ദുരിതാശ്വാസ സഹായം കാത്തുനിന്ന പലസ്തീനികളെ ലക്ഷ്യമിട്ട് ഇസ്രായേൽ വെടിവെയ്പ് ശക്തമായി അപലപിച്ച് യുഎഇ

അബുദാബി, 2024 ഫെബ്രുവരി 29, (WAM) -- മാനുഷിക, ദുരിതാശ്വാസ സഹായങ്ങളുടെ വരവിനായി കാത്തുന്നിന്ന ഗാസ മുനമ്പിലെ ആയിരക്കണക്കിന് പലസ്തീൻ നിവാസികളെ ലക്ഷ്യമിട്ട് ഇസ്രായേൽ അധിനിവേശ സേന നടത്തിയ വെടിവെയ്പിനെ യുഎഇ ശക്തമായി അപലപിച്ചു. ഇസ്രായേൽ നടത്തിയ വെടിവെയ്പിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് നിരപരാധികൾക്ക് പരിക്കേൽക്കുകയും ചെയ്തു.

വെടിവെയ്പ് സംബന്ധിച്ച് സ്വതന്ത്രവും സുതാര്യവുമായ അന്വേഷണത്തിനും ഉത്തരവാദികളെ ശിക്ഷിക്കുന്നതിനും ആഹ്വാനം ചെയ്ത് യുഎഇ, വിനാശകരവും അപകടകരവുമായ മാനുഷിക സാഹചര്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ, നിരപരാധികളായ സാധാരണക്കാരുടെ ജീവൻ കൂടുതൽ ദുരിതപൂർണ്ണമാക്കുന്ന ഗാസ മുനമ്പിലെ മാനുഷിക ദുരന്തത്തെക്കുറിച്ച് അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. സൈനിക അക്രമങ്ങൾ അവസാനിപ്പിക്കുന്നതിനും വെടിനിർത്തൽ നടപ്പിലാക്കുന്നതിനുമാണ് അടിയന്തര മുൻഗണനയെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.

നിരപരാധികളായ സിവിലിയൻമാരുടെ സംരക്ഷണം, അടിയന്തരവും സുരക്ഷിതവും സുസ്ഥിരവും തടസ്സമില്ലാത്തതുമായ ദുരിതാശ്വാസ, മാനുഷിക സഹായ വിതരണം എന്നിവ സുഗമമാക്കാൻ ആവശ്യപ്പെടുന്ന യുഎഇയുടെ നിലപാട് മന്ത്രാലയം ആവർത്തിച്ചു. സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ 2712, 2720 എന്നിവയുടെ സമ്പൂർണ്ണവും അടിയന്തിരവുമായ നടപ്പാക്കലിൻ്റെ പ്രാധാന്യവും മന്ത്രാലയം കൂടുതൽ ഊന്നിപ്പറഞ്ഞു.

ഗാസ മുനമ്പിലെ മാനുഷിക ദുരന്തം കൂടുതൽ സങ്കീർണ്ണമാകുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയ മന്ത്രാലയം, കൂടുതൽ അക്രമം, സംഘർഷം, അസ്ഥിരത എന്നിവ തടയുന്നതിനൊപ്പം കൂടുതൽ ജീവൻ നഷ്ടപ്പെടാതിരിക്കേണ്ടതിൻ്റെയും പ്രാധാന്യം അടിവരയിട്ടു.

സ്വതന്ത്ര പലസ്തീൻ രാഷ്ട്രം വിഭാവനം ചെയ്യുന്ന ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി സമഗ്രവും നീതിയുക്തവുമായ സമാധാനം കൈവരിക്കാനുള്ള എല്ലാ ശ്രമങ്ങളും മുന്നോട്ട് കൊണ്ടുപോകാൻ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.