ഇന്തോനേഷ്യൻ ഉപരാഷ്ട്രപതിയുമായി ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്ത് യുഎഇ വിദേശകാര്യ മന്ത്രി

അബുദാബി, 6 ഫെബ്രുവരി 2024 (WAM) -- മനുഷ്യ സാഹോദര്യത്തിനുള്ള സായിദ് അവാർഡ് ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഇന്തോനേഷ്യൻ ഉപരാഷ്ട്രപതി മറൂഫ് അമീനുമായി വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇന്നലെ കൂടിക്കാഴ്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്തത്തിനുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെ കേന്ദ്രീകരിച്ചായിരുന്നു ചർച്ചകൾ. സഹകരണത്തിൻ്റെ പ്രധാന മേഖലകളിൽ സാമ്പത്തിക വികസനം, വ്യാപാരം, നിക്ഷേപം, ഊർജം എന്നിവ ഉൾപ്പെടുന്നു.

ശൈഖ് അബ്ദുല്ല ഉപരാഷ്ട്രപതിയെ സ്വാഗതം ചെയ്യുകയും ഇന്തോനേഷ്യൻ ഇസ്ലാമിക് അസോസിയേഷനുകളായ നഹ്‌ദലത്തുൽ ഉലമയും മുഹമ്മദിയ്യയും സായിദ് അവാർഡിൽ വിജയിച്ചതിന്
അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. പരസ്പര ബഹുമാനത്തിലും സഹകരണം വളർത്തുന്നതിനുള്ള പങ്കിട്ട പ്രതിബദ്ധതയിലും സ്ഥാപിതമായ ശക്തമായ യുഎഇ-ഇന്തോനേഷ്യ ബന്ധത്തിന് അദ്ദേഹം അടിവരയിട്ടു.

യുഎഇ-ഇന്തോനേഷ്യ സമഗ്ര സാമ്പത്തിക പങ്കാളിത്തം ഇരു രാജ്യങ്ങളുടെയും വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി ഈ ബന്ധത്തിൽ കൂടുതൽ വികസനത്തിന് വാഗ്ദാനമായ ചക്രവാളങ്ങൾ തുറന്നിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സഹിഷ്ണുതയും മാനുഷിക മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിൽ യുഎഇയുടെ ആഗോള നേതൃത്വത്തെ ഇന്തോനേഷ്യൻ ഉപരാഷ്ട്രപതി അമീൻ അഭിനന്ദിച്ചു.

ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്‌റൂയി, സഹമന്ത്രി അഹമ്മദ് അലി അൽ സയേഗ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.


WAM/അമൃത രാധാകൃഷ്ണൻ