മനുഷ്യപുരോഗതിക്കായി മിഡിൽ ഈസ്റ്റേൺ നഗരങ്ങൾ വഹിച്ച പങ്കിനെക്കുറിച്ച് നടന്ന പ്രഭാഷണത്തിൽ ഹംദാൻ ബിൻ മുഹമ്മദ് പങ്കെടുത്തു

ദുബായ്, 27 ഫെബ്രുവരി 2024 (WAM) -- മനുഷ്യപുരോഗതിക്കായി ചരിത്രത്തിലുടനീളം മിഡിൽ ഈസ്റ്റേൺ നഗരങ്ങൾ വഹിച്ച സുപ്രധാന പങ്കിനെക്കുറിച്ചുള്ള നടന്ന പ്രഭാഷണത്തിൽ ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പങ്കെടുത്തു.

സഅബീൽ മജ്‌ലിസിൽ നടന്ന പരിപാടിയിൽ ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡൻ്റ്, ദുബായ് എയർപോർട്ട്‌സ് ചെയർമാനും എമിറേറ്റ്‌സ് എയർലൈൻ ആൻഡ് ഗ്രൂപ്പിൻ്റെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂമും പങ്കെടുത്തു.

യുഎസിലെ ഓസ്റ്റിൻ കമ്മ്യൂണിറ്റി കോളേജിലെ (എ.സി.സി) ഗവൺമെൻ്റ് പ്രൊഫസർ ഡോ. റോയ് കാസഗ്രാൻഡയാണ് പ്രഭാഷണം നടത്തിയത്. നാഗരികതയുടെ പരിണാമം, നവീകരണത്തിൻ്റെ പുരോഗതി, വാണിജ്യത്തിൻ്റെ വളർച്ച എന്നിവയിൽ ചരിത്രത്തിലുടനീളം മിഡിൽ ഈസ്റ്റേൺ നഗരങ്ങൾ വഹിച്ച പങ്കിനെക്കുറിച്ച് ചർച്ച ശ്രദ്ധ കേന്ദ്രീകരിച്ചു. കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളായി ലോകത്തിൻ്റെ പരിണാമം രൂപപ്പെടുത്തുന്നതിൽ ഈ മേഖലയിലെ നഗരങ്ങളുടെ സ്വാധീനം, നവീകരണവും ആശയങ്ങളും രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഡോ. കാസഗ്രാൻഡ അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസം, നവീകരണം, പ്രതിഭകളെ പരിപോഷിപ്പിക്കൽ എന്നിവയുൾപ്പെടെയുള്ള മനുഷ്യവികസനത്തെ നയിക്കുന്നതിൽ മിഡിൽ ഈസ്റ്റേൺ നഗരങ്ങൾ തങ്ങളുടെ പങ്ക് വീണ്ടെടുക്കുന്നതിനുള്ള പ്രധാന ഘടകങ്ങളെ ഡോ. കാസഗ്രാൻഡ എടുത്തുകാണിച്ചു.

ക്രിയാത്മകമായ പ്രശ്‌നപരിഹാരത്തിൻ്റെ പ്രാധാന്യവും സാമൂഹിക പുരോഗതിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ സർക്കാരിൻ്റെ പങ്കും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഗവൺമെൻ്റ്, സ്വകാര്യ മേഖല, സമൂഹം എന്നിവ തമ്മിലുള്ള സഹകരിച്ചുള്ള ശ്രമങ്ങളിലൂടെ പുതിയ ആശയങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന പ്രവർത്തനത്തിലുള്ള ഈ തത്വങ്ങളുടെ ഒരു പ്രധാന ഉദാഹരണമായി ദുബായ് അവതരിപ്പിക്കപ്പെട്ടു.

ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ വർഷത്തിലെ ഒരു ദിവസം തിരഞ്ഞെടുക്കാൻ ദുബായിലെ ജനങ്ങളെ ക്ഷണിക്കുന്ന ഒരു സംരംഭമായ 'ഡേ ഫോർ ദുബായ്' എന്ന പരിപാടിയിൽ പങ്കെടുക്കുന്ന ഒരു കൂട്ടം സന്നദ്ധപ്രവർത്തകരുമായും ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് കൂടിക്കാഴ്ച നടത്തി.

യുഎഇയിലെ വതാനി അൽ ഇമാറാത്ത് ഫൗണ്ടേഷൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ധേരാർ ബെൽഹൂൽ അൽ ഫലാസി പങ്കെടുത്ത യോഗത്തിൽ, സന്നദ്ധപ്രവർത്തകരുടെ ശ്രമങ്ങളെയും കോവിഡ്-19 മഹാമാരിയുടെ ആഘാതം ലഘൂകരിക്കുന്നതിൽ അവരുടെ പങ്ക് ഉൾപ്പെടെ അവർ നൽകിയ സംഭാവനകളെയും ശൈഖ് ഹംദാൻ പ്രശംസിച്ചു. അതുപോലെ ദുബായിൽ നടന്ന യുഎൻ കാലാവസ്ഥ സമ്മേളനം കോപ്28ൻ്റെ വിജയകരമായ സംഘാടനം. സന്നദ്ധപ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനും കമ്മ്യൂണിറ്റി പങ്കാളിത്തം വളർത്തിയതിനും ശൈഖ് ഹംദാൻ ബിൻ മുഹമ്മദിനോട് അൽ ഫലാസി നന്ദി രേഖപ്പെടുത്തി.


WAM/അമൃത രാധാകൃഷ്ണൻ