'ഗാസ ഇൻ ഔർ ഹാർട്ട്‌സ്' റമദാൻ കാമ്പയിനുമായി ദുബായ് കെയേഴ്‌സ് രംഗത്ത്

ദുബായ്, 28 ഫെബ്രുവരി 2024 (WAM) - ഐക്യരാഷ്ട്രസഭയുടെ ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്‌മെൻ്റുമായി ബന്ധപ്പെട്ടിരിക്കുന്ന സിവിൽ സൊസൈറ്റി ഓർഗനൈസേഷനായ ദുബായ് കെയേഴ്‌സ്,
ഗാസയിലെ ജനങ്ങൾക്ക് അടിയന്തര സഹായം നൽകുന്നതിനുള്ള ഫണ്ട് സമാഹരിക്കുന്നതിനായി റമദാൻ ധനസമാഹരണ കാമ്പയിനായ 'ഗാസ ഇൻ ഔവർ ഹാർട്ട്‌സ്' തുടക്കമിട്ടു. ഈ വിശുദ്ധ റമദാൻ കാലത്ത് ഗാസയിലെ ജനങ്ങൾക്ക് ആവശ്യ സാധനങ്ങൾ എത്തിക്കാൻ ലക്ഷ്യമിടുന്നതാണ് ഈ കാമ്പയിൻ.

യുഎഇയുടെ 'തറാഹും ഫോർ ഗാസ' സംരംഭത്തിൻ്റെ വിജയത്തിൻ്റെ അടിസ്ഥാനത്തിലാണ് അടിയന്തര സഹായത്തിനായുള്ള ഈ ഫണ്ട് ശേഖരണം. എല്ലാ സംഭാവനകളും ഭക്ഷണം, ഭക്ഷണ കൊട്ടകൾ, കൂടാതെ വാട്ടർപ്രൂഫ്, തീയെ പ്രതിരോധിക്കുന്ന കൂടാരങ്ങൾ തുടങ്ങിയ അടിയന്തര സഹായങ്ങൾ എത്തിക്കാൻ ഉപയോഗിക്കും. ഈ അടിയന്തര സഹായത്തിൻ്റെ കാര്യക്ഷമമായ വിതരണം ഉറപ്പാക്കാൻ, ദുബായ് കെയേഴ്‌സ് അതിൻ്റെ ദീർഘകാല പങ്കാളിയായ അനെറയുമായി (അമേരിക്കൻ നിയർ ഈസ്റ്റ് റെഫ്യൂജി എയ്ഡ്) തന്ത്രപരമായ പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ജീവൻരക്ഷാ സഹായം അടിയന്തിരമായി എത്തിക്കുന്നതിന് സഹായ ഇടനാഴികൾ തുറക്കുന്നതിന് യുഎൻ, നയതന്ത്ര, സർക്കാരിതര ഓർഗനൈസേഷൻ പങ്കാളികളുമായി അനെറ അടുത്ത് പ്രവർത്തിക്കും.

“ഗാസയിലെ യുദ്ധത്തോടുള്ള യുഎഇയുടെ പ്രതികരണം ഉടനടി ആയിരുന്നു, യുഎഇ സർക്കാർ ഉൾപ്പെടെ രാജ്യം മുഴുവൻ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി. ജീവരക്ഷാ സഹായം നൽകാനുള്ള ശ്രമങ്ങളിൽ ജീവകാരുണ്യ സംഘടനകളും ബിസിനസ്സുകളും വിശാലമായ സമൂഹവും കൈകോർക്കുന്നു.സംഘർഷം ആറാം മാസത്തിലേക്ക് കടന്നതോടെ ഭക്ഷണത്തിനും പാർപ്പിടത്തിനും ഉള്ള ലഭ്യത വളരെ കുറഞ്ഞു, കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്ന ജനങ്ങൾ വിനാശകരമായ തലത്തിലെത്തി. 'ഗാസ ഇൻ ഔർ ഹാർട്ട്‌സ്' എന്ന കാമ്പെയ്‌നിൽ, ഈ അടിയന്തിര ആവശ്യത്തോട് ഉത്തരവാദിത്തബോധത്തോടെയും ശാക്തീകരണത്തോടെയും ഐക്യപ്പെടാനും പ്രതികരിക്കാനുമുള്ള അവസരം ഞങ്ങൾ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്ക് നൽകുന്നുണ്ട്. വിശപ്പും കഷ്ടപ്പാടും ലഘൂകരിക്കുക മാത്രമല്ല, പ്രത്യാശയും പ്രതിരോധശേഷിയും അന്തസ്സും പരിപോഷിപ്പിക്കുകയും ചെയ്യുന്നു," കാമ്പെയ്‌നിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ദുബായ് കെയേഴ്‌സിൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും വൈസ് ചെയർമാനുമായ ഡോ. താരിഖ് അൽ ഗുർഗ് പറഞ്ഞു.

കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്ക് ഈ കാമ്പെയ്‌നിലേക്ക് നേരിട്ട് സംഭാവന നൽകാം:
9030, 9090, 9300, 9600, 9900 എന്നീ നമ്പറുകളിലേക്ക് എസ്എംഎസ് വഴി സംഭാവന നൽകിക്കൊണ്ട് ഇ&,ഡിയു വഴിയും ഇത്തിസലാത്ത് വഴിയും യഥാക്രമം 30, 90, 300, 600 അല്ലെങ്കിൽ 900 ദിർഹം എന്നിങ്ങനെ സംഭാവന ചെയ്യാവുന്നതാണ്.

www.dubaicares.ae എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സംഭാവനകൾ നൽകാവുന്നതാണ്.
ദുബായ് കെയേഴ്‌സ് ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമിൽ സ്വന്തം കാമ്പെയ്ൻ ആരംഭിക്കുന്നു: https://fundraising.dubaicares.ae/
ദുബായ് കെയേഴ്‌സിൻ്റെ അക്കൗണ്ടിലേക്ക് ബാങ്ക് നിക്ഷേപം വഴിയോ ദുബായ് കെയേഴ്‌സിൻ്റെ വിലാസത്തിലുള്ള ചെക്ക് മുഖേനയോ നേരിട്ടോ സംഭാവന നൽകാവുന്നതാണ്.

“ഈ വിശുദ്ധ റമദാൻ മാസത്തിൽ ആളുകൾ നിർണായക മാനുഷിക ആവശ്യങ്ങൾ നിറവേറ്റാനും ഗാസയിൽ നല്ല സ്വാധീനം ചെലുത്താനും ആഗ്രഹിക്കുന്നുവെന്ന് ഞങ്ങൾക്കറിയാം. യുഎഇയിലെ ജനങ്ങളുടെ പിന്തുണയോടെ, ദുബായ് കെയേഴ്‌സുമായുള്ള ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തത്തിലൂടെയും ഗാസയിലെ ഞങ്ങളുടെ ഗ്രൗണ്ട് ശേഷിയിലൂടെയും, എല്ലാ സംഭാവനകളും അവർക്ക് ഏറ്റവും ആവശ്യമുള്ളിടത്തേക്ക് പോകുന്നുണ്ടെന്ന് അനെറ ഉറപ്പാക്കും. ഒക്ടോബർ 7 മുതൽ, അനെറ ഗാസയിൽ ഏകദേശം 20 ദശലക്ഷത്തോളം ഭക്ഷണങ്ങൾ വിതരണം ചെയ്തു, നിങ്ങളുടെ പിന്തുണയോടെ റമദാനിൽ ഞങ്ങൾ കുറഞ്ഞത് 5 ദശലക്ഷമെങ്കിലും വിതരണം ചെയ്യും. ഞങ്ങൾ അവിടെ നിൽക്കില്ല; അടിയന്തിര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഞങ്ങൾ തുടർന്നും പ്രവർത്തിക്കുകയും ഒടുവിൽ വീണ്ടെടുക്കലിനും പുനർനിർമ്മാണത്തിനും സാക്ഷ്യം വഹിക്കുകയും ചെയ്യും," അനേറയുടെ പ്രസിഡൻ്റും സിഇഒയുമായ സീൻ സി കരോൾ പറഞ്ഞു.

WAM/അമൃത രാധാകൃഷ്ണൻ