ദുബായ്, 2024 ഫെബ്രുവരി 5 (WAM) --കഴിഞ്ഞ വർഷം 742,035 വാടക കരാറുകൾ തങ്ങൾക്ക് ഡിജിറ്റലായി ലഭിച്ചതായി ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ ടയർ പ്രഖ്യാപിച്ചു. 2022ൽ ലഭിച്ച 648,0202 കരാറുകളെ താരതമ്യം ചെയ്യുമ്പോൾ ദേവക്ക് ഡിജിറ്റലായി ലഭിച്ച ഡാറ്റയിൽ 14.5% വർദ്ധനവാണ് രേഖപ്പെടുത്തിയത്.
ഈ ഡാറ്റയിൽ എമിറേറ്റിലെ എല്ലാ ഉപഭോക്തൃ വിഭാഗങ്ങളിൽ നിന്നുമുള്ള പുതിയതും പുതുക്കിയതുമായ വാടക കരാറുകൾ ഉൾപ്പെടുന്നു. ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ നിന്നുള്ള ഈജാരി സിസ്റ്റവുമായി ദേവയുടെ സംവിധാനങ്ങൾ ഇലക്ട്രോണിക് ആയി സംയോജിപ്പിച്ചിട്ടുണ്ട്.
ഈ സംവിധാനം അനുസരിച്ച് വാടകക്കാരൻ്റെ ഡാറ്റ ദേവയിലേക്ക് സ്വയമേവ കൈമാറ്റം ചെയ്യപ്പെടുകയും പുതിയ വാടകക്കാർക്കായി ഒരു അക്കൗണ്ട് നമ്പർ സൃഷ്‌ടിക്കുകയും ചെയ്യുന്നു. ഇതിനു ശേഷം അധികൃതർ സ്മാർട്ട് ചാനലുകൾ വഴി സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചതിന് ശേഷം വൈദ്യുതി, ജല സേവനങ്ങൾ സജീവമാക്കുകയും ചെയ്യുന്നു.
2023ലെ വാടക കരാറുകളിലുണ്ടായ വർധന താമസം, ജോലി, സംരംഭകത്വം, വിനോദസഞ്ചാരം എന്നിവയ്‌ക്കുള്ള മുൻഗണനാ കേന്ദ്രമെന്ന നിലയിൽ ദുബായുടെ സ്ഥാനത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് അൽ ടയർ പറഞ്ഞു. നൂതനമായ അടിസ്ഥാന സൗകര്യങ്ങൾ, സേവനങ്ങളിലേക്ക് എളുപ്പത്തിലുള്ള പ്രവേശനം, നേതൃത്വത്തിൻ്റെ കാഴ്ചപ്പാട് കൈവരിക്കുന്നതിന് സംഭാവന ചെയ്യുന്ന മറ്റ് ഘടകങ്ങൾ എന്നിവ ഉൾപ്പെടെ ദുബായിൽ താമസിക്കുന്ന എല്ലാവർക്കും സവിശേഷമായ ഒരു ജീവിതശൈലി പ്രദാനം ചെയ്യുന്നതിന് നിരവധി ഘടകങ്ങൾ സംഭാവന ചെയ്യുന്നു.
എപ്പോൾ വേണമെങ്കിലും എവിടെയും എളുപ്പത്തിലും സുരക്ഷിതമായും പൂർത്തിയാക്കാൻ കഴിയുന്ന തടസ്സങ്ങളില്ലാത്തതും സജീവവും സംയോജിതവുമായ സേവനങ്ങൾ നൽകുന്നതിനായി സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി 90-ലധികം പദ്ധതികളുടെ ഡിജിറ്റൽ സംയോജനം ദേവ പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് യുഎഇ ഡിജിറ്റൽ ഗവൺമെൻ്റ് സ്ട്രാറ്റജി 2025, ദുബായ് ഡിജിറ്റൽ സ്ട്രാറ്റജി, ദുബായുടെ സേവനങ്ങൾ 360 നയം എന്നിവയെ പിന്തുണയ്ക്കുന്നു.
2023-ൽ ദേവക്ക് ലഭിച്ച മൊത്തം വാടക കരാറുകളുടെ എണ്ണം 324,766 പുതിയ കരാറുകളും 417,269 പുതുക്കിയ കരാറുകളും ഉൾപ്പടെ 742,035 ആണെന്ന് ദേവയിലെ ബില്ലിംഗ് സേവനങ്ങളുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് മുഹമ്മദ് സലേം അൽ മന അഭിപ്രായപ്പെട്ടു.
എജാരി സംവിധാനവുമായുള്ള സംയോജനം, പുതുക്കൽ സമയത്തെ ദേവയുടെ സിസ്റ്റത്തിലെ വാർഷിക വാടക മൂല്യത്തിൻ്റെ സ്വയമേവയുള്ള അപ്‌ഡേറ്റുകളും പ്രാപ്തമാക്കുന്നു. ഇത് ഉപഭോക്താക്കൾക്ക് ഹൗസിംഗ് ഫീസ് അപ്ഡേറ്റ് ചെയ്യാനും, വാർഷിക വാടക മൂല്യം ക്രമീകരിക്കുന്നതിനും ദുബായ് മുനിസിപ്പാലിറ്റി സന്ദർശിക്കേണ്ടതിൻ്റെ ആവശ്യകത ഇല്ലാതാക്കുന്നു.
WAM/ അമൃത രാധാകൃഷ്ണൻ