പുനരുപയോഗ ഊർജം, എഐ എന്നിവയിലെ വൈദഗ്ധ്യം പ്രദർശിപ്പിച്ച് ഡബ്ല്യൂജിഎസ് 2024-ൽ ഫ്രാൻസ്

പാരീസ്, 12 ഫെബ്രുവരി 2024 (WAM) --ആഗോള തലത്തിൽ ഉദ്യോഗസ്ഥരേയും, തീരുമാനങ്ങൾ എടുക്കുന്നവരേയും, നേതാക്കളെയും, വിവിധ മേഖലകളിലെ വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവരുന്ന വേൾഡ് ഗവൺമെൻ്റ് ഉച്ചകോടി (WGS) 2024-ൽ വ്യാപാരം, വ്യവസായം, നിക്ഷേപം, സാമ്പത്തികശാസ്ത്രം, പുനരുപയോഗ ഊർജം, എഐ തുടങ്ങിയ മേഖലകളിലെ തങ്ങളുടെ വൈദഗ്ധ്യം പ്രദർശിപ്പിച്ച് ഉച്ചകോടിയിലെ പ്രധാന പങ്കാളിയാവുക്കയാണ് ഫ്രാൻസ്.

ഉച്ചകോടിയിലെ ചർച്ചകൾക്കിടയിൽ, വിവിധ മേഖലകളിലെ വൈവിധ്യമാർന്ന അനുഭവങ്ങൾ വെളിച്ചത്തുകൊണ്ടുവരാൻ രാജ്യം ലക്ഷ്യമിടുന്നു. സ്വകാര്യമേഖലയെ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള സാമ്പത്തിക നയങ്ങൾ അവതരിപ്പിക്കുന്നതിലാണ് ഫ്രാൻസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിക്ഷേപം ആകർഷിക്കുന്നതിനും സംരംഭകത്വ ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അതിൻ്റെ പ്രോത്സാഹനങ്ങളും നിയന്ത്രണ ചട്ടക്കൂടുകളും, അവസരങ്ങളും എടുത്തുകാണിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.

2035 ഓടെ പുനരുപയോഗ ഊർജ ഉൽപ്പാദനം ഇരട്ടിയാക്കുക, 2050 ഓടെ സൗരോർജ്ജത്തിലും കാറ്റ് ഊർജ്ജത്തിലും കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുക എന്നിങ്ങനെയുള്ള അഭിലാഷ ലക്ഷ്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ഫ്രാൻസ് ഉയർത്തിക്കാട്ടുന്ന പ്രധാന പ്രമേയങ്ങൾ.

കഴിഞ്ഞ വർഷത്തെ 63.5 ജിഗാവാട്ടിനെ അപേക്ഷിച്ച് 2035 ഓടെ പുനരുപയോഗിക്കാവുന്ന വൈദ്യുതി ഉൽപ്പാദനം 140-നും 175-നും ഇടയിൽ വർധിപ്പിക്കാൻ സോളാർ, കാറ്റ്, ജലവൈദ്യുത പദ്ധതികൾക്കായി ഫ്രഞ്ച് സർക്കാർ ലേലം നടത്തുന്നു. കൂടാതെ, ബയോഗ്യാസ്, സിന്തറ്റിക് ഇന്ധനം, ഹൈഡ്രജൻ എന്നിവയുടെ ഉപയോഗം വർദ്ധിപ്പിക്കാൻ രാജ്യം ശ്രമിക്കുന്നുണ്ട്.

വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകളുടെ എണ്ണം വർധിപ്പിക്കാനും വീടുകൾ കൂടുതൽ ഊർജക്ഷമതയുള്ളതുമാക്കാൻ രാജ്യം പദ്ധതിയിടുന്നു. മൊത്തം 50.5 ജിഗാവാട്ട് എന്ന തോതിൽ ഗണ്യമായ അളവിൽ പുനരുപയോഗ ഊർജം ഉത്പാദിപ്പിച്ച്, ജർമ്മനിക്കും ഇറ്റലിക്കും ശേഷം യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഫ്രാൻസ്.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെക്കുറിച്ചുള്ള ഉച്ചകോടിയുടെ ചർച്ചയിൽ, എഐ മോഡലുകൾ നവീകരിക്കുന്നതിൽ യൂറോപ്യൻ നേതാവെന്ന നിലയിൽ ഫ്രാൻസ് ഈ മേഖലയിലെ അനുഭവങ്ങൾ അവതരിപ്പിക്കുന്നു, നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ മേഖലയെ നിയന്ത്രിക്കുന്നതിനും സർക്കാർ പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നു.

കൂടാതെ, ദുബായിൽ നടക്കുന്ന ലോക ഗവൺമെൻ്റ് ഉച്ചകോടിയിൽ സെക്രട്ടറി ജനറൽ പങ്കെടുക്കുന്ന ഗ്രൂപ്പ് ഓഫ് സെവൻ (ജി7), ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെൻ്റ് (ഒഇസിഡി) എന്നിവയിലൂടെ ഇത് നേടാമെന്ന പ്രതീക്ഷയിൽ എഐയിൽ ഒരു ആഗോള ചട്ടക്കൂട് സ്ഥാപിക്കാനും പാരീസ് ലക്ഷ്യമിടുന്നു.

WAM/അമൃത രാധാകൃഷ്ണൻ