കോർപ്പറേറ്റ് നികുതി ബോധവൽക്കരണ പ്രചാരണത്തിൻ്റെ രണ്ടാം ഘട്ടം ആരംഭിച്ച് ഫെഡറൽ ടാക്സ് അതോറിറ്റി

അബുദാബി, 7 ഫെബ്രുവരി 2024 (WAM) -- യുഎഇയിലെ കോർപ്പറേറ്റ് നികുതിയെക്കുറിച്ചുള്ള ബിസിനസ് മേഖലകളുടെ അവബോധം വളർത്തുന്നതിനും നികുതിദായകർക്ക് തുടർച്ചയായ വിജ്ഞാന പിന്തുണ നൽകുന്നതിനുമായി ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്ടിഎ) ബോധവൽക്കരണ പ്രചാരണത്തിൻ്റെ രണ്ടാം ഘട്ടം ആരംഭിച്ചു.

ജൂണിൽ പ്രാബല്യത്തിൽ വന്ന കോർപ്പറേറ്റ് നികുതി നിയമം തടസ്സങ്ങളില്ലാതെ നടപ്പിലാക്കുന്നത് ഉറപ്പാക്കാൻ ലക്ഷ്യമിടുന്നതാണ് ക്യാമ്പയൻ, 2023 ജൂൺ 1നോ അതിന് ശേഷമുള്ള സാമ്പത്തിക വർഷങ്ങളിലോ ആരംഭിച്ച കമ്പനികൾക്ക് നികുതി ബാധകമാണ്.

ഈ വർഷാവസാനം വരെ നീളുന്ന ക്യാമ്പയനിൻ്റെ പുതിയ ഘട്ടത്തിൽ യുഎഇയുടെ ഏഴ് എമിറേറ്റുകളിലുടനീളമുള്ള നിരവധി പരിപാടികളും വെർച്വൽ, വ്യക്തിഗത വർക്ക്‌ഷോപ്പുകളും അവതരിപ്പിക്കുമെന്ന് എഫ്‌ടിഎ ഒരു പത്രക്കുറിപ്പിൽ വിശദീകരിച്ചു. നിയമനിർമ്മാണവും കോർപ്പറേറ്റ് നികുതി പാലിക്കുന്നതിനുള്ള ആവശ്യകതകളും നടപടിക്രമങ്ങളും പോലുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിൽ പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കും. കൂടാതെ, നികുതി വിധേയരായ വ്യക്തികൾക്ക് അവരുടെ വിവരങ്ങളിലേക്കുള്ള എളുപ്പത്തിലുള്ള പ്രവേശനം ഉറപ്പാക്കുന്നതിനും കോർപ്പറേറ്റ് നികുതി നിയമം കാര്യക്ഷമമായും കൃത്യമായും നടപ്പിലാക്കുന്നതിന് ബിസിനസ് സമൂഹത്തെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.

അബുദാബിയിൽ നടന്ന ബോധവത്കരണ ക്യാമ്പയനിൻ്റെ രണ്ടാം ഘട്ടത്തിലെ ആദ്യ ശിൽപശാല എഫ്ടിഎ ഡയറക്ടർ ജനറൽ ഖാലിദ് അലി അൽ ബുസ്താനി ഉദ്ഘാടനം ചെയ്തു. ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എസ്എംഇ) മേഖലയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ശിൽപശാല 'ചെറുകിട ബിസിനസ് ബാധ്യതകളും കോർപ്പറേറ്റ് നികുതി നിയമത്തിന് കീഴിലുള്ള ആശ്വാസവും' എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

അബുദാബി ധനകാര്യ വകുപ്പ്, അബുദാബി സാമ്പത്തിക വികസന വകുപ്പ്, ഖലീഫ ഫണ്ട് ഫോർ എൻ്റർപ്രൈസ് ഡെവലപ്‌മെൻ്റ്, എമിറേറ്റ്‌സ് എൻ്റർപ്രണർഷിപ്പ് അസോസിയേഷൻ, അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി എന്നിവയുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ഇതുവരെ 265ലധികം ചെറുകിട ഇടത്തരം സ്ഥാപനങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്.

യുഎഇ കോർപ്പറേറ്റ് നികുതി ഫലപ്രദമായി നടപ്പിലാക്കാനായി എഫ്‌ടിഎ സ്വീകരിച്ച സംയോജിത തന്ത്രത്തിൻ്റെ ഭാഗമാണ് ബോധവൽക്കരണ കാമ്പയിൻ്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നതെന്ന് അൽ ബുസ്താനി സ്ഥിരീകരിച്ചു. സ്റ്റാർട്ടപ്പുകളെയും ചെറുകിട ബിസിനസുകളെയും പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനായി അടിസ്ഥാന നിരക്ക് 9 ശതമാനവും, 375,000 ദിർഹം വരെയുള്ള നികുതി ചുമത്താവുന്ന ലാഭത്തിന് 0 ശതമാനം നിരക്കുമാണ് നിശ്ചയിച്ചിട്ടുള്ളത്.

“നികുതിദായകരെ അവരുടെ നികുതി ബാധ്യതകൾ നിറവേറ്റുന്നതിൽ പിന്തുണയ്ക്കാൻ എഫ്ടിഎ പ്രതിജ്ഞാബദ്ധമാണ്. ആഗോളതലത്തിൽ മികച്ച രീതികൾ പിന്തുടരുന്ന നടപടിക്രമവും നിയമനിർമ്മാണ ചട്ടക്കൂടും സൃഷ്ടിച്ചുകൊണ്ട് നികുതിദായകർക്കിടയിൽ സ്വമേധയാ സ്വയം പാലിക്കൽ പ്രോത്സാഹിപ്പിക്കാനാണ് എഫ്ടിഎ ശ്രമിക്കുന്നത്. വ്യക്തവും ലളിതവും വേഗത്തിലുള്ളതുമായ ഇടപാടുകളും നടപടിക്രമങ്ങളുമുള്ള ഡിജിറ്റൽ ടാക്സ് സേവനങ്ങൾക്കായി കോർപ്പറേറ്റ് ടാക്സ് രജിസ്ട്രേഷൻ ഇപ്പോൾ ഇമാര പ്ലാറ്റ്ഫോം വഴി ലഭ്യമാണ്," തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ അൽ ബുസ്താനി പറഞ്ഞു.

എഫ്‌ടിഎ വെബ്‌സൈറ്റിൽ ലഭ്യമായ വിവിധ ഗൈഡുകൾ, പ്രോഗ്രാമുകൾ, വിശദീകരണ വീഡിയോകൾ എന്നിവയുടെ പ്രകാശനം ഉൾപ്പെടുന്ന വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങളുമായി കോർപ്പറേറ്റ് ടാക്സ് രജിസ്ട്രേഷൻ്റെ ഉദ്ഘാടനവും സമ്മേളിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. കോർപ്പറേറ്റ് ടാക്‌സിന് വിധേയമായി നികുതിദായകരെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളും അതിനനുസരിച്ചുള്ള കംപ്ലയൻസ് മെക്കാനിസങ്ങളും സംബന്ധിച്ച നിയമനിർമ്മാണവും നിയന്ത്രണപരമായ വശങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള വീക്ഷണം ഇവ നൽകുന്നു. നികുതിദായകരെ അവരുടെ അവകാശങ്ങളും ചുമതലകളും, നികുതി കണക്കുകൂട്ടൽ സംവിധാനങ്ങൾ, എക്സിക്യൂട്ടീവ് നടപടിക്രമങ്ങൾ, കോർപ്പറേറ്റ് നികുതിയുമായി ബന്ധപ്പെട്ട നിയമപരമായ ബാധ്യതകൾ എന്നിവ അറിയാൻ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം.

കോർപ്പറേറ്റ് നികുതി അവതരിപ്പിക്കുന്നതിനായി കഴിഞ്ഞ വർഷം ആരംഭിച്ച എഫ്ടിഎയുടെ സമഗ്ര ബോധവൽക്കരണ ക്യാമ്പയൻ നല്ല ഫലങ്ങൾ നൽകിയതായി അൽ ബുസ്താനി ഊന്നിപ്പറഞ്ഞു. ക്യാമ്പയൻ എഫ്‌ടിഎയും നികുതിദായകരും തമ്മിലുള്ള നേരിട്ടുള്ള ബന്ധവും ഇടപഴകലും മെച്ചപ്പെടുത്തി. ഇതിന് കോർപ്പറേറ്റ് മേഖലകളിൽ നിന്ന് ശ്രദ്ധേയമായ ജനപങ്കാളിത്തവും പ്രതികരണവും ഉണ്ടായിരുന്നു.

പ്രസക്തമായ എല്ലാ നികുതിദായകർക്കും പങ്കാളികൾക്കും തുടർച്ചയായ വിജ്ഞാന പിന്തുണ നൽകുന്നതിലൂടെ കാമ്പെയ്ൻ്റെ രണ്ടാം ഘട്ടം മികച്ച ഫലങ്ങൾ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിൻ്റെ സാമ്പത്തിക മേഖലയുടെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന എസ്എംഇകളിൽ പ്രവർത്തിക്കുന്ന പങ്കാളികൾക്കായി ശിൽപശാലകൾ നടത്തും. തന്ത്രപരമായ പ്രാധാന്യം കാരണം, മറ്റ് മേഖലകളുമായുള്ള തുടർച്ചയായ ആശയവിനിമയത്തിന് പുറമേ, എസ്എംഇകൾക്കായി നിരവധി ഇൻഡക്ഷൻ സെഷനുകൾ അനുവദിച്ചുകൊണ്ട് എഫ്ടിഎ ഈ മേഖലയെ മുൻഗണനയായി കണക്കാക്കുന്നു.

ബോധവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഈ നടപടികൾ ഈ സുപ്രധാന മേഖലയെ പിന്തുണയ്ക്കുന്നതിനുള്ള എഫ്ടിഎയുടെ ശ്രമങ്ങളെ പൂർത്തീകരിക്കുന്നു, അൽ ബുസ്താനി കൂട്ടിച്ചേർത്തു. അതനുസരിച്ച്, എസ്എംഇ മേഖലയിൽ ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനും നികുതി പാലിക്കുന്നതിനും അവർക്ക് ഒരു കൂട്ടം ഇഷ്‌ടാനുസൃത സേവനങ്ങളും പ്രോത്സാഹനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന മുവാഫഖ് പാക്കേജ് സംരംഭം എഫ്ടിഎ ആരംഭിച്ചു. ലോകത്തിലെ ഏറ്റവും മികച്ച സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഞങ്ങളുടെ പരിവർത്തന പദ്ധതികളുടെ ഭാഗമാണിത്, നികുതി പാലിക്കൽ സുഗമമാക്കുന്നതിന് എസ്എംഇകൾക്ക് നൂതനമായ നികുതി പരിഹാരങ്ങളും കൂടാതെ ഈ മേഖലയെ ശാക്തീകരിക്കുന്നതിന് എസ്എംഇ മേഖലയ്ക്ക് അനുയോജ്യമായ നികുതി നടപടിക്രമങ്ങളെക്കുറിച്ചുള്ള വിദ്യാഭ്യാസ സാമഗ്രികളും മുവാഫഖ് പാക്കേജ് വാഗ്ദാനം ചെയ്യുന്നു. ദേശീയ സമ്പദ്‌വ്യവസ്ഥയുടെ പ്രേരകശക്തിയാകാനും സംരംഭകത്വവും നവീകരണവും പ്രോത്സാഹിപ്പിക്കാനും ഇത് സഹായകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ശിൽപശാലയിൽ, ചെറുകിട വ്യവസായങ്ങൾക്ക് അനുവദിച്ചിട്ടുള്ള ബാധ്യതകളും സൗകര്യങ്ങളും
കോർപ്പറേറ്റ് നികുതി നിയമം ഹൈലൈറ്റ് ചെയ്തു, എഫ്ടിഎയുടെ പ്രതിനിധികൾ കോർപ്പറേറ്റ് നികുതി നിയമത്തെക്കുറിച്ചും ബന്ധപ്പെട്ട തീരുമാനങ്ങളെക്കുറിച്ചും, പാലിക്കുന്നതിനുള്ള നിയമപരമായ ആവശ്യകതകളെക്കുറിച്ചും, നികുതി വിധേയരായ വ്യക്തികളെയും നികുതി വിധേയമായ വരുമാനത്തെയും നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ, ബാധകമായ നികുതി നിരക്കുകളും നികുതി കാലയളവുകളും വ്യക്തമാക്കുന്ന സമഗ്രമായ വിശദീകരണം നൽകി. മാത്രവുമല്ല, ചെറുകിട ബിസിനസ്സുകൾക്ക് നൽകുന്ന ആശ്വാസത്തെക്കുറിച്ചും ചെറുകിട ബിസിനസ്സ് റിലീഫിന് അർഹരായവർക്ക് കോർപ്പറേറ്റ് നികുതി നിയമത്തിലെ വ്യവസ്ഥകൾ എങ്ങനെ ബാധകമാക്കാമെന്നും എഫ്ടിഎ വിദഗ്ധർ വിശദീകരിച്ചു.

കോർപ്പറേറ്റ് നികുതി പാലിക്കുന്നതിൻ്റെ ഭാരവും ചെലവും കുറയ്ക്കുന്നതിലൂടെ സ്റ്റാർട്ടപ്പുകളേയും മറ്റ് ചെറുകിട അല്ലെങ്കിൽ മൈക്രോ ബിസിനസുകളെയും പിന്തുണയ്ക്കാനാണ് ഈ ഇളവ് ഉദ്ദേശിക്കുന്നതെന്ന് എഫ്ടിഎ പ്രതിനിധികൾ സ്ഥിരീകരിച്ചു. ചെറുകിട ബിസിനസ്സ് റിലീഫ് പദ്ധതിക്ക് കീഴിലുള്ള നികുതിദായകനായ വ്യക്തിക്ക് തിരഞ്ഞെടുക്കാനുള്ള വരുമാന പരിധിയും വ്യവസ്ഥകളും എഫ്ടിഎ പ്രതിനിധികൾ വിശദീകരിച്ചു.

WAM/അമൃത രാധാകൃഷ്ണൻ