൻ ഹൈഡ്രജൻ്റെ യൂറോപ്പിൽ ഒരു വിതരണ കേന്ദ്രം സൃഷ്ടിക്കാൻ സാധ്യതയുള്ള ഹരിത ഭാവിയാണ് ഇരു രാജ്യങ്ങൾക്കും ഉള്ളത്. ഇത് തീർച്ചയായും കൂടുതൽ പരിഗണന അർഹിക്കുന്നു.

ആഗോള വ്യാപാരത്തെ പിന്തുണയ്ക്കുന്ന 11 സിഇപിഎകൾ സമഗ്ര വ്യാപാര പങ്കാളിത്ത കരാറുകൾ

ആഗോള ലോജിസ്റ്റിക്‌സ് ഹബ് എന്ന നിലയിൽ രാജ്യത്തിൻ്റെ വർദ്ധിച്ചുവരുന്ന പ്രധാന്യം കണക്കിലെടുത്താണ് മന്ത്രിതല യോഗം സംഘടിപ്പിക്കാൻ യുഎഇ മുൻകൈയെടുത്തത്. അന്താരാഷ്ട്ര വ്യാപാരത്തിൽ വികസ്വര രാജ്യങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു ചാമ്പ്യൻ എന്ന നിലയിൽ കൂടുതൽ ഉൾക്കൊള്ളുന്ന ആഗോള വ്യാപാര സംവിധാനത്തിനായാണ് രാജ്യം വാദിക്കുന്നത്.

2021-ൽ, ലോകമെമ്പാടുമുള്ള പ്രധാന പങ്കാളികളുമായി യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) രൂപപ്പെടുത്താൻ തുടങ്ങി. ചരക്കുകളിലും സേവനങ്ങളിലും വ്യാപാരം നടത്തുന്നതിനുള്ള തടസ്സങ്ങൾ നീക്കം ചെയ്തും കസ്റ്റംസ് നടപടിക്രമങ്ങൾ ലളിതമാക്കിയും വിതരണ ശൃംഖലകൾ കാര്യക്ഷമമാക്കുന്നതിലൂടെയും കൂടുതൽ സുസ്ഥിരവും പരസ്പര പ്രയോജനകരവുമായ വ്യാപാര ബന്ധങ്ങൾ സ്ഥാപിക്കാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ലക്ഷ്യമിടുന്നു.

ഇന്ത്യ, ഇന്തോനേഷ്യ, ഇസ്രായേൽ, തുർക്കി, ദക്ഷിണ കൊറിയ, കംബോഡിയ, കൊളംബിയ, ജോർജിയ, മൗറീഷ്യസ്, കോംഗോ-ബ്രാസാവില്ലെ, കോസ്റ്റാറിക്ക തുടങ്ങിയ 11 രാജ്യങ്ങളുമായി യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകൾ നടപ്പിലാക്കാൻ ധാരണയിലെത്തിയിരുന്നു. ഇതിലെ ആദ്യ നാല്
രാജ്യങ്ങളുമായുള്ള കരാറുകൾ നിലവിൽ വന്നു കഴിഞ്ഞു.

WAM/ അമൃത രാധാകൃഷ്ണൻ