അബുദാബി, 7 ഫെബ്രുവരി 2024 (WAM) -- യുഎഇ ബഹിരാകാശ സഞ്ചാരികളായ യുവജനകാര്യ സഹമന്ത്രി ഡോ. സുൽത്താൻ അൽ നെയാദിയെയും, ഹസ്സ അൽ മൻസൂരിയെയും, മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെൻ്ററിന്റെ (എംബിആർസി) ഡയറക്ടർ ജനറലായ സേലം ഹുമൈദ് അൽമറിയുടെ നേതൃത്വത്തിലുള്ള ആംബിഷൻ 2 ദൗത്യ സംഘമായും ഇന്ന് വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച്ച നടത്തി.
യോഗത്തിൽ, ബഹിരാകാശയാത്രികരുടെയും എംബിആർഎസ്‌സി ടീമിൻ്റെയും നേട്ടങ്ങളെ ശൈഖ് അബ്ദുല്ല അഭിനന്ദിച്ചു, അവരുടെ ശ്രമങ്ങൾ രാജ്യത്ത് ശാസ്ത്ര നവീകരണത്തിനും സാങ്കേതിക പുരോഗതിക്കും ഗണ്യമായ സംഭാവന നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെയും രാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെയും നേതൃത്വത്തിൽ വികസനത്തിനും പുരോഗതിക്കുമുള്ള യുഎഇയുടെ കാഴ്ചപ്പാടുമായി ഈ നേട്ടങ്ങൾ യോജിക്കുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രത്തിൻ്റെ തന്ത്രപരമായ നേതൃത്വത്തെയും രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) ബഹിരാകാശയാത്രികർ നടത്തിയ വിജയകരമായ ദൗത്യത്തേയും ശൈഖ് അബ്ദുല്ല പ്രശംസിച്ചു. രാജ്യത്തെ ഭാവി തലമുറയിലെ ശാസ്ത്രജ്ഞരെയും ഗവേഷകരെയും പ്രചോദിപ്പിക്കുന്നതിൽ ബഹിരാകാശ പര്യവേഷണത്തിൻ്റെ പങ്കും യോഗം ഊന്നിപ്പറഞ്ഞു.
'സായിദ് ആംബിഷൻ ' ദൗത്യത്തിൻ്റെ വിജയവും ബഹിരാകാശ പര്യവേക്ഷണത്തിനുള്ള യുഎഇയുടെ പ്രതിബദ്ധതയും അടയാളപ്പെടുത്തുന്നതിനായി യുവജനകാര്യ സഹമന്ത്രി തൻ്റെ ദൗത്യത്തിനിടെ വഹിച്ച വിദേശകാര്യ മന്ത്രാലയത്തിൻ്റെ ലോഗോ ശൈഖ് അബ്ദുള്ളയ്ക്ക് സമ്മാനിച്ചു.
തങ്ങൾക്ക് ലഭിച്ച സ്വീകരണത്തിനും ശൈഖ് അബ്ദുല്ലയുടെ അചഞ്ചലമായ പിന്തുണക്കും നന്ദി പ്രകടിപ്പിച്ച എംബിആർഎസ്‌സി ഡയറക്ടർ ജനറൽ അൽമറി, ടീമിൻ്റെ ശ്രമങ്ങളെ കൂടുതൽ ഉയർത്തുന്നതിനും ബഹിരാകാശ ശാസ്ത്രത്തിലെ മികവും നൂതനത്വവും വളർത്തുന്നതിനും ഈ യോഗം പ്രചോദനമാണെന്നും അഭിപ്രായപ്പെട്ടു.
WAM/അമൃത രാധാകൃഷ്ണൻ