അബുദാബി, 7 ഫെബ്രുവരി 2024 (WAM) -- ഊർജ കാര്യക്ഷമത, സുസ്ഥിരത, എന്നിവ വർധിപ്പിക്കുന്നതിൽ യുഎഇ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ശക്തമായ അടിത്തറയും അടിസ്ഥാന ചാലകവുമാണ് നവീകരണം എന്ന് ഊർജ വകുപ്പ് ചെയർമാൻ അവൈദ മുർഷെദ് അൽ മാരാർ ഊന്നിപ്പറഞ്ഞു.
" വിവിധ പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായുള്ള ഫലപ്രദവും ക്രിയാത്മകവുമായ സഹകരണത്തിലൂടെ, നവീകരണത്തെ അതിൻ്റെ സമീപനമായി സ്വീകരിക്കുന്ന ഒരു സംയോജിത ഊർജ്ജ പരിവർത്തന സംവിധാനം സ്ഥാപിക്കുന്നതിൽ ഞങ്ങൾ വിജയിച്ചു," യുഎഇ ഇന്നൊവേഷൻ മാസം 2024 ആയി ആചരിക്കുന്നതുമായി ബന്ധപ്പെട്ട ഒരു പ്രസ്താവനയിൽ അൽ മാരാർ പറഞ്ഞു.
വെല്ലുവിളികളെ നേരിടാനും അവയെ വളർച്ചയ്ക്കും നല്ല മാറ്റത്തിനുമുള്ള വേറിട്ട അവസരങ്ങളാക്കി മാറ്റുന്നതിനും അത്യാധുനിക നൂതന സാങ്കേതികവിദ്യകൾ സ്വീകരിച്ച് നൂതനമായ പരിഹാരങ്ങൾ നൽകുന്നതിനുമുള്ള ഒരു പ്രമുഖ പ്ലാറ്റ്ഫോമായി യുഎഇ ഇന്നൊവേഷൻ മാസം പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
"കൂടാതെ, കാലാവസ്ഥാ നിഷ്പക്ഷത കൈവരിക്കുന്നതിനുള്ള ഞങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജ മേഖലയിൽ നൂതനമായ പരിഹാരങ്ങൾ നൽകുന്നതിനും സ്വീകരിക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത വളരെ പ്രധാനമാണ്," അദ്ദേഹം അഭിപ്രായപ്പെട്ടു.
"ഊർജ മേഖലയിൽ, യുവതലമുറയെ ശാക്തീകരിക്കാനും അവരുടെ ക്രിയാത്മകവും, നൂതനവുമായ
ആശയങ്ങൾ ഉൾക്കൊള്ളാനുമാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ഈ മേഖലയ്ക്ക് മികച്ച ഭാവി സംഭാവന ചെയ്യുന്നത്തിലും, നമ്മുടെ രാജ്യത്തിന് കൂടുതൽ അഭിവൃദ്ധി കൈവരിക്കുന്നതിനും ഇത് സംഭാവന ചെയ്യുന്നു," സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാന സ്തംഭമായതിനാൽ യുവാക്കളിൽ നിക്ഷേപം നടത്തേണ്ടതിൻ്റെയും അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിൻ്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ് അൽ മാരാർ വ്യക്തമാക്കി.
വൈവിധ്യമാർന്ന ഊർജ മേഖലകളിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ആശയങ്ങളും പങ്കുവെച്ചുകൊണ്ട് യുഎഇ ഇന്നൊവേഷൻ മാസത്തിൽ പങ്കാളികളാവുന്നതിൽ രാജ്യത്തിനകത്ത് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള മേഖലകൾ തമ്മിലുള്ള സഹകരണത്തെ അദ്ദേഹം പ്രശംസിച്ചു.
WAM/അമൃത രാധാകൃഷ്ണൻ