ദുബായ്, 14 ഫെബ്രുവരി 2024 (WAM) -- ദുബായിൽ എയർ ടാക്‌സി സേവനങ്ങൾ നിർമ്മിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള കമ്പനിയുടെ പ്രതിജ്ഞാബദ്ധത ജോബി ഏവിയേഷൻ്റെ സ്ഥാപകനും സിഇഒയുമായ ജോബെൻ ബെവിർട്ട്, പ്രഖ്യാപിച്ചു. നഗര ഗതാഗതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചേക്കാവുന്ന
ഈ സംവിധാനം 2026-ൽ വാണിജ്യാടിസ്ഥാനത്തിൽ ലോഞ്ച് ചെയ്യാനാണ് ഈ നീക്കം.
ഈ നൂതന സേവനം അവതരിപ്പിക്കുന്നതിനായി ജോബി ഏവിയേഷൻ ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി (ആർടിഎ) കരാർ ഒപ്പിട്ടതായി വേൾഡ് ഗവൺമെൻ്റ് സമ്മിറ്റിൽ (ഡബ്ല്യുജിഎസ്) എമിറേറ്റ്‌സ് ന്യൂസ് ഏജൻസിക്ക് (ഡബ്ല്യുഎഎം) നൽകിയ പ്രസ്താവനയിൽ ബെവിർട്ട് വെളിപ്പെടുത്തി. എയർ ടാക്‌സിയുടെ പരീക്ഷണാർത്ഥമുള്ള പ്രവർത്തനങ്ങൾ 2025-ൽ ആരംഭിക്കും.
നിയുക്ത പ്രവർത്തന റൂട്ടുകളും തന്ത്രപരമായ പങ്കാളിത്തത്താൽ ശക്തിപ്പെടുത്തിയ ആസൂത്രിത അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടെ വിജയകരമായ വിക്ഷേപണത്തിന് ആവശ്യമായ ഘടകങ്ങൾ ഈ കരാർ ഉൾക്കൊള്ളുന്നു.
ജോബിയുടെ വിമാനത്തിന് മണിക്കൂറിൽ 200 മൈൽ വരെ വേഗതയിൽ ഒരു പൈലറ്റിനെയും നാല് യാത്രക്കാരെയും വഹിക്കാൻ കഴിയുമെന്ന് ബെവിർട്ട് എടുത്തുപറഞ്ഞു. ഇത് കാറിൽ 45 മിനിറ്റ് യാത്രയെ അപേക്ഷിച്ച് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പാം ജുമൈറയിലേക്കുള്ള യാത്രാ സമയം 10 മിനിറ്റായി കുറയ്ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടക്കത്തിൽ ദുബായിൽ ശ്രദ്ധ കേന്ദ്രീകരിച്ച ജോബി ഏവിയേഷൻ യുഎഇയുടെ മറ്റ് എമിറേറ്റുകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നു.
കാറുകളും മെട്രോയും പോലുള്ള ആധുനിക ഗതാഗത സംവിധാനങ്ങളുടെ ലഭ്യതയെ ഉദ്ധരിച്ച് ദുബായുടെ ഗതാഗത മേഖലയുടെ പുരോഗതിയെ ബെവിർട്ട് അഭിനന്ദിച്ചു.
ജോബി ഏവിയേഷൻ എസ് 4 നാല് യാത്രക്കാരേയും പൈലറ്റിനെയും ഉൾക്കൊള്ളാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ആറ് പ്രൊപ്പല്ലറുകളും നാല് ബാറ്ററി പാക്കുകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു, ഇത് പരമാവധി 161 കിലോമീറ്റർ ദൂരം പിന്നിടാൻ പ്രാപ്തമാക്കുന്നു. മണിക്കൂറിൽ 321 കിലോമീറ്റർ വരെ വേഗതയുള്ള ഈ ഏരിയൽ ടാക്സിക്ക് ഹെലികോപ്റ്ററുകളേക്കാൾ ശബ്ദം കുറവാണ്. ഇതിൻ്റെ ലംബമായ ടേക്ക്-ഓഫും ലാൻഡിംഗ് ശേഷിയും നഗര പരിതസ്ഥിതികൾക്ക് ഇത് കാര്യക്ഷമമാക്കുന്നു.
WAM/അമൃത രാധാകൃഷ്ണൻ