ദുബായ്, 6 ഫെബ്രുവരി 2024 (WAM) --ഭാവിയിലെ സർക്കാരുകളുടെ പ്രധാന പരിവർത്തനങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനായി 'ഷേപ്പിംഗ്' എന്ന പ്രമേയത്തിന് കീഴിൽ സമ്പന്നമായ അജണ്ടയുള്ള ഒരു സുപ്രധാന ഫോറമായി മാറാൻ ഒരുങ്ങുക്കയാണ് ലോക ഗവൺമെൻ്റ് ഉച്ചകോടിയുടെ വരാനിരിക്കുന്ന പതിപ്പ്. ഈ മാസം 12 മുതൽ 14 വരെ ദുബായിലാണ് വേൾഡ് ഗവൺമെൻ്റ് ഉച്ചകോടി(ഡബ്ല്യൂജിഎസ്) നടക്കുക.
ഡബ്ല്യൂജിഎസ് മാനവികതക്ക് മികച്ച ഭാവി രൂപപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും 110-ലധികം പ്രധാന സംഭാഷണങ്ങളിലൂടെയും സംവേദനാത്മക സെഷനുകളിലൂടെയും പ്രധാന ആഗോള ഭാവി പ്രവണതകളും പരിവർത്തനങ്ങളും പര്യവേക്ഷണം ചെയ്യുന്ന ആറ് പ്രധാന പ്രമേയങ്ങളും15 ആഗോള ഫോറങ്ങളും ഹൈലൈറ്റ് ചെയ്യും. പ്രസിഡൻ്റുമാർ, പ്രധാനമന്ത്രിമാർ, വിദഗ്ധർ, ചിന്തകർ, ഭാവി നിർമ്മാതാക്കൾ എന്നിവരുൾപ്പെടെ 200-ലധികം ആഗോള വ്യക്തികൾ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉച്ചകോടിയുടെ 11-ാം പതിപ്പിൽ 23-ലധികം മന്ത്രിതല യോഗങ്ങളും 300-ലധികം മന്ത്രിമാരുള്ള വട്ടമേശ സമ്മേളനങ്ങളും നടക്കും. കൂടാതെ 120 സർക്കാർ പ്രതിനിധികൾക്കൊപ്പം 85-ലധികം അന്തർദേശീയ, പ്രാദേശിക, അന്തർഗവൺമെൻറ് ഓർഗനൈസേഷനുകളുടെ സാന്നിധ്യത്തിനും ഇത് സാക്ഷ്യം വഹിക്കും.
ഓപ്പൺഎഐയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സാം ആൾട്ട്മാൻ, എയർബസിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഗുയിൽമേ ഫൗര്യ , എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാങ്, ഷ്മിറ്റ് ഫ്യൂച്ചേഴ്സിൻ്റെ സഹസ്ഥാപകനും ഗൂഗിളിൻ്റെ മുൻ സിഇഒയും ചെയർമാനുമായ എറിക് ഷ്മിത്ത്; ഐബിഎമ്മിൻ്റെ സീനിയർ വൈസ് പ്രസിഡൻ്റും റിസർച്ച് ഡയറക്ടറുമായ ഡോ. ഡാരിയോ ഗിൽ, കൂടാതെ, മെറ്റയിലെ വൈസ് പ്രസിഡൻ്റും ചീഫ് എഐ സയൻ്റിസ്റ്റുമായ ഡോ. യാൻ ലെകൺ തുടങ്ങി പ്രമുഖ ബിസിനസ്സ് നേതാക്കൾ ഉച്ചകോടിയുടെ ഈ പതിപ്പിൽ പങ്കാളികളാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, സാമ്പത്തികം, ഊർജം, കാലാവസ്ഥ വ്യതിയാനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിലെ പരിഹാരങ്ങൾ കൈമാറുന്നതിന് സ്വകാര്യ മേഖലയിൽ നിന്നുള്ള ആഗോള തലവന്മാരെ ഭാവി സർക്കാരുകളുടെ പരിവർത്തനങ്ങൾക്കായി ഒന്നിപ്പിക്കേണ്ടത് പ്രധാനമാണെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് (WAM) നൽകിയ പ്രസ്താവനയിൽ, ലോക ഗവൺമെൻ്റ് ഉച്ചകോടി ഓർഗനൈസേഷൻ്റെ മാനേജിംഗ് ഡയറക്ടർ മുഹമ്മദ് യൂസഫ് അൽഷർഹാൻ പറഞ്ഞു.
മാനവികതയുമായി ബന്ധപ്പെട്ട സുപ്രധാന മേഖലകളിൽ ഭാവി തന്ത്രങ്ങളും പദ്ധതികളും വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 15 ആഗോള ഫോറങ്ങൾക്ക് ഉച്ചകോടി ആതിഥേയത്വം വഹിക്കും. അന്താരാഷ്‌ട്ര സംഘടനകൾ, ആഗോള സാങ്കേതിക സ്ഥാപനങ്ങൾ, മുൻനിര കമ്പനികൾ എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കപ്പെട്ട ഈ ഫോറങ്ങൾ, മനുഷ്യ സമൂഹങ്ങൾ നേരിടുന്ന വെല്ലുവിളികൾക്കുള്ള പുതിയ പരിഹാരങ്ങൾ കണ്ടുപിടിക്കാൻ ഈ ആഗോള ഫോറങ്ങൾ ലക്ഷ്യമിടുന്നു.
ഈ ഫോറങ്ങളിൽ ഗ്ലോബൽ ഹെൽത്ത് ഫോറം, ഗവൺമെൻ്റ് സർവീസസ് ഫോറം, അറബ് ഗവൺമെൻ്റ് അഡ്മിനിസ്‌ട്രേഷൻ ഫോറം, നോളജ് എക്‌സ്‌ചേഞ്ച് ഫോറം, ഫ്യൂച്ചർ ഓഫ് ട്രാൻസ്‌പോർട്ടേഷൻ ഫോറം, അറബ് രാജ്യങ്ങൾക്കായുള്ള പബ്ലിക് ഫിനാൻസ് ഫോറം, ഫ്യൂച്ചർ ഓഫ് എഡ്യൂക്കേഷൻ ഫോറം, സ്‌പേസ് ഫ്യൂച്ചർ ഫോറം, അഡ്വാൻസ്ഡ് ഇൻഡസ്ട്രി ആൻഡ് ടെക്‌നോളജി ഫോറം എന്നിവ ഉൾപ്പെടുന്നു.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഫോറം, വർക്ക് ഫോറത്തിൻ്റെ ഭാവി, എമർജിംഗ് എക്കണോമി ഫോറം, ഗവേണൻസ് ഓഫ് ജിയോടെക്നോളജി ഫോറം, സുസ്ഥിര വികസന ലക്ഷ്യ ഫോറം, യുവ നേതാക്കൾക്കായുള്ള അറബ് യോഗം,'ടൈം 100' ഇവൻ്റ് എന്നിങ്ങനെ വിവിധ ഫോറങ്ങളിലൂടെ വൈവിധ്യമാർന്ന സംഭാഷണങ്ങൾ തുടരുന്നു.
ഭാവി സർക്കാരുകളുടെ രൂപീകരണം വിഭാവനം ചെയ്യുന്ന ലക്ഷ്യത്തോടെയുള്ള ആഗോള ചർച്ചകൾക്കും ഉച്ചകോടി ആതിഥേയത്വം വഹിക്കും. അന്താരാഷ്ട്ര സഹകരണം മെച്ചപ്പെടുത്തുന്നതിനും ഭാവിയിലെ വെല്ലുവിളികൾക്കുള്ള നൂതനമായ പരിഹാരങ്ങൾ തിരിച്ചറിയുന്നതിനും പ്രധാന അവസരങ്ങൾ മുൻകൂട്ടി കാണുന്നതിനും അടുത്ത തലമുറയിലെ ഗവൺമെൻ്റുകളെ പ്രചോദിപ്പിക്കുന്നതിനും ലോക നേതാക്കൾ, ആഗോള സർക്കാർ ഉദ്യോഗസ്ഥർ, അന്താരാഷ്ട്ര സംഘടനകൾ, ചിന്തകർ, സ്വകാര്യമേഖലാ നേതാക്കൾ എന്നിവരെ ഇത് ഒരുമിച്ച് കൊണ്ടുവരും.
സുസ്ഥിര വികസനം, ഭാവി സർക്കാരുകൾ, അറബ് ധനകാര്യം, ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ തൊഴിൽ മന്ത്രിമാർ, ഹൈഡ്രജൻ ഊർജത്തിൻ്റെ ഭാവി എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ ഉൾപ്പെടെയുള്ള ഉന്നതതല മന്ത്രിതല യോഗങ്ങളും ഉച്ചകോടിയിൽ നടക്കും.
WAM/അമൃത രാധാകൃഷ്ണൻ