അബുദാബി, 5 ഫെബ്രുവരി 2024 (WAM) -- ഡോ. മുഗീർ ഖമീസ് അൽ ഖൈലിയുടെ അധ്യക്ഷതയിൽ ഫാമിലി കെയർ അതോറിറ്റിയുടെ ബോർഡ് ഓഫ് ട്രസ്റ്റീസ് രൂപീകരിക്കാനുള്ള പ്രമേയം അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ പുറത്തിറക്കി.
കൗൺസിലർ യൂസഫ് സയീദ് അൽ അബ്രി, മുബാറക് ഹമദ് അൽ മെയിരി, ഡോ. നൂറ ഖമീസ് അൽ ഗൈത്തി, മേജർ ജനറൽ മക്തൂം അലി അൽ ഷരീഫി, സന മുഹമ്മദ് സുഹൈൽ എന്നിവരാണ് മറ്റ് ബോർഡ് അംഗങ്ങൾ.
പുതിയ ബോർഡ് ഓഫ് ട്രസ്റ്റീസിൻ്റെ നേതൃത്വത്തിൽ, ഫാമിലി കെയർ അതോറിറ്റി കുടുംബ പരിപാലന മേഖലയിൽ കുടുംബങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേകവും സംയോജിതവുമായ സേവനങ്ങൾ നൽകുന്നതിനുള്ള ഉത്തരവാദിത്തങ്ങൾ തുടരും. ട്രസ്റ്റ് സ്വീകരിച്ച നയങ്ങൾക്ക് അനുസൃതമായി ഉയർന്ന നിലവാരം കൈവരിക്കുന്നതിന് സംയോജിത കേസ് മാനേജ്മെൻ്റിലൂടെയും സാമൂഹിക മേഖലയിലെ സ്ഥാപനങ്ങളുമായുള്ള സഹകരണത്തിലൂടെയും സാമൂഹിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ സമഗ്രവും കാര്യക്ഷമവുമായ സമീപനം സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
അബുദാബി സെൻ്റർ ഫോർ ഷെൽട്ടറിംഗ് ആൻഡ് ഹ്യുമാനിറ്റേറിയൻ കെയറിന്റെ ഉത്തരവാദിത്തങ്ങളും സേവനങ്ങളും സമന്വയിപ്പിക്കുന്നതിനുള്ള അതോറിറ്റിയുടെ ചുമതലകൾ വിപുലീകരിക്കുന്നത്തിനും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകാരം നൽകി. കുടുംബ സംരക്ഷണം, അഭയം, മാനുഷിക പരിചരണ സേവനങ്ങൾ, പുനരധിവാസ, ശാക്തീകരണ പരിപാടികൾ, മാനസികവും സാമൂഹികവുമായ പിന്തുണ, ആക്രമത്തിനും മനുഷ്യക്കടത്തിനും ഇരയായവർക്കുള്ള കൗൺസിലിംഗ് തുടങ്ങിയവയും ഉൾപ്പെടുന്നതാണ് പുതിയ ചുമതലകൾ.
ഗുണഭോക്താക്കൾക്ക് ഉയർന്ന ഗുണമേന്മയുള്ള സേവനങ്ങൾ നൽക്കുകയും , കുടുംബ ക്ഷേമത്തിന് സഹായിക്കുകയും ചെയ്യുന്ന ശക്തവും സുസ്ഥിരവുമായ ഒരു സംവിധാനം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങളുടെയും സേവനങ്ങളുടെയും ഫലപ്രദമായ സംയോജനം അതോറിറ്റി ഉറപ്പാക്കുന്നു.
WAM/ അമൃത രാധാകൃഷ്ണൻ