അബുദാബി, 6 ഫെബ്രുവരി 2024 (WAM) -- ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ ചർച്ച ചെയ്യുന്നതിനായി യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റഷ്യൻ രാഷ്‌ട്രപതി വ്‌ളാഡിമിർ പുടിനുമായി ടെലിഫോണിൽ സംസാരിച്ചു.
സംഭാഷണത്തിനിടയിൽ, റഷ്യയും ഉക്രെയ്‌നും തമ്മിൽ തടവുകാരെ കൈമാറുന്നതുമായി ബന്ധപ്പെട്ട് യുഎഇ നടത്തിയ വിജയകരമായ മധ്യസ്ഥ ശ്രമങ്ങൾക്ക് റഷ്യൻ രാഷ്‌ട്രപതി, ശൈഖ് മുഹമ്മദിനോട് നന്ദി പറഞ്ഞു.
ഉക്രെയ്ൻ സംഘർഷത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് പരസ്പര താൽപ്പര്യമുള്ള നിരവധി പ്രാദേശിക, അന്തർദ്ദേശീയ വിഷയങ്ങൾ യുഎഇ, റഷ്യൻ രാഷ്ട്രപതിമാർ ചർച്ച ചെയ്തു.
പ്രാദേശികമായും ആഗോളമായും സമാധാനവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുഎഇയുടെ അചഞ്ചലമായ പ്രതിബദ്ധത യുഎഇ രാഷ്‌ട്രപതി ആവർത്തിച്ചു. നിരന്തരമായ സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും സംഘർഷങ്ങളും തർക്കങ്ങളും പരിഹരിക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഉക്രെയ്ൻ പ്രതിസന്ധിയുടെ മാനുഷിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള യുഎഇയുടെ ശ്രമങ്ങളെ ശൈഖ് മുഹമ്മദ് അടിവരയിട്ടു.
WAM/അമൃത രാധാകൃഷ്ണൻ