ദുബായ്, 14 ഫെബ്രുവരി 2024 (WAM) -- യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ലോക ഗവൺമെൻ്റ് ഉച്ചകോടി (ഡബ്ല്യൂജിഎസ്) 2024ൽ പങ്കെടുക്കാനെത്തിയ മാലിദ്വീപ് രാഷ്‌ട്രപതി ഡോ. മുഹമ്മദ് മുയിസുവുമായി കൂടിക്കാഴ്ച നടത്തി.
ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ സാന്നിധ്യത്തിലായിരുന്നു യോഗം.
കൂടിക്കാഴ്ചയിൽ, ശൈഖ് മുഹമ്മദ് ബിൻ റാഷിദും മാലിദ്വീപ് രാഷ്ട്രപതിയും ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്യുകയും പൊതു താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ ആരായുകയും ചെയ്തു.
ലോക ഗവൺമെൻ്റ് ഉച്ചകോടിയിൽ മാലിദ്വീപിൻ്റെ പങ്കാളിത്തത്തിൻ്റെ പ്രാധാന്യവും വിവിധ സാമ്പത്തിക, രാഷ്ട്രീയ മേഖലകളിൽ യുഎഇയും മാലിദ്വീപും തമ്മിലുള്ള അടുത്ത ബന്ധം വളർത്തിയെടുക്കുന്നതിൽ അതിൻ്റെ പങ്കും യോഗം എടുത്തുപറഞ്ഞു. കൂടാതെ, ഉച്ചകോടിയിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളുടെ പ്രാധാന്യം ഇത് അടിവരയിടുകയും മാനവികത നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് നൂതനമായ പരിഹാരങ്ങൾ വികസിപ്പിക്കാൻ ലോകമെമ്പാടുമുള്ള ഗവൺമെൻ്റുകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു ആഗോള പ്ലാറ്റ്ഫോം എന്ന നിലയിൽ പരിപാടിയുടെ പങ്ക് ഊന്നിപ്പറയുകയും ചെയ്തു.
മഡഗാസ്കർ, മൗറീഷ്യസ്, സീഷെൽസ് എന്നീ രാജ്യങ്ങളുടെ രാഷ്‌ട്രപതിമാർക്കൊപ്പം ഡബ്ല്യൂജിഎസ് 2024-ൻ്റെ രണ്ടാം ദിവസം മാലിദ്വീപ് രാഷ്‌ട്രപതി മുഖ്യപ്രഭാഷണം നടത്തി.
'ഭാവി സർക്കാരുകളെ രൂപപ്പെടുത്തുക' എന്ന പ്രമേയത്തിൽ ഫെബ്രുവരി 14 വരെ ദുബായിലാണ് ഡബ്ല്യുജിഎസ് 2024 നടക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ ആഗോള പരിപാടിയിൽ 25 ലധികം രാഷ്ട്രത്തലവന്മാർ, 85 ലധികം അന്താരാഷ്ട്ര, പ്രാദേശിക സംഘടനകൾ, ആഗോള സ്ഥാപനങ്ങൾ, 140 ഗവൺമെൻ്റുകൾ, വിശിഷ്ട ആഗോള ചിന്താ നേതാക്കളെയും വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവന്നു.
110-ലധികം ഡയലോഗുകളിലും സെഷനുകളിലും 200-ലധികം പ്രമുഖ പ്രഭാഷകർ ഭാവിയിലെ ആഗോള പ്രവണതകളെ അഭിസംബോധന ചെയ്യും. ഡബ്ല്യൂജിഎസ് 2024-ൽ 4,000-ലധികം പേർ പങ്കെടുക്കുന്നു, കൂടാതെ 300-ലധികം മന്ത്രിമാർ പങ്കെടുക്കുന്ന 23-ലധികം മന്ത്രിതല യോഗങ്ങളും എക്സിക്യൂട്ടീവ് സെഷനുകളും സംഘടിപ്പിക്കും.
WAM/അമൃത രാധാകൃഷ്ണൻ