സാങ്കേതികവിദ്യാ പുരോഗതിക്ക് അനുസൃതമായ മാറ്റങ്ങൾ സർക്കാരുകൾ സ്വീകരിക്കണം: സിംബാബ്‌വെ രാഷ്‌ട്രപതി

ദുബായ്, 2024 ഫെബ്രുവരി 13, (WAM) – സർക്കാരുകളിലുടനീളം സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യം സിംബാബ്‌വേ രാഷ്‌ട്രപതി എമേഴ്‌സൺ മംഗഗ്വ ഊന്നിപ്പറഞ്ഞു.

“സാങ്കേതികവിദ്യ സ്വീകരിക്കുകയല്ലാതെ നമുക്ക് മറ്റ് മാർഗമില്ല. ഓരോ രാജ്യത്തിൻ്റെയും മുന്നോട്ടുള്ള വഴി ഇതാണ്, സിംബാബ്‌വെയ്ക്ക് ഇതിൽ നിന്ന് മുഖം തിരിക്കാനാവില്ല. സാങ്കേതികവിദ്യയും ആധുനിക ആശയവിനിമയ രീതിയും കാര്യങ്ങൾ ചെയ്യാനുള്ള ആധുനിക രീതിയും നാം സ്വീകരിക്കണം. സാങ്കേതികവിദ്യ കുതിക്കുകയാണ്, നിങ്ങൾക്ക് പിന്നിൽ നിൽക്കാനാവില്ല. നിങ്ങൾ അത് സ്വീകരിക്കണം.” 2024-ലെ വേൾഡ് ഗവൺമെൻ്റ് ഉച്ചകോടിയുടെ (ഡബ്ല്യുജിഎസ്) രണ്ടാം ദിനത്തിൽ എമിറേറ്റ്‌സ് ന്യൂസ് ഏജൻസിക്ക് (ഡബ്ല്യുഎഎം) നൽകിയ പ്രസ്താവനയിൽ രാഷ്‌ട്രപതി മംഗഗ്വ പറഞ്ഞു.

ആധുനികവും പുരോഗമനപരവുമായ ഭരണത്തിൻ്റെ ഉയർന്ന തലങ്ങൾ വളർത്തിയെടുക്കുന്നതിന് വിവിധ ഗവൺമെൻ്റുകൾക്ക് അവരുടെ രാജ്യങ്ങളിലെ ഭരണ ഘടനകളെ വിലയിരുത്താനും ശ്രമിക്കാനും കഴിയുന്ന അവസരമാണ് ഡബ്ല്യുജിഎസ് എന്ന് അദ്ദേഹം വിശദീകരിച്ചു.

തൻ്റെ രാജ്യവും യുഎഇയും തമ്മിലുള്ള ബന്ധത്തെ മികച്ചത് എന്ന് വിശേഷിപ്പിച്ച സിംബാബ്‌വേ രാഷ്‌ട്രപതി, അവയെ കൂടുതൽ സമഗ്രമാക്കാനുള്ള ഇരു രാജ്യങ്ങളുടെയും താൽപ്പര്യവും ചൂണ്ടിക്കാട്ടി.


WAM/അമൃത രാധാകൃഷ്ണൻ